sy

തിരുവനന്തപുരം: അഞ്ചുകൊല്ലം നീണ്ട പ്രണയത്തിനുശേഷം ട്രാൻസ്‌ജെൻഡർ വ്യക്തികളായ മനു കാർത്തികയും ശ്യാമ എസ്. പ്രഭയും ഇന്നലെ പ്രണയദിനത്തിൽ തിരുവനന്തപുരത്ത് ഇടപ്പഴിഞ്ഞി അളകാപുരി ഓഡിറ്റോറിയത്തിൽ വിവാഹിതരായി. ഇരുവീട്ടുകാരുടെയും പൂർണ സമ്മതത്തോടെയായിരുന്നു വിവാഹം. തിരുവനന്തപുരം സ്വദേശി ശ്യാമ സാമൂഹ്യസുരക്ഷാ വകുപ്പിൽ ട്രാൻസ്‌ജെൻഡർ സെല്ലിലെ സ്റ്റേറ്റ് പ്രോജക്ട് കോ - ഓർഡിനേറ്ററും ആക്ടിവിസ്റ്റുമാണ്. തൃശൂർ ചാലക്കുടി സ്വദേശിയായ മനു ടെക്‌നോപാർക്കിൽ സീനിയർ എച്ച്.ആർ എക്സിക്യുട്ടീവാണ്.

2017ൽ പരസ്പരം ഇഷ്ടം തുറന്നുപറയുമ്പോൾ, സ്ഥിര ജോലി നേടി, കുടുംബത്തിലെ ഉത്തരവാദിത്വങ്ങൾ പൂർത്തിയാക്കിയതിനുശേഷം മാത്രം മതി വിവാഹമെന്നായിരുന്നു ഇരുവരുടെയും തീരുമാനം. വിവാഹം കഴിക്കാൻ തീരുമാനമെടുത്ത ശേഷമാണ് ഇരുവരും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായത്. ട്രാൻസ് ജെൻഡർ സമൂഹത്തിന്റെ പുരോഗതിയിലേക്കുളള ചുവടുവയ്പ്പാണ് തങ്ങളുടെ വിവാഹമെന്ന് ഇരുവരും പറഞ്ഞു.

ട്രാൻസ്‌ജെൻഡറുകൾ എന്ന വ്യക്തിത്വത്തിൽതന്നെ നിന്നുകൊണ്ട് പരസ്പരം വിവാഹം കഴിക്കുന്നതിന് ഇന്ത്യയിൽ നിലവിൽ നിയമസാധുതയില്ല. ഇവരുടെ തിരിച്ചറിയൽ കാർഡുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത് ട്രാൻസ് ജെൻഡർ എന്നാണ്. ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് അവരുടെ ലിംഗസ്വത്വം നിലനിർത്തികൊണ്ടുതന്നെ വിവാഹം രജിസ്‌റ്റർ ചെയ്യാനായി സർക്കാരിനെയും ഹൈക്കോടതിയെയും സമീപിക്കാനാണ് ഇവരുടെ തീരുമാനം. മുൻപും ട്രാൻസ് വ്യക്തികൾ പരസ്പരം വിവാഹം കഴിച്ചിട്ടുണ്ട്. എന്നാൽ,​ രേഖകളിലെ ആൺ,​ പെൺ ഐഡന്റിന്റി ഉപയോഗിച്ചാണ് വിവാഹം രജിസ്റ്റർ ചെയ്തത്.