കുളത്തൂർ : മത്സ്യത്തൊഴിലാളികളുടെ കമ്പവലയിൽ കുരുങ്ങി രണ്ട് ടണ്ണിലേറെ തൂക്കമുള്ള ഉടുമ്പൻ സ്രാവ് കരക്കടിഞ്ഞു ചത്തു. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ തുമ്പ ആറാട്ടുകടവിന് സമീപത്താണ് അവശനിലയിൽ സ്രാവ് എത്തിയത്. മത്സ്യത്തൊഴിലാളികളും നാട്ടുകാരും സ്രാവിനെ കടലിലേക്ക് തിരികെ വിടാൻ ശ്രമിച്ചെങ്കിലും വിഫലമായി. പ്ലാസ്റ്റിക് വടം ഉപയോഗിച്ച് കെട്ടിവലിച്ച് തീരക്കടലിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. നാല് മണിയോടെ ജീവൻ നഷ്ടപ്പെട്ടു. തുമ്പയിൽ നിന്ന് മത്സ്യ പോയ മൽസ്യതൊഴിലാളികളുടെ വലയിലാണ് സ്രാവ് കുരുങ്ങിയത്. ചെകിളയിൽ മണൽ കയറിയാണ് ചത്തത്. റവന്യൂ ഉദ്വേഗസ്ഥരും മൃഗസംരക്ഷണ ഉദ്യേഗസ്ഥരും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം കഠിനംകുളം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുഴിച്ചിടും.മണ്ണുമാന്തി യന്ത്രം ഉൾപ്പെടെ ഉണ്ടെങ്കിലേ കൂറ്റൻ സ്രാവിനെ കുഴിച്ചിടാൻ കഴിയൂ. ഇന്നലെ ഞായറാഴ്ച ആയതിനാൽ നൂറുകണക്കിന് ആളുകൾ സ്രാവിനെ കാണാനെത്തി.