photo

നെടുമങ്ങാട്: പ്രകൃതി രമണീയമായ അമ്മാവൻപാറയും അനുബന്ധ റവന്യൂ ഭൂമിയും കൈയേറാനുള്ള നീക്കം സർക്കാർ അനുവദിക്കില്ലെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ജനകീയ പ്രതിഷേധം ശക്തമായതോടെ മന്ത്രി സ്ഥലം സന്ദർശിച്ചു. കൈയേറ്റത്തിനെതിരെ അമ്മാവൻപാറ സംരക്ഷണ സമിതി രൂപീകരിച്ച് സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പ്രദേശവാസികളും രംഗത്തുവന്നിരുന്നു.

നെടുമങ്ങാട് നഗരസഭയിലെ ചിറക്കാണി വാർഡിൽ ഉൾപ്പെട്ട വേങ്കോട് പ്രദേശത്താണ് നൂറ്റാണ്ടുകൾ പഴക്കമുള്ള അമ്മാവൻപാറ സ്ഥിതിചെയ്യുന്നത്. പാറയുടെ സമീപത്തായി റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള 10.5 ഏക്കർ ഭൂമിയാണ് കൈയേറാൻ ശ്രമിക്കുന്നത്.

സമീപത്തെ സ്വകാര്യ ആശുപത്രിക്കുള്ള വസ്‌തു അളന്നു തിട്ടപ്പെടുത്തുകയാണെന്ന് നാട്ടുകാരെ ബോദ്ധ്യപ്പെടുത്തിയശേഷം അളവു നടത്തിയപ്പോൾ റവന്യൂഭൂമി കൂടി അളന്ന് സർവേ കല്ലുകൾ സ്ഥാപിച്ചെന്നാണ് ആരോപണം. കൂറ്റൻ മരങ്ങൾ മുറിച്ചുമാറ്റിയതോടെയാണ് ആശുപത്രി മാനേജ്മെന്റിന്റെ കൈയേറ്റം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

അമ്മാവൻപാറ വിനോദ സഞ്ചാര കേന്ദ്രമാക്കുന്നതിന് നെടുമങ്ങാട് നഗരസഭ സർക്കാരിന് സമർപ്പിച്ച പ്രോജക്ടിൽ നടപടികൾ അടുത്തിടെ ആരംഭിച്ചിരുന്നു. മന്ത്രിയോടൊപ്പം അമ്മാവൻപാറ സംരക്ഷണ സമിതി പ്രവർത്തകരായ എസ്.എസ്. ബിജു, പി.കെ. രാധാകൃഷ്ണൻ, വേങ്കോട് മധു, അഖിൽ എന്നിവരുമുണ്ടായിരുന്നു.