
അസാമാന്യ നേതൃവൈഭവമാണ് ടി. നസിറുദ്ദീന്റെ ഏറ്റവും വലിയ സവിശേഷത. ഏതു വിഷയത്തിലും ഒരു നിലപാട് സ്വീകരിച്ചാൽ പിന്നെ അതിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയുമില്ല. പല നിർണായക ഘട്ടങ്ങളിലും വളരെ പെട്ടെന്ന് തീരുമാനമെടുത്ത് അത് പ്രാവർത്തികമാക്കാൻ അദ്ദേഹം നിർദ്ദേശിക്കുമ്പോൾ സഹപ്രവർത്തകരായ ഞങ്ങൾ പകച്ചുനിന്നിട്ടുണ്ട്. ഇത് എങ്ങനെ നടപ്പിലാക്കിയെടുക്കുമെന്ന ആശങ്കയായിരുന്നു അപ്പോഴൊക്കെയും. എന്നാൽ, അദ്ദേഹത്തിന്റെ നിലപാടും തീരുമാനവുമായിരുന്നു ശരി എന്ന് കാലം തെളിയിച്ചിട്ടുണ്ട്. വ്യാപാര മേഖലയുമായി ബന്ധപ്പെട്ട, വ്യാപാരികൾ അറിഞ്ഞിരിക്കേണ്ട, എല്ലാ നിയമങ്ങളും അദ്ദേഹത്തിന് മനഃപാഠമായിരുന്നു. ഒരു വിഷയത്തിൽ അതിന്റെ നിയമവശം ആരാഞ്ഞാൽ അദ്ദേഹം പറയുന്നതായിരിക്കും ഏതു പ്രഗത്ഭ അഭിഭാഷകന്റെ അടുത്തുചെന്നാലും കേൾക്കേണ്ടി വരിക. പക്ഷേ, ഒരു വ്യത്യാസം മാത്രം. അവർക്ക് നിയമ പുസ്തകം മറിച്ചുനോക്കേണ്ടി വരും. നസിറുദ്ദീന് ഒരിക്കലും അതിന്റെ ആവശ്യമുണ്ടായിരുന്നില്ല.
2015 ആഗസ്റ്റ് ഒൻപതിന് ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ഹാളിൽ ദേശീയ വ്യാപാര സംഘടനയായ ഭാരതീയ ഉദ്യോഗ് വ്യാപാർ മണ്ഡലിന്റെ ബൃഹത്തായ ഒരു സമ്മേളനം ചേർന്നിരുന്നു. ഏകോപന സമിതിയുടെ എല്ലാ സംസ്ഥാന കൗൺസിൽ അംഗങ്ങളും ആ സമ്മേളനത്തിൽ പങ്കെടുത്തു. അപ്പോൾ ആഭ്യന്തരമന്ത്രിയായിരുന്ന രാജ്നാഥ് സിംഗാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. വ്യാപാരികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ അന്നുതന്നെ മന്ത്രി രാജ്നാഥ് സിംഗ് വിളിച്ചുചേർത്ത യോഗത്തിൽ ഏകോപനസമിതി ഭാരവാഹികളായ ടി.നസിറുദ്ദീൻ, മാരിയിൽ കൃഷ്ണൻ നായർ, ജോബി വി. ചുങ്കത്ത് എന്നിവരോടൊപ്പം ഞാനും പങ്കെടുത്തിരുന്നു. അന്നാണ് നസിറുദ്ദീൻ എന്ന നായകന്റെ ധീരമായ കാഴ്ചപ്പാടുകളും ചുവടുവയ്പുകളും അത്ഭുതത്തോടെ കണ്ടത്.
സംസ്ഥാന ജനറൽ സെക്രട്ടറിയായും പിന്നീട് ദേശീയ വ്യാപാര സംഘടനയുടെ ഉപാദ്ധ്യക്ഷനായും ഞാൻ തിരഞ്ഞെടുക്കപ്പെടാൻ ടി. നസിറുദ്ദീൻ എന്ന നേതാവ് എന്നിലർപ്പിച്ച വിശ്വാസം ഒന്നുകൊണ്ടു മാത്രമാണ്. വ്യാപാരി ക്ഷേമനിധി ബോർഡിലേക്കും ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിലേക്കും അദ്ദേഹം സംഘടനാ പ്രതിനിധിയായി എന്നെ നിർദ്ദേശിക്കുകയായിരുന്നു.
