നാലാം തരംഗം വരുന്നു. കൊവിഡുമായി ബന്ധപ്പെട്ടതല്ല. ഇത് എല്ലാപേരെയും ബാധിക്കും. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് നൂറുശതമാനം തന്നെ. ഇരുട്ടത്ത് ക്വാറന്റൈൻ. ഇല്ലെങ്കിൽ മുടിയും. പുതിയ തരംഗമാണ് ഉൗർജ്ജവില വർദ്ധന. ഇതൊരുതരം വടിയാക്കലാണ് , പാവം ജനങ്ങളെ. ഇനി വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ ഒപ്പുമതി. അതോടെ കറന്റ് ചാർജ് കൂടും. പുതിയ സാമ്പത്തികവർഷം ഒരു രൂപയുടെ വർദ്ധന. ഒരു യൂണിറ്റിന്. അഞ്ചുവർഷം കൊണ്ട് അത് രണ്ടുരൂപയെങ്കിലും ആക്കിത്തരും. ഉപഭോക്താവിന്റെ പള്ളയ്ക്കടിക്കാൻ കെ.എസ്.ഇ.ബി അതിനിറങ്ങിക്കഴിഞ്ഞു. കാരണമുണ്ടത്രേ, 2021 വരെ എത്തിയപ്പോൾ ബോർഡ് കമ്പനി 8719 കോടി രൂപയുടെ കടക്കാരായി. കുറ്റം പറയാനൊക്കുമോ. ഇല്ല. കാരണം ബോർഡ് എന്ന കമ്പനി ഒരു വമ്പൻ നിക്ഷേപം നടത്തിയതല്ലേ. 28149 കോടിരൂപയുടെ വൻ മൂലധന നിക്ഷേപം. കൂടെ ആറായിരത്തോളം അധിക ജീവനക്കാർ മൂലമുള്ള അധിക ബാദ്ധ്യതയും. പിന്നെയും ചില കാരണങ്ങൾ. ബോർഡ് തന്നെ സമ്മതിക്കുന്നു. വൈദ്യുതി ഉപഭോഗത്തിലെ വർദ്ധനവ് അനുസരിച്ച് ഉത്പാദനം കൂട്ടിയില്ല. അതുകൊണ്ട് എന്തുണ്ടായി. പുറമേനിന്ന് കറന്റ് വാങ്ങേണ്ടിവന്നു. എന്റെ പൊന്നേ, ഉൗർജ്ജ വർദ്ധനവും ക്രമീകരണങ്ങളും ആരു ചെയ്യണം? നിങ്ങളും ഞാനുമല്ല. ബോർഡ് അല്ലേ ചെയ്യേണ്ടത്. ചെയ്തില്ല. പകരം വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചുകൊണ്ട് ബോർഡ് നല്ലപിള്ള ചമയാൻ നോക്കുന്നു. ഫലമോ. ഘടകകക്ഷികൾക്ക് സർക്കാരിനെ വിമർശിക്കാൻ പഴുതായി. ലോകായുക്തയും ഒാർഡിനൻസും പോലെ.
ഉപഭോക്താക്കൾ മണ്ടന്മാരല്ല. അവർക്കും കാര്യങ്ങൾ അറിയാം. അതുകൊണ്ട് തന്നെ ചോദ്യങ്ങളുമുണ്ട്. നമ്മുടെ ഇടുക്കിയിലെ ജലവൈദ്യുതി പദ്ധതിയില്ലേ. ഒരു യൂണിറ്റ് കറന്റ് ഉത്പാദിപ്പിക്കാൻ പത്തുപൈസയുടെ ചെലവ് മതിയെന്ന് വിദഗ്ദ്ധർ എന്നേ പറയുന്നു. ഇത്തരം പദ്ധതികൾക്ക് ഒറ്റത്തവണ പണമിറക്കിയാൽ മതി. കാലാകാലങ്ങളിൽ പരിപോഷണം വേണം. എങ്കിലും ചെലവ് ഏറെയാകില്ല. 17 രൂപ മുതൽ 20 രൂപ വരെകൊടുത്ത് ഒരു യൂണിറ്റ് കൊണ്ട് വാങ്ങുന്ന ബുദ്ധിയേക്കാൾ നല്ലതല്ലേ അത്. കൽക്കരിക്ഷാമം താപവൈദ്യുതി നിലയങ്ങളെ ഞെക്കിക്കൊന്നുകൊണ്ടിരുന്ന സമയമാണിത്. അതുകൊണ്ട് കാശുകൊടുത്തേ പറ്റൂ. പിന്നെ കേട്ടു ഇടുക്കി ഡാമിലെ ജലനിരപ്പിനുമുകളിൽ പ്ളോട്ടിംഗ് പാനൽ സ്ഥാപിക്കുന്നെന്ന്. നല്ല വെയിൽ കിട്ടും. പക്ഷേ ഇന്നതുവരെ ഒന്നും നടന്നില്ല. പ്രഖ്യാപനങ്ങൾ കാറ്റത്തിങ്ങനെ പറക്കുന്നു.
