
തിരുവനന്തപുരം: പത്താം ക്ളാസ് വിദ്യാർത്ഥികൾക്ക് റിവിഷൻ എളുപ്പമാക്കുന്നതിന്റെ ഭാഗമായി പുതിയ ക്ളാസുകളുമായി കൈറ്റ് വിക്ടേഴ്സ്. ഇന്ന് മുതൽ വൈകിട്ട് 5.30 മുതൽ ഏഴ് വരെ ഒരു വിഷയം മൂന്നു ക്ലാസുകളിലായി അവതരിപ്പിക്കുന്ന റിവിഷൻ ക്ലാസുകളാണ് ലഭ്യമാവുക. പുനഃസംപ്രേഷണം അടുത്ത ദിവസം രാവിലെ 6 മുതൽ 7.30 വരെയും (കൈറ്റ് വിക്ടേഴ്സ്) 8 മുതൽ 9.30 വരെയും (കൈറ്റ് വിക്ടേഴ്സ് പ്ളസ്) ഉണ്ടാകും. രണ്ടാഴ്ച കൊണ്ട് റിവിഷൻ പൂർത്തിയാക്കി മാർച്ച് ആദ്യം മുതൽ ലൈവ് ഫോൺ ഇൻ വഴി സംശയ നിവാരണ പരിപാടികൾ സംപ്രേഷണം ചെയ്യുമെന്ന് കൈറ്റ് സി.ഇ.ഒ.കെ അൻവർ സാദത്ത് അറിയിച്ചു. പത്താം ക്ലാസുകൾക്കുള്ള ഓഡിയോ ബുക്കുകൾ ഫസ്റ്റ്‌ബെൽ പോർട്ടലിൽ ലഭ്യമാണ്. ഇന്ന് മുതൽ 'ഫസ്റ്റ്‌ബെൽ 2.0' ഡിജിറ്റൽ ക്ലാസുകളുടെ സമയക്രമം പഴയതുപോലെയാണ്.
പ്ലസ് വണ്ണിന് രാവിലെ 7.30 മുതൽ 9 വരെ മൂന്നു ക്ലാസുകളുണ്ടാകും. പുനഃസംപ്രേഷണം അടുത്ത ദിവസം വൈകിട്ട് 3.30 മുതൽ 5 വരെ കൈറ്റ് വിക്ടേഴ്സ് പ്ലസിൽ. പ്ലസ് ടു ക്ലാസുകൾ അടുത്ത ആഴ്ചയോടെ പൂർത്തിയാക്കും. 21ന് റിവിഷൻ ക്ലാസുകളും ഓഡിയോ ബുക്കുകളും പ്ലസ് ടുക്കാർക്കായി തയ്യാറാക്കും.
തിങ്കളാഴ്ച മുതൽ രാവിലെ 9 മുതൽ 11 വരെയും ഉച്ചയ്ക്ക് 12.30 മുതൽ 1.30 വരെയുമാണ് പ്ളസ് ടു ക്ളാസുകൾ. പുനഃസംപ്രേഷണം രാത്രി 08.30 മുതൽ 11.30 വരെ കൈറ്റ് വിക്ടേഴ്സ് പ്ലസിൽ. മാർച്ച് രണ്ടാം വാരത്തോടെ പ്ലസ്ടുക്കാർക്കുള്ള ലൈവ് ഫോൺ ഇൻ ക്ലാസുകൾ സംപ്രേഷണം ചെയ്യും. ഒന്നു മുതൽ പ്ളസ് ടു വരെയുള്ള ക്ലാസുകൾ firstbell.kite.kerala.gov.in പോർട്ടലിലും ലഭ്യമാകും.