മുഖ്യമന്ത്രി ഉൾപ്പെടെ സർക്കാർ പ്രതിനിധികളുമായി വ്യാപാരികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുമ്പോഴും എന്റെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കൂടി അദ്ദേഹം മുഖവിലയ്ക്കെടുത്തു. എല്ലാ ചർച്ചകളിലും എന്നെയും പങ്കെടുപ്പിച്ചു.
വ്യാപാരി സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി പടപൊരുതിയ അദ്ദേഹം ഏവർക്കും നിർഭയരായി വ്യാപാരം ചെയ്യുന്നതിനുള്ള സാഹചര്യവും ഒരുക്കിയെടുത്തു. കേരളത്തിലെ വ്യാപാരികളുടെ ഹൃദയങ്ങളിൽ സ്ഥാനമുറപ്പിച്ച നസിറുദ്ദീന്റെ വേർപാട് വ്യാപാരി സമൂഹത്തിന് താങ്ങാനാവാത്തതാണ്. അദ്ദേഹത്തിന്റെ വിയോഗത്തോടെ വല്ലാത്ത അനാഥത്വമാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. പിതൃതുല്യനായി ഞാൻ കണ്ടിരുന്ന അദ്ദേഹത്തിന്റെ വേർപാട് വ്യക്തിപരമായും കനത്തനഷ്ടം തന്നെയാണ്.
ഒരു കാലത്ത് ചിന്നിച്ചിതറി തമ്മിലടിച്ചും പരസ്പരം മത്സരിച്ചും ഭിന്നിച്ചും നിന്നിരുന്ന വ്യാപാരിസമൂഹത്തെ ഒരുമിപ്പിച്ച് ഒരു മാലയിൽ കോർത്ത മുത്തുമണികൾ പോലെയാക്കിയതിനു പിന്നിൽ നസിറുദ്ദീന്റെ ശ്രമം കുറച്ചൊന്നുമായിരുന്നില്ല. വ്യാപാരികളുടെ അവകാശങ്ങൾ നേടിയെടുക്കാൻ ഒരു നിയോഗമെന്നോണം അവതരിച്ചതാണോ എന്നുപോലും ചില നേരങ്ങളിൽ ചിന്തിച്ചുപോയിട്ടുണ്ട്. കാരണം, ഏകോപനസമിതി എന്ന സംഘടന രൂപീകരിക്കപ്പെടുമ്പോൾ അത്രത്തോളം വിഷമം പിടിച്ചതായിരുന്നു ഈ മേഖല. എന്നാൽ ഇന്ന് സ്ഥിതിയാകെ മാറി. ഇന്ന് സ്വസ്ഥമായി, സുരക്ഷിതമായി, സ്വാതന്ത്ര്യത്തോടെ വ്യാപാരം നടത്തുന്ന ന്യൂജനറേഷൻ വ്യാപാരികൾക്ക് നെഞ്ചും വിരിച്ചിരിക്കാൻ നസിറുദ്ദീനും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചവരും അർപ്പിച്ച ത്യാഗം അവർക്കൊക്കെ അറിയുമെന്നു തോന്നുന്നില്ല.
ഇനിയൊരു നസിറുദ്ദീൻ ഉദയം ചെയ്യുന്നതു കാണാൻ എത്രനാൾ കാത്തിരിക്കേണ്ടിവരും? എത്ര കാത്തിരുന്നാലും ടി.നസിറുദ്ദീൻ എന്ന വ്യക്തിക്ക് പകരം വയ്ക്കാൻ ടി. നസിറുദ്ദീൻ മാത്രം.
(ലേഖകൻ കേരള വ്യാപാരി വ്യവസായി
ഏകോപനസമിതി സംസ്ഥാന ജനറൽ
സെക്രട്ടറിയാണ് )