വിതുര: തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക്, ചായം വാർഡുകളുടെ അതിർത്തി പ്രദേശമായ മണലയം മേഖലയിൽ അനുഭവപ്പെടുന്ന ദുർഗന്ധംമൂലം ജനജീവിതം ദുസഹമായതായി പരാതി. രണ്ടാഴ്ചയായി പ്രദേശം മുഴുവൻ ചീഞ്ഞുനാറുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ഇത് മൂലം വീട്ടിൽകിടന്നുറങ്ങുവാൻ കഴിയാത്ത സ്ഥിതിയാണ്. മാത്രമല്ല ഈച്ചയുടേയും കൊതുകിന്റെയും ശല്യവും വർദ്ധിച്ചു. വീടുകളിൽ കൂട്ടത്തോടെയാണ് ഈച്ചകൾ എത്തുന്നത്. ഭക്ഷണത്തിലും മറ്റും ഈച്ചകൾ വന്നിരിക്കുന്നതുമൂലം സാംക്രമികരോഗം പിടികൂടുവാനുള്ള സാദ്ധ്യതയും നിലനിൽക്കുന്നുണ്ട്. തൊളിക്കോട് പഞ്ചായത്തിൽ കൊവിഡ് വ്യാപനഭീഷണി നിലനിൽക്കുമ്പോഴാണ് ഇത്തരം പ്രശ്നങ്ങളും ഉടലെടുത്തിരിക്കുന്നത്. ഒരോ ദിവസം കഴിയുംതോറും ഈച്ച ശല്യം വർദ്ധിക്കുകയാണ്. മാത്രമല്ല ദിവസങ്ങൾ കഴിയുംതോറും മറ്റ് മേഖലകളിലേക്കിത് ഈച്ച ശല്യം വർദ്ധിച്ചുവരികയാണെന്ന് പേരയത്തുപാറ, കന്നുകാലിവനം നിവാസികളും പരാതിപ്പെടുന്നു.
സംബന്ധിച്ച് നാട്ടുകാർ തൊളിക്കോട് പഞ്ചായത്തിലും ആരോഗ്യവകുപ്പിലും വിതുര പൊലീസിലും പരാതിനൽകിയിരുന്നു. പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ എത്തി പരിശോധനകൾ നടത്തിയിരുന്നു. വിതുര എസ്.ഐ എസ്.എൽ. സുധീഷും ഫാമിൽ പരിശോധന നടത്തിയിരുന്നു. മേൽനടപടികൾ സ്വീകരിക്കാമെന്ന് ബന്ധപ്പെട്ടവർ ഉറപ്പ് നൽകിയെങ്കിലും ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും പ്രദേശത്ത് ദുർഗന്ധം നിമിത്തം താമസിക്കുവാൻ കഴിയാത്ത അവസ്ഥയാണ് നിലവിലെന്നുമാണ് നാട്ടുകാരുടെ പരാതി. പ്രശ്നം പരിഹരിക്കുവാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ. സുരേഷും തോട്ടുമുക്ക് വാർഡ്‌മെമ്പർ തോട്ടുമുക്ക് അൻസറും ചായം വാർഡ്മെമ്പർ ആർ. ശോഭനകുമാരിയും അറിയിച്ചു. ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുവാനുള്ള തീരുമാനത്തിലാണ് മണലയം, കന്നുകാലിവനം, പേരയത്തുപാറ നിവാസികൾ.