
തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗം കൊണ്ടുവന്ന ഇടവേളയ്ക്ക് ശേഷം ഒന്നു മുതൽ ഒൻപതു വരെ ക്ളാസുകളും ഇന്നലെ തുടങ്ങിയതോടെ സ്കൂൾ മുറ്റവും ക്ളാസ് മുറികളും വീണ്ടും ഉഷാർ. മുതിർന്ന കുട്ടികൾ ആദ്യ ദിനം തന്നെ പഠനത്തിരക്കിലേക്ക് പോയപ്പോൾ കുഞ്ഞുങ്ങൾ കൂട്ടുകാരുമായി കുശലം പറയുന്ന തിരക്കിലായിരുന്നു.
കൊവിഡ് വ്യാപന ശേഷം ആദ്യമായാണ് പ്രീപ്രൈമറി ക്ളാസുകൾ ആരംഭിച്ചത്. ആദ്യമായി സ്കൂളിലെത്തുന്നതിന്റെ അങ്കലാപ്പ് ചിലർക്കുണ്ടായിരുന്നു. അങ്കണവാടികളും ഇന്നലെ തുറന്നു.
കൊവിഡ് മാനദണ്ഡം പാലിച്ചാണ് അദ്ധ്യാപകർ കുരുന്നുകളെ വരവേറ്റത്. പ്രീ പ്രൈമറി മുതൽ ഒൻപതാം ക്ളാസ് വരെ ബാച്ച് അടിസ്ഥാനത്തിൽ ഉച്ചവരെയാണ് ഈ ആഴ്ച ക്ളാസ്. 21 മുതൽ വൈകിട്ടു വരെ ക്ളാസുണ്ടാവും.
ആശങ്കകൾക്ക് വിരാമമിട്ട് സന്തോഷത്തോടെയാണ് കുട്ടികൾ സ്‌കൂളിൽ എത്തിയതെന്ന് തിരുവനന്തപുരം തൈക്കാട് എൽ.പി.എസ് സന്ദർശിച്ച മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. വർഷാവസാന പരീക്ഷയ്ക്കു മുമ്പ് പാഠഭാഗം തീർക്കും വിധത്തിലാണ് ക്ളാസുകൾ ക്രമീകരിച്ചിരിക്കുന്നത്.