
ഹണി റോസ് തെലുങ്ക് സംസാരിക്കാൻ തുടങ്ങി. രണ്ടുമാസത്തെ ഒാൺലൈൻ ക്ളാസിൽ മുടങ്ങാതെ ഹാജർ വച്ചതിന്റെ ഗുണം. സൂപ്പർതാരം നന്ദിമുരി ബാലകൃഷ്ണയുടെ നായികയാവാനായിരുന്നു തെലുങ്ക് പഠനം .പതിനഞ്ചുവർഷത്തിനുശേഷം ഹണി റോസ് തെലുങ്കിൽ എത്തുകയാണ്.ഡോൺ സീനു, ക്രാക്, വിന്നർ തുടങ്ങി നിരവധി തെലുങ്ക് ചിത്രങ്ങൾ ഒരുക്കിയ ഗോപിചന്ദ് മലിനേനി ആണ് സംവിധാനം. ശ്രുതി ഹാസനാണ് മറ്റൊരു നായിക. പ്രശസ്തമായ മൈത്രി മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഹൈദരാബാദിൽ പുരോഗമിക്കുന്നു. 
സുന്ദർ.സി നിർമ്മിക്കുന്ന 'പട്ടാമ്പൂച്ചി" എന്ന ചിത്രത്തിലൂടെ ഇടവേളയ്ക്കുശേഷം തമിഴിലും ഹണി റോസ് എത്തുന്നു. രണ്ടുവർഷം മുൻപ് മോഹൻലാൽ ചിത്രം ബിഗ് ബ്രദറിലാണ് ഹണി റോസിനെ നമ്മൾ അവസാനം കണ്ടത്. വീണ്ടും കാണാൻ പോവുന്നത് പുലിമുരുകനുശേഷം മോഹൻലാലും വൈശാഖും ഒന്നിക്കുന്ന 'മോൺസ്റ്റർ" എന്ന ചിത്രത്തിൽ. സ്വന്തം പേരിനെ ബ്രാൻഡാക്കി മാറ്റിയ 'ഹണി ബാത്ത് സ് ക്രബർ" ബിസിനസ് ഹിറ്റായി ഒാടിക്കൊണ്ടിരിക്കുന്നു. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിൽ നിന്നാരംഭിച്ച അഭിനയയാത്ര പതിനേഴുവർഷം എത്തുമ്പോൾ സിനിമയും ഹണി റോസും അഗാധമായ പ്രണയത്തിൽത്തന്നെയാണ് .ലൊക്കേഷനിലെ ഇടവേളയിൽ ഹണി റോസ് മിണ്ടി തുടങ്ങി.
ട്രോളിലും വീഡിയോയിലും 
കണ്ട ആളല്ല
വിനയൻ സാർ സംവിധാനം ചെയ്ത 'ബോയ് ഫ്രണ്ട് " കഴിഞ്ഞു 'ആലയം" എന്ന തെലുങ്ക് ചിത്രത്തിൽ അഭിനയിച്ചു. പിന്നെ അവിടെനിന്നു നല്ല അവസരം വന്നില്ല. ബാലകൃഷ്ണ സാറിന്റെ നായികയായി ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല. ഹൈദരാബാദിൽ ചിത്രത്തിന്റെ ഫോട്ടോ ഷൂട്ടിന് വന്നപ്പോഴാണ് ബാലകൃഷ്ണ സാറിനെ ആദ്യം കാണുന്നത്. ബാലകൃഷ്ണ സാർ ചൂടനാണ് . പെട്ടെന്ന് ദേഷ്യം വരും എന്നാണ് ട്രോളുകളിലും വീഡിയോകളിലും കണ്ടിട്ടുള്ളത്. ആ ഇമേജ് തന്നെയായിരുന്നു എന്റെ മനസിലും. എന്നാൽ സ്നേഹ സമ്പന്നനും വിനീതനും തമാശകൾ പറയുന്ന ആളിനെയാണ് കണ്ടത്. പെട്ടെന്ന് വന്നു സംസാരിച്ചു. മൂന്നുമണിക്കൂർ നേരം കൊണ്ട് ബാലകൃഷ്ണ സാർ എല്ലാ ഇമേജും തകർത്തു.ഒപ്പം ജോലി ചെയ്യാൻ കംഫർട്ടാക്കി മാറ്റി.ബാലകൃഷ്ണൻ സാറിന്റെ സിനിമയുടെ ഭാഗമാവാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.യു.എസിലാണ് അടുത്ത ഷെഡ്യൂൾ.
