വക്കം: കൊവിഡ് ബാധയ്ക്ക് ശേഷം ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾക്ക് രോഗികൾ ഇപ്പോൾ ഏറെ ആശ്രയിക്കുന്നത് ഹോമിയോ ചികിത്സയും, ആയൂർവേദ ചികിത്സയുമാണ്. എന്നാൽ വക്കത്ത് കൊവിഡാനന്തര ചികിത്സയ്ക്ക് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നതായി പരാതി. വക്കം ആയൂർവേദ ഡിസ്‌പെൻസറിയിൽ ഡോക്ടറുടെ സേവനം തന്നെ ദിവസങ്ങൾ മാത്രമാണ്. കിടത്തി ചികിത്സയടക്കം ആവശ്യമുള്ളവരെ മറ്റ് ആശുപത്രികളിലേയ്ക്ക് പറഞ്ഞു വിടുകയാണിപ്പോൾ. രണ്ട് കുടസു മുറികളിൽ പ്രവർത്തിക്കുന്ന ഡിസ്‌പെൻസറിയിൽ ഒടിവോ, ചതവോ ആയി വരുന്നവരുടെ കാര്യം കഷ്ടം തന്നെ. അവരുടെ പരിചരണത്തിനാവശ്യമായ മുറികൾ ഇവിടെയില്ല. ഹോമിയോ ഡിസ്‌പെൻസറിയുടെ കാര്യവും ഇതു തന്നെ. രോഗികൾക്ക് മരുന്ന് നൽകി ഒബ്സർവേഷനിൽ വയ്ക്കാനുള്ള സൗകര്യം പോലും ഇവിടെയില്ല. സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ആയൂർവേദ, ഹോമിയോ ഡിസ്‌പെൻസറികൾക്ക് സൗകര്യപ്രദമായ കെട്ടിടങ്ങൾ കണ്ടത്തി ചികിത്സാ സൗകര്യങ്ങൾ വിപുലീകരിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് സി.പി.ഐ വക്കം ലോക്കൽ കമ്മിറ്റി സെക്രട്ടറി അനിൽ ദത്ത് നിവേദനം നൽകി.