airport-road

തിരുവനന്തപുരം: ആഭ്യന്തര വിമാനത്താവളത്തിൽ നിന്ന് ശംഖുംമുഖത്തേക്കുള്ള തീരദേശ റോഡിന്റെ നിർമ്മാണം അവസാന ലാപ്പിൽ. ഡയഫ്രം വാൾ നിർമ്മാണം 90 ശതമാനവും പൂർത്തീകരിച്ചു. ഈ മാസം അവസാനത്തോടെ ഡയഫ്രം വാൾ നിർമ്മാണം പൂർത്തിയാക്കി മാർച്ചിൽ റോഡിന്റെ ഉപരിതലം ടാറിംഗ് ആരംഭിക്കാനാണ് ശ്രമം നടക്കുന്നത്. രണ്ടുവരി പാതയാണ് നിർമ്മിക്കുന്നത്.

നൂതന സാങ്കേതിക വിദ്യകളുപയോഗിച്ച് ശക്തമായ കാറ്റിനെയും തിരയടിയെയും പ്രതിരോധിക്കുന്ന വിധമാണ് ഡയഫ്രം വാളിന്റെ നിർമ്മാണം. 360 മീറ്ററിൽ വലിയതോപ്പ് മുതൽ ആർട്ട് ഗാലറി വരെയുള്ള കടൽത്തീരത്താണ് ഡയഫ്രം വാളിന്റെയും റോഡിന്റെയും നിർമ്മാണം പുരോഗമിക്കുന്നത്. ഡയഫ്രം വാളിനകത്തേക്ക് റോഡിന്റെ ലെവലിൽ മണ്ണിട്ട് നികത്തുന്ന പണിയും ഏകദേശം പൂർത്തിയായി. 245 മീറ്റർ ഡയഫ്രം വാളാണ് ആദ്യം നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്നതെങ്കിലും കടൽക്ഷോഭ സാദ്ധ്യതകൾ കണക്കിലെടുത്താണ് 115 മീറ്റർ കൂടി ഉൾപ്പെടുത്തുകയായിരുന്നു.

നിർമ്മാണ ചെലവ്

ഡയഫ്രം വാളിന് 12 കോടി

റോഡിന് 1.6 കോടി

ഡയഫ്രം വാൾ

സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (സി.ആർ.ആർ.ഐ) സാങ്കേതിക വിദ്യയിലാണ് ഡയഫ്രം വാൾ നിർമ്മിക്കുന്നത്. തുടർച്ചയായി ഉണ്ടാകുന്ന കടലാക്രമണത്തെ ചെറുക്കുന്ന ഡിസൈനാണ്. ഉപരിതലത്തിൽ നിന്ന് എട്ടുമീറ്റർ കുഴിച്ച് അടിസ്ഥാനം നിർമ്മിച്ചാണ് ഡയഫ്രം വാൾ നിർമ്മിക്കുന്നത്. റോഡിൽ ഓരോ ലെയറായി മണ്ണിട്ട് ഉറപ്പിച്ച് ഉപരിതലം വരെ എത്തിച്ചശേഷമാണ് ടാർ ചെയ്യുക. ഇനിയൊരു കടലാക്രമണം ഉണ്ടായാൽ പോലും പ്രതിരോധിക്കാൻ കഴിയുന്ന വിധമാണ് നിർമ്മാണം. ഡയഫ്രം വാൾ നിർമ്മാണത്തിന്റെ ഓരോ ഘട്ടങ്ങളിലും സി.ആർ.ആർ.ഐ അധികൃതരെത്തി പരിശോധിക്കുന്നുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമ്മാണക്കരാർ ഏറ്റെടുത്തിട്ടുള്ളത്. തകർന്നുപോയ റോഡിൽ 20,000 ചതുരശ്ര അടി മണ്ണാണ് നിക്ഷേപിച്ചത്.