മാറ്രം സംഭവിക്കുന്ന 
രൂപം
പതിനഞ്ചാം വയസിലാണ് സിനിമയിൽ വരുന്നത്. ആസമയത്ത് സിനിമയെ ഗൗരവമായി കണ്ടില്ല. ജന്മസിദ്ധമായ കഴിവില്ല. സിനിമയോട് പാഷൻ തോന്നി തുടങ്ങിയപ്പോൾ മുതൽ ആത്മാർത്ഥമായ പരിശ്രമം തുടങ്ങി. വളരെ പതുക്കെയായിരുന്നു അത്. ഒാരോ കഥാപാത്രത്തിലേക്കും എത്തിപ്പെടാൻ സമയമെടുത്തു. നല്ല സിനിമകൾ വരണമെന്നും ചെയ്യണമെന്നും ആഗ്രഹിച്ചു. അപ്പോൾ മാറ്റം വരുത്താൻ ശ്രമിക്കും. കഥാപാത്രത്തെ കുറെകൂടി നന്നാക്കി ഉൾക്കൊണ്ട് ചെയ്യാമായിരുന്നെന്ന തോന്നൽ എപ്പോഴും കാണുമല്ലോ. അത് രൂപത്തിലൂടെയും അഭിനയത്തിലൂടെയും കൊണ്ടുവരാൻ ശ്രമിക്കുന്നു. അത് എത്രമാത്രം വിജയിക്കുന്നുണ്ടെന്ന് അറിയില്ല. ബോയ് ഫ്രണ്ടിനുശേഷമുള്ള സിനിമ കണ്ടവർ 'ആളാകെ മാറിയല്ലോ"എന്നു പറഞ്ഞു. മാറ്റം സംഭവിക്കുന്ന രൂപമാണ് എന്റേതെന്ന് തോന്നുന്നു. പിന്നെ സമയം പ്രധാനം. അപ്പോൾ മാറ്റം സംഭവിക്കും.ജീവിച്ചിരിക്കുന്ന സമയം വരെ സിനിമയിൽ ഉണ്ടാവാനാണ് ആഗ്രഹം. അത്രമാത്രം പാഷനാണ് സിനിമയോട്.
മസിലു  പിടിത്തം 
എളുപ്പമല്ല
ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനി മുതൽ മോൺസ്റ്റർ വരെയുള്ള സിനിമയിലെ കഥാപാത്രങ്ങളെല്ലാം ബോൾഡാണ്. അഭിനയ യാത്രയിൽ ബ്രേക്ക് തന്ന കഥാപാത്രമാണ് ധ്വനി. വളരെ ശക്തയും തീരുമാനങ്ങൾ സ്വയം എടുക്കുകയും വലിയ കാഴ്ചപ്പാടുള്ള ആളാണ് ധ്വനി. അതിനുശേഷം വന്നവരെല്ലാം ബോൾഡും ഗ്രേ ഷെയ്ഡും മസിലുപിടിച്ചുമുള്ള കഥാപാത്രങ്ങൾ. അത്തരം കഥാപാത്രങ്ങൾ വരിക എളുപ്പമല്ല.ട്രിവാൻഡ്രം ലോഡ്ജ് വിജയ സിനിമയായതുകൊണ്ട് അത്തരം കഥാപാത്രം വരുമ്പോൾ 'ആ കുട്ടി ഒാകെ" എന്ന് തോന്നിയിട്ടുണ്ടാവും. ബോൾഡ് കഥാപാത്രങ്ങളിൽനിന്ന് ഒരു ബ്രേക്ക് സംഭവിക്കാം, സംഭവിക്കാതിരിക്കാം. ഞാൻ അത് ആസ്വദിക്കുന്നു. എന്നാൽ ഇതുവരെ ചെയ്തതിൽനിന്ന് വ്യത്യസ്ത കഥാപാത്രമാണ്  മോൺസ്റ്ററിൽ.
