കല്ലമ്പലം:കിളിമാനൂർ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ഗണിതവിജയം പരിശീലനം സംഘടിപ്പിച്ചു.മൂന്ന്, നാല് ക്ലാസുകളിൽ പഠിപ്പിക്കുന്ന അദ്ധ്യാപകർക്കാണ് പരിശീലനം നൽകിയത്.രസകരമായ കളികളിലൂടെ ഗണിത ആശയങ്ങൾ കുട്ടികളിൽ ഉറപ്പിക്കുന്നതിനായി അദ്ധ്യാപകരെ ശാക്തീകരിക്കുക എന്നതായിരുന്നു ലക്ഷ്യം.ഓരോ കേന്ദ്രത്തിലും മുപ്പതോളം ഗെയിമുകൾ അദ്ധ്യാപകർക്കായി പരിചയപ്പെടുത്തി.നാവായിക്കുളം,പള്ളിക്കൽ പഞ്ചായത്തിലെ അദ്ധ്യാപകരെ ഉൾപ്പെടുത്തി പള്ളിക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൽ.പി വിഭാഗം സ്കൂളിൽ പരിശീലനം നടന്നു.പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഉദ്ഘാടനം നിർവഹിച്ചു.കരവാരം ,നഗരൂർ പഞ്ചായത്തിലെ അദ്ധ്യാപകർക്കുള്ള പരിശീലനം വഞ്ചിയൂർ ഗവൺമെന്റ് യുപിഎസിൽ നടന്നു.ഉദ്ഘാടനം കരവാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിബുലാൽ നിർവഹിച്ചു.പഴയകുന്നുമ്മേൽ പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ അദ്ധ്യാപകർക്കുള്ള പരിശീലനം കിളിമാനൂർ ഗവൺമെന്റ് ടൗൺ യുപി സ്കൂളിൽ നടന്നു. കിളിമാനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.എസ്.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.കിളിമാനൂർ ,മടവൂർ പഞ്ചായത്തുകളിലെ 3,4 ക്ലാസുകളിലെ അദ്ധ്യാപകർക്കായി സംഘടിപ്പിച്ച ഗണിത വിജയം പരിശീലനം ജി.എൽ.പി.എസ് കിളിമാനൂരിൽ നടന്നു.കിളിമാനൂർ, പുതുമംഗലം, മടവൂർ ക്ലസ്റ്ററുകളിലുള്ള അദ്ധ്യാപകർ പങ്കെടുത്തു.ലളിതവും അസ്വാദ്യകരവുമായി ഗണിതപഠനം കുട്ടികൾക്ക് അനുഭവപ്പെടാൻ ഉദ്ദേശിച്ചുള്ള ഈ പരിപാടി അദ്ധ്യാപകർ ഒരേ മനസോടെ ഏറ്റെടുത്തു.ഷാനവാസ്, ടി .എസ് കവിത, കുമാരി ഉഷ.ബി, മായ ജി.എസ്, ജയലക്ഷ്മി.കെ.എസ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി അദ്ധ്യാപകരുടെ വാട്സാപ്പ് കൂട്ടായ്മകൾ രൂപീകരിച്ചു.ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ വി.ആർ.സാബു ഗണിത വിജയം പദ്ധതി വിശദീകരിച്ചു.ബി.ആർ.സി പരിശീലകർ,ക്ലസ്റ്റർ കോർഡിനേറ്റർമാർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ ആർ.പിമാരായി പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.