രണ്ട് പദ്ധതികൾ നേരത്തെ കൈവന്നതല്ലേ കെ.എസ്.ഇ.ബിയെ ലാഭത്തിലാക്കാൻ. പക്ഷേ ഉഴപ്പിക്കളഞ്ഞു. ഒന്ന്, കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് തയ്യാറാക്കിയ പദ്ധതി. രണ്ട്, കേന്ദ്ര ഉൗർജ്ജ മന്ത്രാലയത്തിന്റെ ഉദയം പദ്ധതി. കുറ്റം പറയരുതല്ലോ. ആദ്യ പദ്ധതിയെപ്പറ്റി പഠിക്കാനൊരു കമ്മിറ്റിയെ വച്ചു. പഠനം മാത്രം നടന്നില്ല. ജോലിയുടെയും ജീവനക്കാരുടെയും പുനർവിന്യാസം ആർക്കും ഇഷ്ടമായില്ല. 'ഉദയം പദ്ധതി" കേന്ദ്രത്തിന്റെ വക. അത് തള്ളാനേ വയ്യ. കാരണം നിരക്കുവർദ്ധന പാടില്ലെന്ന നിബന്ധന സമ്മതിച്ചുകൊടുക്കാൻ ബോർഡിന് വയ്യ. ഉപഭോക്താക്കളെ നിങ്ങളിത് സഹിക്കുക.
തീരുന്നില്ല. 30 വർഷങ്ങൾക്കുമുമ്പ് മുടങ്ങിയതാണ് തേങ്കുറിശ്ശി കോട്ടമല കാറ്റാടി വൈദ്യുതി പദ്ധതി. 30 ലക്ഷത്തോളം രൂപയാണ് 1989 ൽ ഇതിനായി മുടക്കിയത്. ഇനി ഒന്നുകൂടിയുണ്ട്. പാലക്കാട് ചുരത്തിലൂടെയുള്ള കോടക്കാറ്റ് ധാരാളം കിട്ടുന്ന കോട്ടമല കാറ്റാടി പദ്ധതി. അരക്കോടിയോളം രൂപ വിലയുള്ള പ്രൊപ്പല്ലർ മൂന്നെണ്ണം പിടിപ്പിച്ചു. മിന്നിട്ടിൽ ഒരു യൂണിറ്റ് എന്ന നിരക്കിൽ ദിവസം 1440 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാമായിരുന്നു. അത് കാറ്റും മിന്നലും തകർത്തുകളഞ്ഞുപോലും.
കെ.എസ്.ഇ.ബി ലിമിറ്റഡ് കമ്പനിക്ക് കടമുണ്ടത്രേ. അതാരും കൊണ്ട് ഒട്ടിച്ചുകൊടുത്ത കടമല്ല. കടം ഒരവകാശമല്ല. നിസംഗതയുടെ മുദ്രയാകാം അത്. ബോർഡിന് കോടിക്കണക്കിന് പണം കിട്ടാനുണ്ട്. കക്ഷികൾ ആരൊക്കെ എന്നല്ലേ. കേരള വാട്ടർ അതോറിട്ടി, ആശുപത്രികൾ, പൊതുമേഖലാസ്ഥാപനങ്ങൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ. സ്വകാര്യ കമ്പനികൾ, പട്ടിക നീളുന്നു. ഇൗ കിട്ടാനുള്ള പണമൊക്കെ ഒന്ന് പിരിച്ചെടുക്കാമോ? ആറായിരത്തിലധികം ജീവനക്കാർ അധികമുണ്ടല്ലേ. അവരോട് ഇറങ്ങാൻ പറയണം. മൊത്തം എത്ര കിട്ടാനുണ്ടെന്ന കണക്കെങ്കിലും പുറത്തുപറയാൻ ബോർഡ് കമ്പനി തയ്യാറാകുമോ. പിരിച്ചെടുക്കാൻ ജനങ്ങൾ കൂടെയുണ്ടാവും.
ഒരു വിവാഹനിശ്ചയത്തിന്റെ പര്യവസാനം അറിയുമോ. ഇല്ലെങ്കിൽ പറയാം. മൂന്ന് പെൺമക്കളുള്ള ഒരച്ഛൻ. മൂത്ത മകളുടെ കല്യാണം നിശ്ചയിച്ചു. പയ്യൻ എൻജിനിയർ ആണ്. സ്ത്രീധനമൊന്നും വേണ്ട. പയ്യന് ഒരു എ.സിയും ഒരു ഹോം തിയേറ്ററും ഒരു വാഷിംഗ് മെഷീനും ഒരു വലിയ ഫ്രിഡ്ജും ഒരു ഇലക്ട്രിക് അവനും കല്യാണത്തിന് വാങ്ങിക്കൊടുക്കാമെന്ന് പെണ്ണിന്റെ അച്ഛൻ പറഞ്ഞു. കല്യാണം മേയ് മാസത്തിൽ നടത്താമെന്നും തീരുമാനിച്ചു. കാര്യങ്ങൾ മുന്നോട്ട് നീങ്ങി. ഇക്കഴിഞ്ഞ ജനുവരി മാസം അവസാനം പയ്യന്റെ അച്ഛൻ പെൺവീട്ടിലെത്തി. കാര്യങ്ങൾ തുറന്ന് പറഞ്ഞു.
''എന്റെ മകന് നിങ്ങൾ വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞതൊന്നും വേണ്ട. ഏപ്രിൽ ഒന്നുകഴിഞ്ഞാൽ പിന്നെ കറന്റിന്റെ പണം അടയ്ക്കാൻ അവനെ കൊണ്ടാവില്ല.""
പെണ്ണിന്റെ അച്ഛൻ തിരക്കി: ''അതുകൊണ്ട്...""
പയ്യന്റെ അച്ഛൻ:'അതുകൊണ്ട് ഇൗ കല്യാണം നമുക്ക് വേണ്ടെന്നു വയ്ക്കാം. ഞാൻ ഇറങ്ങട്ടെ."
അയാൾ പോയി. ഇൗശ്വരോ രക്ഷതു.
ലേഖകന്റെ ഫോൺ :9447555055