പതിനേഴുവർഷത്തെ 
പഠിത്തം
സിനിമയിൽ എത്തിയിട്ട് പതിനേഴ് വർഷം ആയി. നീണ്ട യാത്രയായി അതു മാറുമെന്ന് വിചാരിച്ചില്ല .എന്തൊക്കെയോ സിനിമയിൽനിന്ന് പഠിച്ചു. ഇപ്പോഴും പഠിക്കുന്നു. നന്നായി പോവാൻ കഴിയുന്നുണ്ട്. വർഷത്തിൽ ഒന്നോ രണ്ടോ സിനിമ. അല്ലെങ്കിൽ രണ്ടോ മൂന്നോവർഷം കൂടുമ്പോൾ സിനിമ ചെയ്യുന്നു. വേണമെങ്കിൽ നിറുത്തി പോവാം.അതിന് എപ്പോഴെ സമയം കഴിഞ്ഞു.എന്നാൽ സിനിമ കുറഞ്ഞപ്പോഴും ഇനി വേണ്ട എന്ന് ഒരിക്കൽപോലും തോന്നിയില്ല. എന്റെമേൽ ഏറ്റവും കൂടുതൽ വിശ്വാസം എനിക്ക് തന്നെയാണ്. ഇവിടെത്തന്നെ നിൽക്കണം. നല്ല അവസരം വരുമെന്ന പ്രതീക്ഷയിൽ സിനിമയോടുള്ള ഇഷ്ടത്തിലും ആഗ്രഹത്തിലും യാത്ര തുടരുന്നു.ലോക ്ഡൗൺ സമയത്ത് ശരീരം ശ്രദ്ധിച്ച് വർക്കൗട്ടിന് വേണ്ടി കൂടുതൽ സമയം ചിലവഴിച്ചു. ജീവിതത്തിൽ ആദ്യമായാണ് വർക്കൗട്ട് രണ്ടും മൂന്നും മണിക്കൂർ ചെയ്യുന്നത്. സിനിമയിൽ നിൽക്കുമ്പോൾ അത് ഉത്തരവാദിത്വം കൂടിയാണ്. കുറച്ച് ഭക്ഷണം കഴിച്ചാൽ പോലും വണ്ണം വയ്ക്കും. വീട്ടിലിരുന്ന സമയത്ത് ഭയങ്കരമായി വണ്ണം വയ്ക്കാം. എന്നാൽ ഒരുപരിധിവരെ വർക്കൗട്ടിലൂടെ നിയന്ത്രിക്കാൻ കഴിഞ്ഞു.എപ്പോഴും നന്നായിരിക്കാൻ ശ്രമിക്കുന്നു.
സംവിധാനം 
ഹണിറോസ്
സിനിമയെ ഒരുപാട് ഇഷ്ടപ്പെടുന്നതിനാൽ സംവിധാനം ആഗ്രഹവും ലക്ഷ്യവുമാണ്. സംവിധാനം പോലെ നിർമ്മാണവും ആഗ്രഹമുണ്ട്. കഥകൾ ആലോചിക്കാറുണ്ട്. എഴുത്തിലേക്ക് വന്നിട്ടില്ല. അവസരങ്ങൾ വരാതെയിരുന്നപ്പോഴാണ് സിനിമയെ ഗൗരവമായി കണ്ടുതുടങ്ങിയത്. ഒന്ന് അഭിനയിച്ചുകഴിഞ്ഞാൽ പിന്നെ ഇഷ്ടംപോലെ അവസരം വരുമെന്നാണ് കരുതിയത്. ബോയ് ഫ്രണ്ട് സാമാന്യ വിജയമാണ് നേടിയത്. അതിനുശേഷം മലയാളത്തിൽനിന്ന് അവസരം വന്നില്ല. തെലുങ്കിലും തമിഴിലും ഒരോ സിനിമ ചെയ്തു. നാലഞ്ചുവർഷം കഴിഞ്ഞപ്പോൾ ആലോചിച്ചു ഒരു വിജയ സിനിമയുടെ ഭാഗമാവാൻ കഴിയുന്നില്ലല്ലോയെന്ന് എന്റെ കൈയിൽ കുഴപ്പമുണ്ടോയെന്ന് ചിന്തിച്ചു. നന്നായി അഭിനയിക്കാത്തതാണോ കാരണം. അങ്ങനെ കാടു കയറി. സിനിമത്തന്നെ വേണമെന്നും നല്ല കഥാപാത്രം ചെയ്യണമെന്നും ആഗ്രഹിക്കുമ്പോഴാണ് ട്രിവാൻഡ്രം ലോഡ്ജ് എത്തുന്നത്. അത് ദൈവത്തിന്റെ അനുഗ്രഹമാണ്. നമ്മൾ പോകുന്ന വഴിയിൽ ദൈവം ഒാരോന്ന് ഇട്ടുതരും. അതിൽ കയറി പിടിച്ചു പോകാൻ. എപ്പോഴും കൂട്ടിന് ദൈവത്തിന്റെ അനുഗ്രഹം.