ആറ്റിങ്ങൽ: പത്ത് മക്കളുള്ള അമ്മയെ നോക്കുന്നത് സംബന്ധിച്ച് തർക്കം. അമ്മ അഞ്ച് മണിക്കൂറോളം നടുറോഡിൽ അംബുലൻസിൽ കിടക്കേണ്ടിവന്നു. ആറ്റിങ്ങൽ കടുവയിൽ കൊക്കോട്ടുകോണം ലളിത വിലാസത്തിൽ ലളിതമ്മയ്ക്കാണ് (85) ഈ ദുർഗതി. പത്ത് മക്കൾക്കും സ്വത്തുവകകളും കൈവശമുള്ള പണവും പങ്കു വച്ചു നൽകിയിരുന്നു. നാലാമത്തെ മകളുടെ വീടായ കാഞ്ഞിരംകോണം പുത്തൻ വീട്ടിൽ അവശ നിലയിലായി ട്യൂബിട്ട് കിടക്കുന്ന അമ്മയെ മകൾ അംബുലൻസിൽ കയറ്റി അഞ്ചാമത്തെ മകളുടെ വീടായ ആറ്റിങ്ങൽ ഭാസ്കർ വില്ലയിൽ കൊണ്ടുവന്നു. എന്നാൽ ആ മകൾ അമ്മയെ സ്വീകരിക്കാൻ തയ്യാറായില്ല. ഇതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. നാലാമത്തെ മകൾ സ്ട്രക്ചറിൽ അമ്മയെ എടുത്ത് അഞ്ചാമത്തെ മകളുടെ വീടിന് മുന്നിൽ വച്ചതോടെ നാട്ടുകാരും വാർഡ് കൗൺസിലറും ഇടപെടുകയായിരുന്നു.
അമ്മയുടെ മൂത്ത മകൾ വീണ് നട്ടെല്ലിന് ക്ഷതം സംഭവിച്ചതിനാൽ ആശുപത്രിയിലാണെന്നും ചേച്ചിയെ നോക്കാൻ നാലാമത്തെ മകൾക്ക് പോകേണ്ടതുള്ളതുകൊണ്ടുമാണ് അമ്മയെ അഞ്ചാമത്തെ മകളുടെ വീട്ടിൽ എത്തിച്ചതെന്നാണ് അറിയുന്നത്. അമ്മയെ മക്കൾ രണ്ടുപേരും കൈയേൽക്കാതെ വന്നതോടെ നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി സംസാരിച്ചപ്പോൾ അമ്മയെ അഞ്ചാമത്തെ മകളുടെ വീട്ടിൽ മൂന്ന് മാസം താമസിപ്പിക്കാൻ തീരുമാനിച്ചു. മൂന്ന് മാസം വീതം ഓരോ മക്കളും നോക്കിക്കൊള്ളാമെന്ന് സ്റ്റേഷനിൽ എഴുതി വച്ചശേഷമാണ് ലളിതമ്മയ്ക്ക് ആംബുലൻസിൽ നിന്ന് മോചനം ലഭിച്ചത്.