
നീരവ് മോദിയും വിജയ് മല്യയുമാണ് നിലവിൽ രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പുകേസിലെ പ്രധാനികൾ. ഇവരെ കടത്തിവെട്ടാൻ മറ്റൊരു കൂട്ടർ കൂടി എത്തിയിരിക്കുന്നു. ഗുജറാത്തിലെ എ.ബി.ജി ഷിപ്പ്‌യാർഡ് രാജ്യത്ത് ഇന്നേവരെ നടന്നിട്ടുള്ളതിൽ വച്ചേറ്റവും വലിയ ബാങ്ക് തട്ടിപ്പിന് പ്രോസിക്യൂഷൻ നേരിടാൻ പോവുകയാണ്. 22842 കോടി രൂപയാണ് ഈ കപ്പൽ കമ്പനി 28 ബാങ്കുകൾക്ക് നൽകാനുള്ളത് ! സ്വകാര്യമേഖലയിലെ ഏറ്റവും വലിയ ബാങ്കായ ഐ.സി.ഐ.സി.ഐയ്ക്കാണ് ഏറ്റവുമധികം ചേതമുണ്ടായിരിക്കുന്നത്. അവരുടെ 7089 കോടിയാണ് വെള്ളത്തിലായത്. പൊതുമേഖലാ ബാങ്കുകളിൽ 2925 കോടിയുടെ നഷ്ടവുമായി എസ്.ബി.ഐയാണു മുന്നിൽ. ഐ.ഡി.ബി.ഐ 3634 കോടി രൂപയും ബാങ്ക് ഓഫ് ബറോഡ 1614 കോടിയും പഞ്ചാബ് നാഷണൽ ബാങ്ക് 1200 കോടിയും കപ്പൽ കമ്പനിക്കു വായ്‌പയായി നൽകിയിട്ടുണ്ട്. പാപ്പരായി പ്രഖ്യാപിക്കപ്പെട്ട കമ്പനിയിൽ നിന്ന് ഇതൊക്കെ തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷ വിദൂരമാണ്. വൻകിട ബാങ്ക് തട്ടിപ്പുകളിലെല്ലാം അങ്ങനെയാണല്ലോ കണ്ടുവരുന്നത്.
ഷിപ്പിംഗ് കമ്പനിക്കും അതിന്റെ ഡയറക്ടർമാർക്കുമെതിരെ സി.ബി.ഐ കഴിഞ്ഞ വാരാന്ത്യത്തിൽ കേസെടുത്ത് അന്വേഷണം വിപുലമാക്കിയിട്ടുണ്ട്. മൂന്നുവർഷം മുൻപേതന്നെ കമ്പനിയുടെ തട്ടിപ്പുകൾ പുറത്തുവന്നെങ്കിലും നടപടി ഇത്രയും വൈകിപ്പിച്ചതിന് അന്വേഷണ ഏജൻസിക്കോ കേന്ദ്ര അധികൃതർക്കോ വിശദീകരണമൊന്നുമില്ല. 2012നും 2017നുമിടയ്ക്കാണ് കമ്പനി ഡയറക്ടർമാരെല്ലാം ചേർന്ന് ഭീമമായ വായ്പയ്ക്കായി ബാങ്കുകളെ സമീപിക്കുന്നത്. ബാങ്കുകളുടെ കൺസോർഷ്യമുണ്ടാക്കി 22842 കോടി രൂപ വായ്പയായി നൽകുകയും ചെയ്തു. ബാങ്കുകൾ നൽകിയ വായ്പ കമ്പനിയുടെ ആവശ്യങ്ങൾക്കു ചെലവഴിക്കാതെ വകമാറ്റുകയായിരുന്നു. ചെയർമാനും ഡയറക്ടർമാരും ഈ തട്ടിപ്പിൽ ഒരുപോലെ പങ്കാളികളാണെന്ന് സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്.
