തിരുവനന്തപുരം: മകരം മഴയോടെ പെയ്‌തിറങ്ങിയ ശേഷം ഇന്നലെ കുംഭം പുലർന്നപ്പോൾ ആറ്റുകാൽ ഭഗവതിയുടെ സവിധത്തിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ. ശനിയാഴ്ചത്തെ പോലെ ഇടിയും മഴയും ഇന്നലെ ഉണ്ടായില്ല. കൊല്ലം, പത്തനംതിട്ട, കന്യാകുമാരി ജില്ലകളിൽ നിന്ന് ഭക്തർ ആറ്റുകാലിലേക്കെത്തി.

ഉത്സവത്തിന്റെ ആറാം ദിവസമായ ഇന്ന് വൈകിട്ട് 3.30ന് മണക്കാട് ധർമ്മശാസ്താവിനെ ആറ്റുകാലിലേക്ക് എഴുന്നള്ളിക്കും. മണക്കാട് ക്ഷേത്ര ഉത്സവത്തിന്റെ മൂന്നാംനാളിലാണ് 'പറതെണ്ടൽ ' എന്ന് നാട്ടുമൊഴിയിൽ അറിയപ്പെടുന്ന ശാസ്താവിന്റെ എഴുന്നള്ളത്ത്. ഈ സമയം ആറ്റുകാൽ ക്ഷേത്രത്തിൽ നട അടച്ചിരിക്കുമെങ്കിലും മുൻഭാഗത്ത് ട്രസ്റ്റിന്റെ നേതൃത്വത്തിൽ എഴുന്നള്ളത്തിന് വരവേല്പ് നൽകും.

മധുരാനഗരിയിലെ സ്വർണപ്പണിക്കാരൻ രാജ്ഞിയുടെ ചിലമ്പ് മോഷ്ടിച്ചെന്ന് ആരോപിച്ച് കോവലനെ പാണ്ഡ്യരാജ സദസിലെത്തിക്കുന്ന ഭാഗമാണ് തോറ്റംപാട്ടുകാർ ഇന്നലെ പാടിയത്. ചിലമ്പ് മോഷ്ടിച്ചെന്ന കുറ്റംചുമത്തി രാജാവ് കോവലനെ വധിക്കുന്ന ഭാഗം ഇന്ന് പാടും. ഇതിന്റെ ദുഃഖസൂചകമായി ചൊവ്വാഴ്ച രാവിലെ വൈകിയാണ് ക്ഷേത്രനട തുറക്കുക. രാവിലെ 7ന് പള്ളിയുണർത്തലും 7.30ന് നിർമാല്യദർശനവും 8.30ന് ഉഷപൂജയും ഉണ്ടായിരിക്കും.

താലപ്പൊലി നേർച്ചയ്ക്ക്

ടിക്കറ്റെടുക്കാം


താലപ്പൊലി നേർച്ചയുള്ളവർക്ക് ക്ഷേത്രത്തിലെ കൗണ്ടറിൽ നിന്ന് ടിക്കറ്റുകൾ മുൻകൂറായി ലഭിക്കും. പൊങ്കാല ദിവസമായ 17ന് വൈകിട്ട് 6ന് മുമ്പായി താലപ്പൊലി നേർച്ചക്കാർ ക്ഷേത്രത്തിലെത്തണം. പൊങ്കാല ദിവസം രാത്രി 10.30ന് ദേവിയെ പുറത്തേക്ക് എഴുന്നെള്ളിക്കുമ്പോഴും പിറ്റേന്ന് തിരിച്ചെഴുന്നെള്ളിക്കുമ്പോഴും ചുറ്റമ്പലത്തിനകത്ത് തട്ടംനിവേദ്യം, പുഷ്പവൃഷ്ടി, കർപ്പൂര ആരതി എന്നിവ അനുവദിക്കില്ലെന്ന് ട്രസ്റ്റ് അറിയിച്ചു.