
തിരുവനന്തപുരം: പി.എസ്.എൽ.വി - സി 52 റോക്കറ്റ് മൂന്ന് ഉപഗ്രഹങ്ങളെ കിറുകൃത്യതയോടെ നിർദ്ദിഷ്ട ഭ്രമണപഥത്തിലെത്തിച്ചു. ഐ.എസ്.ആർ.ഒയുടെ പുതുവർഷത്തെ ആദ്യ വിക്ഷേപണം സമ്പൂർണവിജയം. മലയാളിയായ എസ്. സോമനാഥ് ഐ.എസ്.ആർ.ഒ ചെയർമാനായി ചുമതലയേറ്റശേഷമുള്ള ആദ്യ വിക്ഷേപണമായിരുന്നു ഇന്നലത്തേത്.
ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് പുലർച്ചെ 5.59നായിരുന്നു വിക്ഷേപണം. റഡാർ ഇമേജിംഗ് ഉപഗ്രഹമായ ഇ.ഒ.എസ്- 04 ആയിരുന്നു പ്രധാന ഉപഗ്രഹം, ഇൻസ്‌പെയർ സാറ്റ് -1, ഐ.എൻ.എസ് - 2 ടി.ഡി എന്നീ ചെറു ഉപഗ്രഹങ്ങളാണ് മറ്റുള്ളവ. 1710 കിലോഗ്രാം ഭാരമുള്ള ഇ.ഒ.എസ്- 04ന് പ്രതികൂല കാലാവസ്ഥയിലും വ്യക്തതയുള്ള ചിത്രങ്ങളെടുക്കാനാവും.
ഇൻസ്‌പെയർസാറ്റ്- 01 നിർമ്മിച്ചത് തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ വിദ്യാർത്ഥികളും കൊളറാഡോ സർവകലാശാലയിലെ ലബോറട്ടറി ഫോർ അറ്റമോസ്ഫറിക് ആൻഡ് സ്‌പേസ് ഫിസിക്സും ചേർന്നാണ്. അയണോസ്ഫിയർ പഠനവും സൂര്യന്റെ കൊറോണയെക്കുറിച്ചുള്ള പഠനവുമാണ് ലക്ഷ്യം. ഒരു വർഷമാണ് കാലാവധി. ഇന്ത്യയുടെയും ഭൂട്ടാന്റെയും സംയുക്ത ദൗത്യത്തിന്റെ തുടക്കമാണ് ഐ.എൻ.എസ്- 2 ടി.ഡി. ആറു മാസമാണ് കാലാവധി.
രാവിലെ 5.59ന് തന്നെ ഉപഗ്രഹങ്ങളുമായി റോക്കറ്റ് കുതിച്ചുയർന്നു. 17 മിനിറ്റിനുള്ളിൽ ഭൂമിയിൽ നിന്ന് 529 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ ഇ.ഒ.എസ്- 04നെ വിക്ഷേപിച്ചു. ഒരു മിനിറ്റിന് ശേഷം മറ്റ് രണ്ട് ഉപഗ്രഹങ്ങളേയും റോക്കറ്റിന്റെ നാലാം സ്റ്റേജ് കുന്തമുന പുറത്തേക്ക് തള്ളി.
വിക്ഷേപിച്ച് മിഷങ്ങൾക്കകം ഉപഗ്രഹത്തിന്റെ സോളാർ പാനലുകൾ വിടർന്ന് സ്വയം ഇന്ധനം ശേഖരിച്ച് തുടങ്ങി. രണ്ടു ദിവസത്തിനുള്ളിൽ ഉപഗ്രഹങ്ങൾ ദൗത്യനിർവ്വഹണത്തിന് സജ്ജമാകുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു.
കൊവിഡ് മൂലം കഴിഞ്ഞ വർഷം രണ്ട് വിക്ഷേപണങ്ങൾ മാത്രമാണ് നടത്താനായത്. ഇതിൽ തന്നെ ആഗസ്റ്റ് 12ന് ജി.എസ്.എൽ.വി ഉപയോഗിച്ച് നടത്തിയ ഇ.ഒ.എസ്- 03 വിക്ഷേപണം പരാജയപ്പെട്ടിരുന്നു.
സ്ഫോടനമൊഴിവാക്കാൻ
ഇന്ധനം കളഞ്ഞു
ഉപഗ്രഹങ്ങൾ വിക്ഷേപിച്ച ശേഷം നാലു മിനിറ്റ് കൂടി മുകളിലേക്ക് സഞ്ചരിച്ച റോക്കറ്റ് ഒാക്സീകരിച്ച നൈട്രജനും മോണോ മീഥൈൽ ഹൈഡ്രോക്സിനും ചേർന്ന ഇന്ധന ശേഷിപ്പ് പുറത്തേക്ക് തള്ളി. ഇതിന് പത്തു മിനിറ്റ് വേണ്ടിവന്നു. അതിന് ശേഷമാണ് റോക്കറ്റ് ഭാഗം ഉപേക്ഷിച്ചത്. ഇന്ധനമുൾപ്പെടെ ഉപേക്ഷിക്കുകയായിരുന്നു മുൻകാലങ്ങളിലെ രീതി. മറ്റേതെങ്കിലും ഉപഗ്രഹങ്ങളുമായോ, ബഹിരാകാശ വസ്തുക്കളുമായോ കൂട്ടിയിടിച്ച് സ്ഫോടനമുണ്ടാകാനുള്ള സാദ്ധ്യത ഇതിനുണ്ടായിരുന്നു. ഇതൊഴിവാക്കാനാണ് ഇന്ധനം കളഞ്ഞ് റോക്കറ്റ് ഭാഗം ഉപേക്ഷിക്കുന്നത്.
"ആത്മവിശ്വാസം നൽകിയ വിക്ഷേപണം. അടുത്ത ദൗത്യവുമായി ഉടനെത്തും."
-എസ്. സോമനാഥ്,
ചെയർമാൻ, ഐ.എസ്.ആർ.ഒ