വൻതോതിൽ വായ്പ അനുവദിക്കുന്ന ബാങ്കുകൾക്ക് പണം യഥാർത്ഥ ആവശ്യത്തിനു തന്നെയാണോ വിനിയോഗിക്കുന്നതെന്നു ഉറപ്പാക്കേണ്ട ബാദ്ധ്യതയില്ലേ? കിട്ടിയ വായ്‌പ വകമാറ്റി മറ്റു കാര്യങ്ങൾക്കുവേണ്ടി ചെലവിടുകയും കള്ളക്കണക്കുകൾ സൂക്ഷിക്കുകയും ചെയ്ത കമ്പനിക്കു മൂക്കുകയറിടാൻ കഴിയാതിരുന്ന ബാങ്കുകൾ കപ്പൽ കമ്പനിയുടെ വായ്പ അപ്പാടെ നിഷ്‌ക്രിയ ആസ്തിയാക്കി കൈയും കെട്ടിയിരിക്കുന്ന വിചിത്ര കാഴ്ചയാണു കാണുന്നത്. സാധാരണക്കാരുടെ അൻപതിനായിരം രൂപയുടെ വായ്പ പോലും ഈടാക്കാൻ കിടപ്പാടത്തിനു മേൽ വരെ കൈവയ്ക്കാറുള്ള ബാങ്കുകൾ ഇതുപോലുള്ള വമ്പന്മാരുടെ കടം എത്ര വലുതാണെങ്കിലും ചെറുവിരൽ പോലും അനക്കില്ല. ഇത്തരം തട്ടിപ്പുകാർക്കും കമ്പനികൾക്കും ലഭിക്കുന്ന രാഷ്ട്രീയ സംരക്ഷണം തന്നെയാണ് അതിനു കാരണം. വൻകിടക്കാർക്കു എത്രവേണമെങ്കിലും വായ്പ അനുവദിക്കാൻ സർക്കാർ തലത്തിൽത്തന്നെ വൻ സമ്മർദ്ദങ്ങളുണ്ടാകാറുണ്ട്. വ്യവസായ പുരോഗതിയും അതുവഴി വൻതോതിൽ പുതിയ തൊഴിലവസരങ്ങളും ലക്ഷ്യമിട്ടാണ് ഇതൊക്കെ നടക്കുന്നതെങ്കിലും ധാരാളം കള്ളക്കളികൾക്കും അറിഞ്ഞും അറിയാതെയും കൂട്ടുനിൽക്കുന്നതും പതിവാണ്.
ഗുജറാത്തിൽ രണ്ടിടത്ത് കപ്പൽ നിർമ്മാണശാലകൾ നടത്തുന്ന സ്ഥാപനമാണ് എ.ബി.ജി ഷിപ്പ്‌യാർഡ്. പാപ്പരായതോടെ കമ്പനിയുടെ പ്രവർത്തനവും നിലച്ചു. വായ്‌പ തിരിച്ച് ഈടാക്കുകയെന്നത് ബാങ്കുകളെ സംബന്ധിച്ചിടത്തോളം ക്ഷിപ്രസാദ്ധ്യമൊന്നുമല്ല. പഞ്ചാബ് നാഷണൽ ബാങ്കിനെ 13500 കോടി രൂപ കബളിപ്പിച്ച് വിദേശത്തേക്കു കടന്ന വജ്രവ്യാപാര സ്ഥാപനങ്ങളുടെ ഉടമയായ നീരവ് മോദിയും മദ്യരാജാവെന്ന് അറിയപ്പെട്ടിരുന്ന വിജയ് മല്യയും ഉദാഹരണങ്ങളായി മുന്നിലുണ്ട്. മല്യ ഇതുപോലെ ബാങ്കുകളുടെ കൺസോർഷ്യത്തെ കബളിപ്പിച്ച് 9500 കോടി രൂപയുമായാണ് രാജ്യം വിട്ടത്. നിയമക്കുരുക്കുകൾ ഒന്നൊന്നായി പൊട്ടിച്ച് ലണ്ടനിൽ ഇപ്പോഴും സസുഖം വാഴുകയാണ് അദ്ദേഹം. അതുപോലെ എ.ബി.ജി കപ്പൽ കമ്പനിയുടെ ചെയർമാനും ഡയറക്ടർമാരും തങ്ങളുടെ അളവറ്റ സമ്പാദ്യവുമായി നിയമത്തിനു പിടികൊടുക്കാതെ എന്ന് സ്ഥലംവിടുമെന്നേ ഇനി അറിയാനുള്ളൂ. ബാങ്ക് തട്ടിപ്പുകൾ തടയാൻ ഒട്ടേറെ കരുതൽ നിയമങ്ങൾ വന്നിട്ടും പ്രബലന്മാർക്ക് അവസരങ്ങൾ തുറന്നുതന്നെ കിടക്കുകയാണ്. തട്ടിപ്പുകൾ യഥാസമയം കണ്ടെത്താനോ കണ്ടെത്തിയാൽത്തന്നെ ഉടനടി ഇടപെടാനോ കഴിയാത്തതാണ് അവ ആവർത്തിക്കാൻ കാരണം. കപ്പൽ കമ്പനിയുടെ തട്ടിപ്പുതന്നെ അറിയേണ്ടവരെല്ലാം എന്നേ അറിഞ്ഞതാണ്. ഒരു നടപടിയും എടുത്തില്ലെന്നു മാത്രം.