ktl

കുറ്റിച്ചൽ: കുറ്റിച്ചൽ ഗ്രാമ പഞ്ചായത്ത് 2009-2010 കാലഘട്ടത്തിൽ ലക്ഷൾ മുടക്കി പണിത പബ്ലിക് കംഫർട്ട് സ്റ്റേഷൻ വർഷങ്ങൾ പിന്നിട്ടിട്ടും മോചനമില്ല. കുറ്റിച്ചലിൽ എത്തുന്നവർക്കും ഇവിടുത്തെ ഓട്ടോ- ടാക്സി ഡ്രൈവർമ്മാർ വ്യാപാരികൾ തുടങ്ങിയവർക്ക് പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കുന്നതിന് വേണ്ടിയാണ് ജംഗ്ഷന് സമീപത്തായി ഗ്രാമ പഞ്ചായത്ത് കംഫർട്ട് സ്റ്റേഷൻ പണിഞ്ഞത്. പഞ്ചായത്തിന് മികച്ച മാലിന്യമുക്ത പഞ്ചായത്തിനായി ലഭിച്ച നിർമ്മൽ പുരസ്ക്കാര തുക കൊണ്ടാണ് ഈ കംഫർട്ട് സ്റ്റേഷൻ പണിതത്. എന്നാൽ ഇപ്പോൾ കുറ്റിച്ചലുകാർക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനായി സമീപത്തെ പറമ്പുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.

ആദിവാസികൾ, കുറ്റിച്ചൽ ഗ്രാമ പഞ്ചായത്തിലെ വിദ്യാർത്ഥികൾ, തൊഴിലാളികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾക്ക് വിവിധയിടങ്ങളിലേയ്ക്ക് പോകുന്നതിനായി എത്തുന്ന പ്രധാന കേന്ദ്രമാണ് കുറ്റിച്ചല്‍ ജംഗ്ഷൻ. ഇവിടെ എത്തിയ ശേഷമാണ് കള്ളിക്കാട്, നെടുമങ്ങാട്, കാട്ടാക്കട ഭാഗങ്ങളിലേക്ക് പോകേണ്ടത്. ആദിവാസികളും മറ്റ് പിന്നോക്ക ജനവിഭാഗങ്ങളും ഉള്‍പ്പെടെയുള്ളവരുടെ പ്രധാന ജംഗ്ഷനാണ് കുറ്റിച്ചൽ. വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്ത് ഓഫീസ്, ബാങ്ക്, കൃഷി ഓഫീസ് എന്നിവ സ്ഥിതി ചെയ്യുന്ന കുറ്റിച്ചൽ എത്തുന്നവർക്ക് പ്രാഥമികാവശ്യം നിറവേറ്റാൻ പൊതുടോയ്‌ലെറ്റ് ഇല്ല. ഈ ആവശ്യം ശക്തമായപ്പോള്‍ നെടുമങ്ങാട് -ഷോര്‍ളക്കോട് മലയോര ഹൈവേയുടെ സൈഡിൽ കുറ്റിച്ചൽ ജംഗ്ഷനടുത്തായി ലക്ഷങ്ങൾ മുടക്കി ടോയ്‌ലെറ്റ് നിർമ്മിച്ചു. എന്നാൽ കുറച്ച് ദിവസങ്ങൾ മാത്രം തുറന്നുകൊടുത്തെങ്കിലും പിന്നീട് ഇത് പൂട്ടുകയായിരുന്നു. അടിയന്ത്രമായി ടോയ്‌ലെറ്റ് തുറക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.