തിരുവനന്തപുരം: 'മഞ്ചാടിക്കിളി മൈനാ....' എൽ.കെ.ജിക്കാരി ശ്രാവണ പാടുകയാണ്...മുന്നിലിരിക്കുന്നത് വിദ്യാഭ്യാസമന്ത്രിയാണെന്നോ ചുറ്റും കാമറാക്കണ്ണുകളുണ്ടെന്ന പരിഭവമോയില്ലാതെ. പാട്ടിന് സമ്മാനമായി മന്ത്രി നൽകിയത് കൈ നിറയെ മധുരം. ശ്രാവണയ്ക്ക് മാത്രമല്ല പാട്ടുപാടിയ കൃഷ്ണയ്ക്കും ജസ്റ്റനും കലാഭവൻ മണിയുടെ ചാലക്കുടി ചന്തയ്ക്കു പോയപ്പോ എന്ന നാടൻ പാട്ട് പാടിയ ആഞ്ജനെയനും ഇവരെ കൈയടിച്ച് പ്രോത്സാഹിപ്പിച്ച കൂട്ടുകാർക്കുമെല്ലാം മന്ത്രി വി.ശിവൻകുട്ടി മധുരം നൽകി സ്വീകരിച്ചു.കുട്ടികൾ തിരികെ മന്ത്രിക്ക് നൽകിയത് വീടുകളിൽ നിന്ന് കൊണ്ടുവന്ന പൂക്കളായിരുന്നു.ഏറെ നാളുകൾക്കു ശേഷം സ്കൂൾ വീണ്ടും തുറന്നപ്പോൾ തൈക്കാട് ഗവൺമെന്റ് എൽ.പി.എസിൽ എത്തിയതായിരുന്നു മന്ത്രി വി.ശിവൻകുട്ടി. കുട്ടികളോട് കുശലം ചോദിച്ചും അവർക്കൊപ്പമിരുന്നും മന്ത്രി അവരിലൊരാളായി.
ഒന്നു മുതൽ ഒൻപത് വരെയുള്ള കുട്ടികൾക്ക് ഈ ആഴ്ചയിൽ ബാച്ച് അടിസ്ഥാനത്തിൽ ഉച്ചവരെയാണ് കാസുകൾ. ശനിയാഴ്ച പ്രവൃത്തിദിനമാക്കിയതുൾപ്പെടെയുള്ള വിഷയത്തിൽ അദ്ധ്യാപക സംഘടനകളുടെ എതിർപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയേണ്ട സമയമല്ലെന്ന് മന്ത്രി പറഞ്ഞു. ഓൺലൈൻ ക്ളാസുകൾ തുടരും.സ്കൂൾ മുഴുവൻ സമയം പ്രവർത്തന സജ്ജമാക്കുന്നതിന് രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും പിന്തുണയുണ്ട്. വരും ദിനങ്ങളിൽ കുട്ടികളുടെ പങ്കളിത്തം വർദ്ധിക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി അഭിപ്രായപ്പെട്ടു.എ.ഡി.പി.ഐ ഷൈൻമോൻ, ഡെപ്യൂട്ടി ഡയറക്ടർ സന്തോഷ് കുമാർ .എസ്,സ്കൂൾ ഹെഡ്മാസ്റ്റർ എം.ഷാജി, കൗൺസിലർ മാധവദാസ്,അദ്ധ്യാപികമാരായ സുലേഖ, ഷെർലി,സുനിത തുടങ്ങിയവരും പങ്കെടുത്തു.