1

വിഴിഞ്ഞം: കോവളം വിനോദ സഞ്ചാര തീരത്ത് മാലിന്യ തോട്. സൗന്ദര്യവത്കരണത്തിന് വർഷം തോറും കോടികൾ ചെലവഴിക്കുമ്പോഴും ഈ മാലിന്യമൊഴുക്ക് തടയാൻ നടപടിയില്ലെന്നാണ് ആക്ഷേപം.

തീരത്തിന് സമീപത്തെ തോടുകളിലെയും ഹോട്ടലുകളിലെയും മലിനജലമാണ് ഇവിടെ കെട്ടിക്കിടക്കുന്നത്. മലിനജലമാണെന്നറിയാതെ വിനോദ സഞ്ചാരികൾ ഇതിൽ ഇറങ്ങി കാൽ കഴുകാറുണ്ട്. ഈ വെള്ളം കടലിലേക്ക് ഒഴുകി പോകാറുണ്ടെങ്കിലും തീരത്തിന്റെ സൗന്ദര്യം നഷ്ടപ്പെടുത്തുകയാണ്. തീരത്തോട് ചേർന്ന പ്രദേശങ്ങളിൽ പ്ലാസ്റ്റിക്കും ഹോട്ടൽ വേസ്റ്റുകളും നിക്ഷേപിക്കുന്നത് സഞ്ചാരികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പരാതിയുണ്ട്. തീരത്തിനോട് ചേർന്ന ചെറിയ ഇടവഴികളിൽ ധാരാളം ഹോട്ടലുകളും ഹോം സ്റ്റേകളുമുണ്ട് ഇവിടെ ധാരാളം വിദേശ വിനോദ സഞ്ചാരികൾ താമസിക്കുന്നുണ്ട്. തീരത്തിന് പുറകിലെ തോടിന് വശത്തും ആളൊഴിഞ്ഞ പറമ്പിലുമൊക്കെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യ കൂമ്പാരമാണ്. ഇതു കാരണം തെരുവ് നായ്ക്കളും കൊതുകുകളും പെരുകുന്നതായി സഞ്ചാരികൾ ഉൾപ്പെടെയുള്ളവർ നിരവധി തവണ പരാതി പറഞ്ഞതായി ഹോട്ടലുടമകൾ പറയുന്നു.