
നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റിൽ പറയുന്നത് ആഗോള വിപണിക്ക് ഒരു വിഭവ അടിത്തറയായി ഇന്ത്യ മാറണം എന്നാണ്. എന്നാൽ 97.4ശതമാനം ആഗോള ശേഷിയും 97.8ശതമാനം ആഗോള വിപണിയും ഇന്ത്യയ്ക്ക് പുറത്താണ്. നാം ഇതര രാഷ്ട്രങ്ങളുടെ വികസനരീതി മനസ്സിലാക്കണം. അമേരിക്കൻ ബിസിനസിന്റെ വിജയരഹസ്യം പൂർണമായ സ്വാതന്ത്ര്യമാണ്. ചൈനയും സാമ്പത്തിക മുന്നേറ്റം നടത്തിയത് അവരുടെ അയവുള്ളതും യുക്തിസഹജവുമായ മനുഷ്യമൂലധനത്തിന്റെ അടിസ്ഥാനത്തിലാണ്. 1991ന് ശേഷം നരസിംഹറാവുവിന്റെ ഭരണകാലത്ത് നാം ഒരു പരിധിവരെ മുന്നേറിയതും റാവുവിന്റെ നയപരിപാടികളുടെ ബലത്തിൽ ആയിരുന്നു.
ശക്തമായ ഭരണസംവിധാനത്തിന് ഇന്ത്യയുടെ വിഭവശേഷിയെ സജീവമാക്കാൻ കഴിയും. ഇന്ത്യയ്ക്ക് ആവശ്യം ഒരു പുതിയ മാറ്റമാണ്. ചിന്താധരണിയിലും ആസൂത്രണ പ്രക്രിയയിലും ഉൾപ്പെടെ, ഈ മാറ്റത്തിന്റെ ഫലമായി ആഭ്യന്തര ഉത്പാദനം 10 ശതമാനത്തിൽ നിന്ന് 14 ശതമാനത്തിൽ എത്തിക്കണം.സിംഗപ്പൂരിനെയും ഹോങ്കോംഗിനെയും പോലെ തീരദേശ മേഖലയിൽ എന്തുകൊണ്ട് സോണുകൾ സ്ഥാപിക്കാൻ നമുക്ക് കഴിയുന്നില്ല? ചൈനയ്ക്ക് 500 ഇക്കണോമിക് സോൺ ഉണ്ട്.
ഇത്രയും സൂചിപ്പിക്കാൻ കാരണം രണ്ടാം ലോകമഹായുദ്ധത്തിൽ തകർന്ന് തരിപ്പണമായ ജർമ്മനിയും  ജപ്പാനും ഒരു മിനറൽ സമ്പത്തും കൽക്കരിയും ഓയിലും ഗ്യാസും ഒന്നും ഇല്ലാതെ തന്നെ ലോകത്തെ ഉയർന്ന രീതിയിലുളള സമ്പദ്ഘടന കൈവരിച്ചു. അവരുടെ ഏറ്റവും വലിയ സവിശേഷത ഏറ്റവും ഉയർന്ന ഗുണനിലവാരമുള്ള മനുഷ്യമൂലധനമാണ്. ഇതാണ് അവരുടെ വികസനത്തിന്റെ പിന്നിലെ രഹസ്യം. ഇതു തന്നെയാണ് ഏഷ്യൻ പുലികൾ എന്ന് വിശേഷിപ്പിക്കുന്ന ചൈന, തെക്കൻ കൊറിയ, തായ്വാൻ, ഹോങ്കോംഗ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേയും അവസ്ഥ.
നമ്മുടെ വികസനത്തിൽ ചില പ്രത്യേക കാര്യങ്ങൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അതിൽ പ്രധാനം പ്രാദേശിക ഭാഷകളിൽ രാജ്യത്തിന്റെ പൊതുസ്ഥിതിയെപ്പറ്റി സാധാരണ ജനത്തെ ബോദ്ധ്യപ്പെടുത്തണം എന്നതാണ്. നിർമ്മലാ സീതാരാമന്റെ കഴിഞ്ഞ മുഴുവൻ ബഡ്ജറ്റുകളിലും ഡിജിറ്റൽ ഇക്കോണമി, ഇൻക്ലൂസീവ് ഗ്രോത്ത് ,സുസ്ഥിര വികസനം എന്നൊക്കെ പറയുന്നു. ഇത് എന്താണെന്ന് ഇന്ത്യയിൽ എത്ര പേർ മനസ്സിലാക്കുന്നു? പ്രധാനമന്ത്രിയുടെ പേരിൽ നിരവധി പദ്ധതികൾ പ്രഖ്യാപിക്കുന്നു. ഈ പദ്ധതികൾ എത്രമാത്രം പ്രയോഗികമാക്കാൻ കഴിഞ്ഞു. അതിന്റെ നേട്ടവും കോട്ടവും വിലയിരുത്തിയാണോ ബഡ്ജറ്റ് തയ്യാറാക്കുന്നത്.
