
ആനകളുടെ കാര്യം പരുങ്ങലിലാണ്. ഗുരുവായൂർ കേശവന്റെയും കവളപ്പാറ കൊമ്പൻ തുടങ്ങിയ ഐതീഹ്യമാലയിലെ കേമന്മാരുടെയും കാലമല്ലിത്. കാട്ടാനയും നാട്ടാനയും ദേവസ്വം ആനയും വീട്ടാനയും സെക്രട്ടേറിയറ്റിലെ ആനയുമെല്ലാം ദുരിതകാലത്തിലൂടെ കടന്നുപോകുന്നു. ആനസംരക്ഷണ നിയമമൊക്കെ കൊള്ളാം. ചട്ടം പഠിപ്പിക്കൽ അതിരുകടന്നാൽ തിരിഞ്ഞുകുത്തിയെന്നു വരാം. നാട്ടാനകൾക്ക് ഉത്സവകാലം നല്ല കാലമെന്നാണ് പാപ്പാന്മാരും ഉടമകളും പറയുക. ആനയ്ക്ക് അത് ആനന്ദകാലമാണോ എന്നറിയില്ല. പെരുവനത്തിന്റെ മേളം കേട്ട് രസിച്ചിട്ടാണോ ചെവിയാട്ടി നിൽക്കുന്നതെന്നും തിട്ടമില്ല.
ഗുരുവായൂരപ്പന്റെ ആനകൾ ഭാഗ്യമുള്ളവരാണ്. കർക്കടകത്തിൽ സുഖചികിത്സ. കുളിച്ച് കുറിയിട്ട് മൃഷ്ടാന്നം ഭുജിച്ച് പുന്നത്തൂർ കോട്ടയിൽ സുഖവാസം. കുളിക്കാൻ ഷവർ വരെയുണ്ട്. വല്ലപ്പോഴും ഉൗഴം വച്ച് ഭഗവാന്റെ തിടമ്പേറ്റാൻ പോകണം. അത്യാവശ്യം അത്ലറ്റിക്സുമുണ്ട്.ആനയോട്ടത്തിൽ ഒന്നാമനായാൽ പഴക്കുലകളും സമ്മാനങ്ങളുമുണ്ട്. എന്നാൽ കൊവിഡ് കാലത്ത് നാട്ടാനകളുടെ കാര്യം പരുങ്ങലിലാണ്. ആനയും ഉടമകളും പാപ്പാന്മാരുമൊക്കെ ശോഷിച്ചുപോയി.
കാട്ടാനകളുടെ കാര്യം അതിലും കഷ്ടം. നിലമ്പൂർ കോവിലകത്തെ ഭരണകാലം സുഭിക്ഷമായിരുന്നു. ആന സംരക്ഷണവും വനസംരക്ഷണവും സർക്കാർ വകുപ്പായതോടെ മട്ടുമാറി. പണ്ട് കാട്ടിലൂടെ ആനകൾക്ക് സ്വന്തം പാതകളുണ്ടായിരുന്നു. ആനത്താരകൾ. വികസനം ആനത്താരകളെ ടാർ റോഡുകളാക്കി. മലമ്പാതകൾ കാടിനെ കീറിമുറിച്ചു. കാട്ടിലൂടെ നടക്കാനും റോഡ് മുറിച്ചുകടക്കാനും ഫോറസ്റ്റുകാരെക്കൊണ്ടും പൊറുതിമുട്ടി. നാട്ടുമൃഗങ്ങൾ കാടുകയറിയതോടെ കാട്ടുമൃഗങ്ങൾ നാട്ടിലേക്കിറങ്ങി. കപ്പയും വാഴയും കിട്ടിയതെന്തും തിന്നു വിശപ്പടക്കേണ്ട സ്ഥിതിവന്നു. കടുവയെ കൂട്ടിലാക്കുന്ന ഫോറസ്റ്റ്കാരുടെ തന്ത്രമൊന്നും ആനയുടെ അടുത്ത് നടപ്പില്ല. കോടനാട്ടേയും കോന്നിയിലേയും ആനകൂടുകൾ ചട്ടം പഠിപ്പിക്കാനുള്ളതാണ്.
