
തിരുവനന്തപുരം: വിനിത കേസിൽ മൊഴികൾ മാറ്റിയും മൗനം നടിച്ചും രാജേന്ദ്രൻ പൊലീസിനെ വട്ടം ചുറ്റിക്കുകയാണ്. തെളിവെടുപ്പിനും വിശദമായി ചോദ്യം ചെയ്യാനും ഒരാഴ്ചത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയ പൊലീസിന്റെ ചോദ്യങ്ങൾക്ക് പരസ്പര വിരുദ്ധമായാണ് രാജേന്ദ്രന്റെ മറുപടി. പേരൂർക്കട സി.ഐ സജികുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. വിനിതയെ കൊലപ്പെടുത്തിയ കത്തിയും കൊലപാതക സമയത്ത് ധരിച്ചിരുന്ന ഷർട്ടും മുട്ടടയിൽ ഉപേക്ഷിച്ചുവെന്ന് കഴിഞ്ഞ ദിവസം സമ്മതിച്ച രാജേന്ദ്രൻ ഇന്നലെ മൊഴിമാറ്റി.
സംഭവം നടന്ന ദിവസം ചായക്കടയിലെ വേസ്റ്റിൽ തള്ളിയെന്ന് ഒരിക്കൽ പറഞ്ഞെങ്കിലും പിന്നീട് തമിഴ്നാട്ടിലെ താമസ സ്ഥലത്തിന് സമീപത്താണെന്ന് മാറ്റിപ്പറഞ്ഞു. ആവർത്തിച്ചുള്ള ചോദ്യം ചെയ്യലിൽ തമിഴ്നാട്ടിലേക്കുള്ള യാത്രയ്ക്കിടെ എവിടെയോ ഉപേക്ഷിച്ചെന്ന നിലയിലാണ് ഒടുവിലത്തെ മറുപടി.
കൊലയ്ക്ക് ഉപയോഗിച്ച ആയുധവും സംഭവസമയത്ത് ധരിച്ചിരുന്ന ഷർട്ടും, ദൃക്സാക്ഷികളില്ലാത്ത കേസിൽ നിർണായക തെളിവായിരിക്കെ ഇവ രണ്ടും കണ്ടെത്തുകയെന്നത് പൊലീസിന് പരമപ്രധാനമാണ്. നിലവിൽ നാല് കൊലപാതകക്കേസുകളിൽ പ്രതിയായ രാജേന്ദ്രന് തെളിവുകൾ തനിക്കെത്രമാത്രം ദോഷം ചെയ്യുമെന്ന കാര്യത്തിൽ നല്ലധാരണയുള്ള ആളാണ്. കേസിൽ താൻ പിടിക്കപ്പെടുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ലാത്ത രാജേന്ദ്രൻ ഇനി കേസിൽ നിന്ന് തടിയൂരാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.
അന്വേഷണവും തെളിവെടുക്കലുമായി നിസഹകരിച്ച് തനിക്കെതിരായ തെളിവുകൾ കോടതിയിലെത്തുന്നത് തടഞ്ഞാൽ കേസിൽ നിന്ന് രക്ഷപ്പെടാമെന്ന ചിന്തയിലാകാം ഇയാൾ ഇങ്ങനെ ചെയ്യുന്നതെന്ന് പൊലീസ് കരുതുന്നു. കൃത്യമായ രേഖകളും തെളിവുകളും ബോദ്ധ്യപ്പെടുത്തിയുള്ള ചോദ്യങ്ങൾക്ക് മാത്രമാണ് ഇയാൾ കൃത്യമായി മറുപടി നൽകുന്നത്. മറ്റ് ചോദ്യങ്ങളോട് മൗനം നടിക്കുകയോ പരസ്പര വിരുദ്ധമായ മറുപടി നൽകി തെറ്റിദ്ധരിപ്പിക്കുകയുമാണ് രീതി. വിനിതയുടെ മാല പണയം വച്ച് വാങ്ങിയ 90,000 രൂപയുടെ വിനിയോഗമുൾപ്പെടെ പലതിലും രാജേന്ദ്രൻ പറയുന്ന വിവരങ്ങൾ കണ്ണടച്ച് വിശ്വസിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. മാലയിലുണ്ടായിരുന്ന ലോക്കറ്റ് ധനകാര്യ സ്ഥാപനത്തിൽ ഈട് വച്ച കൂട്ടത്തിലില്ല. ലോക്കറ്റെവിടെയെന്ന ചോദ്യത്തിന് മാലയിൽ ലോക്കറ്റുണ്ടായിരുന്നില്ലെന്നും അറിയില്ലെന്നും മറ്റുമാണ് ഇയാൾ ഉത്തരം നൽകുന്നത്.
വിനിതയുടെ മാല പണയം വച്ച പണത്തിൽ കുറച്ച് സുഹൃത്തിന് കടം വീട്ടിയെന്നും ബാക്കി വനിതാ സുഹൃത്തിന് നൽകിയെന്നുമാണ് ഇയാൾ കഴിഞ്ഞ ദിവസം പറഞ്ഞത്.
