
തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് കരുതൽ ഡോസ് എടുത്തവർ 43ശതമാനമായി. കഴിഞ്ഞ ദിവസംവരെയുള്ള കണക്ക് അനുസരിച്ച് 8,11,725 പേരാണ് കരുതൽ ഡോസെടുത്തത്. തൃശൂരും ആലപ്പുഴയും മാത്രമാണ് 50ശതമാനം പിന്നിട്ടത്.
ഏറ്റവും കൂടുതൽ പേർ വാക്‌സിനെടുത്ത തൃശൂരാണ് മുന്നിൽ 54% (80,076), ആലപ്പുഴയാണ് തൊട്ടുപിന്നിൽ 51% (65,098). ആരോഗ്യപ്രവർത്തകരും മുന്നണി പോരാളികളും 60 വയസു കഴിഞ്ഞ, മറ്റ് രോഗങ്ങളുള്ളവരുമാണ് ഇപ്പോൾ കരുതൽ ഡോസിന് അർഹർ.
അതേസമയം സംസ്ഥാനത്തെ 18 വയസിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്സിനേഷൻ ഇതുവരെ 100 ശതമാനവും (2,68,67,998) രണ്ടാം ഡോസ് വാക്‌സിനേഷൻ 85 ശതമാനവുമായി (2,27,94,149). 15 - 17 വയസുള്ള കുട്ടികളുടെ വാക്‌സിനേഷൻ 75 ശതമാനത്തിലെത്തി (11,47,364).15 ശതമാനം കുട്ടികൾക്കാണ് (2,35,872) രണ്ടാം ഡോസ് നൽകിയത്.
കൊവിഡ് ബാധിച്ചവർക്ക് മൂന്നു മാസം കഴിഞ്ഞ് വാക്‌സിനെടുത്താൽ മതി. കൊവിഷീൽഡ് രണ്ടാം ഡോസ് 84 ദിവസം കഴിഞ്ഞും കൊവാക്‌സിൻ 28 ദിവസം കഴിഞ്ഞും സ്വീകരിക്കണം. ഒമിക്രോൺ തരംഗം ശമിക്കുന്നുവെങ്കിലും വാക്‌സിനെടുക്കുന്നതിൽ വിമുഖത പാടില്ലെന്നും എല്ലാവരും കൃത്യമായി വാക്‌സിനെടുക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.