ഇപ്പറഞ്ഞതൊന്നും തലസ്ഥാനത്തെ താപ്പാനകൾക്ക് ബാധകമല്ല. തലപ്പൊക്കം, പ്രോട്ടോക്കോൾ എന്നിവ പ്രകാരം ആനകൾ പലവിധം. ആനയെക്കുറിച്ച് പുസ്തകമെഴുതി രക്ഷപ്പെടാമെന്നുവച്ചാൽ അതും പാളിപ്പോകുന്ന കാലം. ചങ്ങലക്കിട്ട് ചട്ടം (നിയമം) പഠിപ്പിച്ച് നേരെയാക്കാമെന്നാരും മോഹിക്കണ്ട. കുരയ്ക്കുന്നതിനെയും കടിക്കുന്നതിനെയും പേടിയില്ല. ലോകായുക്തയെന്നല്ല, ഒരു തോട്ടിക്കും ചങ്ങലയ്ക്കും വഴങ്ങാൻ ഭാവമില്ല. അത്രയ്ക്കുണ്ട് കൊമ്പന്മാരുടെ വമ്പത്തം!
പൂമുള്ളിമനക്കലെ കുട്ടികൾക്ക് കളിക്കാൻ ജീവനുള്ള ആനക്കുട്ടി ഇല്ലാഞ്ഞിട്ടല്ല ഇൗട്ടിയിൽ ഒത്ത ഒരു കൊമ്പനെ തീർത്തുകൊടുത്തത്. ഇന്നും പൂമുഖത്ത് അനുസരണയോടെയുണ്ട്. ഒറിജിനൽ കൊമ്പുകൾ, നഖങ്ങൾ ഒരു ശല്യവുമില്ല. തീറ്റയും വേണ്ട. പാപ്പാനും വേണ്ട. ചില റിട്ടയേഡ് ജസ്റ്റിസ് കമ്മിഷനുകളെപ്പോലെ. ഇത്തരം കളിമൺ ആനകളെ എവിടെയും നിയമിക്കാം. തറവാട്ടിൽ ആനയില്ലേ എന്നുചോദിച്ചാൽ പൂമുഖത്തുണ്ടല്ലോ എന്ന് ആശ്വസിക്കാം. കേരളത്തിന്റെ സംസ്ഥാന മുദ്രയിലും കെ.എസ്.ആർ.ടി.സിയിലും ഗജകേസരിയോഗമുണ്ട്. ആനവണ്ടിയെന്നു പറഞ്ഞാൽ അങ്കണവാടി കുട്ടിക്കുപോലും അറിയാം. വെള്ളാന എന്നുപറഞ്ഞാൽ കോർപ്പറേഷൻ എന്ന് ചുരുക്കം. അശ്വത്ഥാമാവ് ഒരു മണ്ണാനയാണ്. ആളുവേറെ ആന വേറെ എന്ന് മഹാഭാരതം. യുധിഷ്ഠിരനും മുഖ്യമന്ത്രിക്കുമൊക്കെ ഉറക്കെ വിളിച്ചു പറയാം. പറയുന്നത് സത്യമാകണമെന്ന് വാശിയുണ്ടെങ്കിൽ ഇടയ്ക്ക് ശബ്ദംതാഴ്ത്തി സംസ്കൃതത്തിൽ പറയണം-
കുഞ്ജര! കുഞ്ജുരനെന്നാൽ ആന.
ഐ.എ.എസ് ആനകൾ ആത്മകഥയോ സർവീസ് സ്റ്റോറിയോ എഴുതുമ്പോൾ കരുതൽ വേണം. കൂട്ടാനകളെയും താപ്പാനകളെയും ഒറ്റയാന്മാരേയും പ്രത്യേകം പരിഗണിക്കണം. ജീവിതം ഒന്നേയുള്ളൂ എന്ന് കരുതി കുണ്ഠിതപ്പെടേണ്ട. ആത്മകഥകൾ പലതുണ്ടാകുന്നതിൽ തെറ്റില്ല. സർവീസിലിരിക്കുമ്പോൾ ഒന്ന്. റിട്ടയർ ചെയ്തിട്ട് മറ്റൊന്ന്. തന്റെ ആത്മകഥയിലെ വിട്ടുപോയ ഭാഗങ്ങൾ മറ്റൊരാളുടെ ആത്മകഥ കൊണ്ട് പൂരിപ്പിക്കാനിടവരാതെ നോക്കണം.
ഒരുകാര്യം എന്തായാലും ഒാർത്തുവച്ചോളൂ. അടിതെറ്റിയാൽ ആനയും വീഴും..!