കസ്റ്റംസ് ഓഫീസറെയും കുടുംബത്തെയും വകവരുത്തിയത് അതിക്രൂരമായി
തിരുവനന്തപുരം: അന്നമൂട്ടിയ കൈക്ക് തന്നെ ആദ്യം കടിച്ചാണ് വിനിത കൊലക്കേസ് പ്രതി രാജേന്ദ്രൻ ക്രിമിനലായത്. രാജേന്ദ്രനെ കുടുംബാംഗത്തെപ്പോലെ സ്നേഹിച്ചിരുന്നയാളായിരുന്നു രാജേന്ദ്രന്റെ കൈയാൽ കൊല്ലപ്പെട്ട കസ്റ്റംസ് ഓഫീസർ സുബ്ബയ്യ. പാവപ്പെട്ട കുടുംബത്തിൽപ്പെട്ട രാജേന്ദ്രന്റെ വിദ്യാഭ്യാസത്തിനും മറ്റാവശ്യങ്ങൾക്കുമുള്ള പണം നൽകിയിരുന്നത് ഇദ്ദേഹമായിരുന്നു. സ്കൂൾ, കോളേജ് വിദ്യാഭ്യാസത്തിനെല്ലാം സാമ്പത്തിക സഹായം നൽകിയ സുബ്ബയ്യ, രാജേന്ദ്രനെ ധനതത്വശാസ്ത്രത്തിൽ ബിരുദാനന്ദര ബിരുദധാരിയാക്കി. തുടർന്ന് വിദൂര വിദ്യാഭ്യാസ പദ്ധതി പ്രകാരം എം.ബി.എ പഠനത്തിനും ടീച്ചേഴ്സ് ട്രെയിനിംഗിൽ ഡിപ്ളോമ കരസ്ഥമാക്കാനും സഹായിച്ചു.
വിവാഹിതനായിരുന്നെങ്കിലും മക്കളില്ലാതിരുന്ന സുബ്ബയ്യ ഒരു പെൺകുട്ടിയെ ദത്തെടുത്ത് വളർത്തിയതോടെ രാജേന്ദ്രന് ഇയാളോട് നീരസം തോന്നി. തനിക്ക് ലഭിച്ചിരുന്ന സഹായം നിലയ്ക്കുമെന്ന സംശയമാണ് ഇതിന് കാരണമായത്. ഇതിലുള്ള ദേഷ്യം മനസിൽ കൊണ്ടുനടന്ന രാജേന്ദ്രൻ സുബ്ബയ്യയേയും കുടുംബത്തെയും വകവരുത്തി സ്വത്തുക്കൾ കൈക്കലാക്കാമെന്ന് കരുതി. സുബ്ബയ്യയ്ക്കും കുടുംബത്തിനുമൊപ്പം പലയിടത്തും യാത്ര ചെയ്യാറുണ്ടായിരുന്ന രാജേന്ദ്രൻ ഒരിക്കൽ സുബ്ബയ്യയുമായി കാറിൽ പുറത്തുപോയി. വിജനമായ സ്ഥലത്തെത്തിയപ്പോൾ ഒരുകാര്യം സംസാരിക്കാനുണ്ടെന്ന പേരിൽ കാറിൽ നിന്ന് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയശേഷം കഴുത്തിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് സുബ്ബയ്യയുടെ വീട്ടിൽ മടങ്ങിവന്ന രാജേന്ദ്രൻ സുബ്ബയ്യയുടെ ഭാര്യയോടും വളർത്തുമകളോടും സാർ അല്പം താമസിക്കുമെന്ന് പറഞ്ഞു. വളർത്തുമകളെ അടുക്കളയിലേക്ക് വെള്ളമെടുക്കാൻ പറഞ്ഞുവിട്ടശേഷം ഭാര്യയേയും കഴുത്തറുത്ത് കൊന്നു.
വെള്ളവുമായി തിരികെ വന്ന കുട്ടിയെ നിലത്തടിച്ചുമാണ് കൊന്നത്. ക്രൂരമായ ഈ കൂട്ടക്കൊലയിൽ രണ്ട് കേസുകളായാണ് രാജേന്ദ്രനെതിരെ കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. പിന്നീട് തമിഴ്നാട്ടിൽ കവർച്ചയ്ക്കായി മറ്റൊരു കൊലപാതകം കൂടി നടത്തിയ രാജേന്ദ്രൻ 2016ൽ ജാമ്യം നേടി പുറത്തിറങ്ങിയശേഷമാണ് വെള്ളമടയിൽ നിന്ന് കാവൽകിണറിലേക്ക് താമസം മാറിയത്. പിന്നീട് കേരളത്തിലെത്തിയ രാജേന്ദ്രൻ വിനിത കൊലക്കേസിലാണ് പിടിക്കപ്പെട്ടത്. തൃശൂർ ഇരിങ്ങാലക്കുടയിൽ ആലീസെന്ന യുവതിയെ കൊലപ്പെടുത്തി കവർച്ച ചെയ്ത സംഭവത്തിലും രാജേന്ദ്രനോട് സാമ്യമുള്ള ഒരാൾക്കെതിരെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. അതും രാജേന്ദ്രൻ തന്നെയാണോയെന്ന് സംശയിക്കുന്ന ക്രൈംബ്രാഞ്ചും മറ്റ് തെളിവുകൾ കൂടി പരിശോധിച്ചശേഷം വരും ദിവസങ്ങളിൽ ഇയാളെ കസ്റ്റഡിയിൽ വാങ്ങാൻ സാദ്ധ്യതയുണ്ട്.