online

തിരുവനന്തപുരം:ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ തകരുന്ന റോഡുകളും പാലങ്ങളും എന്ന ശാപത്തിൽ നിന്ന് കരകയറാൻ നിർമ്മാണവുമായി ബന്ധപ്പെട്ട സകലകാര്യങ്ങളും ജനങ്ങളെ അപ്പപ്പോൾ ബോധ്യപ്പെടുത്തിക്കൊണ്ട് അഴിമതിയുടെ പഴുതടയ്ക്കുന്ന ഓൺലൈൻ സംവിധാനം ഉടൻ സജ്ജമാകും.

ഇതിനുള്ള സോഫ്റ്റ് വെയർ വികസിപ്പിക്കാൻ കേന്ദ്രസർക്കാർ സ്ഥാപനമായ നാഷണൽ ഇൻഫൊർമാറ്റിക്സ് സെന്ററിനെ ചുമതലപ്പെടുത്തി. പൊതുജനങ്ങൾ കാഴ്ചക്കാരല്ല, കാവൽക്കാരാണെന്ന കാഴ്ചപ്പാടുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രത്യേക താൽപ്പര്യമെടുത്താണ് പ്രോജക്ട് മാനേജ്മെന്റ് സിസ്റ്റം നടപ്പാക്കുന്നത്. ആറു മാസത്തിനകം നടപ്പാക്കാനാണ് ശ്രമം.

#പ്രോജക്ട് മാനേജ്മെന്റ് സിസ്റ്റം

1.പുതുതായി നടപ്പാക്കുന്ന നിർമ്മാണ പ്രവ‌ൃത്തി, അടങ്കൽത്തുക,​ കരാറുകാരൻ,​ പദ്ധതി കാലാവധി,​ മേൽനോട്ട ഉദ്യോഗസ്ഥർ,​ അവരുടെ ഫോൺനമ്പരുകൾ,​എസ്റ്റിമേറ്റ്,​ പദ്ധതി നിർവഹണ ഘട്ടങ്ങൾ,​ നിർമ്മാണ പുരോഗതി,​ ഫോട്ടോകൾ,​ പരിപാലന കാലാവധി എന്നിവയെല്ലാം ജനങ്ങൾക്ക് അറിയാൻ കഴിയും.

2. പൊതുമരാമത്ത് വകുപ്പ് മേധാവി,​ ജില്ലാ കളക്ടർ,​ പദ്ധതിയുടെ സ്റ്റേറ്റ് നോഡൽ ഓഫീസ‌ർ, മറ്റ് പ്രധാനപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർക്കെല്ലാം നിർമ്മാണ പുരോഗതി വിലയിരുത്താനും അതിൽ ഇടപെട്ട് പോരായ്മകൾ പരിഹരിക്കാനും കഴിയും.

3. കരാറുകാർക്ക് നിർമ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന പ്രതിബന്ധങ്ങളും പ്രശ്നങ്ങളും ഉന്നയിക്കാം. ഇവ പരിഹരിക്കാൻ കോഴകൊടുക്കേണ്ടിവരുന്ന അവസ്ഥ ഒഴിവാകും.

4. നേരിട്ട് ബോധ്യമുള്ള പ്രശ്നങ്ങളും പോരായ്മകളും ജനപ്രതിനിധികൾക്കും പൊതുജനങ്ങൾക്കും ചൂണ്ടിക്കാട്ടാം.

#വിജയിച്ച മറ്റ് പദ്ധതികൾ

ഇ.ഓഫീസ്: ഫയൽ നീക്കം സുഗമമാക്കി.എസ്റ്റിമേറ്റ്,​ ടെൻഡർ കാലതാമസം ഒഴിവായി.

ഫോർ യു മൊബൈൽ:പൊതുജനങ്ങൾക്ക് റോഡുകളെക്കുറിച്ചുള്ള പരാതി അറിയിക്കാൻ മൊബൈൽ ആപ്പ്

റസ്റ്റ്ഹൗസ് ജനങ്ങൾക്ക്: പൊതുമരാമത്ത് റസ്റ്റ് ഹൗസിലെ റൂമുകൾ പൊതുജനങ്ങൾക്ക് ലഭിക്കും. ഓൺലൈനായി ബുക്ക് ചെയ്യാം.

ഡി.എൽ.പി ബോർഡ്:റോഡുകളുടെ ഉൾപ്പെടെ പരിപാലനവും സംരക്ഷണവും ഉറപ്പാക്കാൻ നിർമ്മാണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പ്രദർശിപ്പിക്കുന്ന ബോർഡുകൾ.

വർക്കിംഗ് കലണ്ടർ: മഴക്കാലത്ത് റോഡുകളുടെ പദ്ധതികൾ തയ്യാറാക്കുകയും വേനൽക്കാലത്ത് പ്രവൃത്തികൾ നടത്തുകയും ചെയ്യുന്ന സംവിധാനം.

കോഓർഡിനേഷൻ കമ്മിറ്റി:നിർമ്മാണ പ്രവൃത്തികളടെ കാലതാമസം ഒഴിവാക്കാനും വിവിധ വകുപ്പുകളുടെ സഹകരണവും ഏകോപനവും ഉറപ്പാക്കാനുമായി ജില്ലാതലത്തിൽ രൂപീകരിച്ച ഉദ്യോഗസ്ഥ സംവിധാനം.

.................................

`കാലതാമസം ഒഴിവാക്കുന്നതിനും വേണ്ട ഇടപെടലുകൾ നടത്താനും ഗുണമേന്മ ഉറപ്പാക്കാനും പ്രയോജനപ്പെടും.'

- പി.എ മുഹമ്മദ് റിയാസ്.

പൊതുമരാമത്ത് മന്ത്രി