കേന്ദ്രത്തിന്റെ കടബാദ്ധ്യത റോക്കറ്റ് വേഗതയിൽ പോകുന്നു. നികുതി നയത്തിൽ കാര്യമായ പരിഷ്കരണം ബഡ്ജറ്റിൽ കാണുന്നില്ല. ഒരു ഭാഗത്ത് അസമത്വം ലഘൂകരിക്കുമെന്ന് പ്രഖ്യാപിക്കുക, ഇൻക്ലൂസീവ് ഗ്രോത്ത് ആണ് ലക്ഷ്യമെന്ന് പൊതുജനത്തോട് പറയുക, അതിനോടൊപ്പം വൻകിട കോർപ്പറേറ്റുകളെ താലോലിക്കുന്ന നയസമീപനം തുടരുകയും ചെയ്യുക. സാധാരണക്കാരന് ഗ്യാസ് നൽകി, കക്കൂസ് നൽകി. കൃഷിക്കാരന് ഭിക്ഷ കൊടുക്കുന്ന മാതിരി, ചെറിയ സഹായം സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളെ പരിപോഷിപ്പിക്കും അതുവഴി തൊഴിൽ ജനറേറ്റ് ചെയ്യും എന്ന് പറയുക. പിന്നാക്കം നിൽക്കുന്ന ഗ്രാമങ്ങളിൽ ജനത്തിന് ആവശ്യമുളള പശ്ചാത്തല സൗകര്യം ഉൾപ്പെടെ നൽകുമെന്ന് പറയുക, അവന്റെ ജീവിത നിലവാരം ഉയർത്തുന്നതിനുളള തന്ത്രങ്ങൾ ആവിഷ്കരിക്കുമെന്ന് പറയുക. എന്നിട്ടോ, ഇതെല്ലാം പഴയ ബഡ്ജറ്റുകളിലും സ്ഥിരമായി പറഞ്ഞിരുന്ന കാര്യങ്ങൾ തന്നെയാണ്.
ബഡ്ജറ്റിൽ കൂടുതൽ പ്രാധാന്യം കൊടുക്കുന്ന ഒരു കാര്യം നൈപുണ്യ വികസനത്തിനും തൊഴിൽ പരിശീലനത്തിനും അതുവഴി പുത്തൻ തൊഴിൽ സൃഷ്ടിക്കുന്നതിനും ഉള്ള തന്ത്രം ആവിഷ്കരിക്കും എന്നതിനാണ്. ഇന്ത്യയിൽ 135 കോടി ജനങ്ങൾക്ക് 12000 തൊഴിൽ പരിശീലന കേന്ദ്രങ്ങൾ! സ്വിറ്റ്സർലാൻഡ് ജനസംഖ്യ എട്ട് മില്യൻ (80 ലക്ഷം) 6000 തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, ജർമ്മനി ജനസംഖ്യ 82 മില്യൻ അതായത് 820 ലക്ഷം. ഒരു ലക്ഷം തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, ജപ്പാൻ - ജനസംഖ്യ 129 മില്യൻ (1290 ലക്ഷം) തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, 150000. ചൈന - ജനസംഖ്യ 145 കോടി തൊഴിൽ പരിശീലന കേന്ദ്രങ്ങൾ 500000. 
ബഡ്ജറ്റിൽ പറയുന്ന കാര്യങ്ങൾ സാക്ഷാത്കരിക്കാൻ കഴിയുന്നുണ്ടോ? അത് പരിശോധിക്കണം, പഠനവിഷയമാക്കണം. മോഹനസുന്ദര വാഗ്ദാനങ്ങൾ നൽകി സാധാരണക്കാരനെ പ്രലോഭിപ്പിക്കുന്ന തരത്തിലുളള ബഡ്ജറ്റായിട്ട് കാര്യമില്ല.