
തിരുവനന്തപുരം: അനന്തപുരി എഫ്.എം നഷ്ടപ്പെടാതിരിക്കാൻ തുടർന്നും ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. വിഷയത്തിന്റെ ഗൗരവം വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് ടാക്കൂറുമായി സംസാരിക്കും. .അദ്ദേഹം തിരിഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ഡൽഹിയിലുണ്ടായിരുന്നില്ല. അതു കൊണ്ടാണ് സഹമന്ത്രി എൽ.മുരുകന് നിവേദനം നൽകിയതെന്ന് മുരളീധരൻ കേരളകൗമുദിയോടു പറഞ്ഞു.
അനന്തപുരി എഫ്.എം നിറുത്തലാക്കിയതിലും ഹിന്ദി പരിപാടികൾ കുത്തിനിറച്ച് വിവിധ് ഭാരതി മലയാളം എന്ന് പേര് മാറ്റിയതിലും ശ്രോതാക്കളുടെ നിരാശയും പ്രതിഷേധവും 'കേരളകൗമുദി' ചൂണ്ടിക്കാട്ടിയതോടെ 10ന് കേന്ദ്രമന്ത്രി വി. മുരളീധരൻ ഇടപെട്ടിരുന്നു. ഇതേ തുടർന്ന് അനന്തപുരി എഫ്.എമ്മിന്റെ കഥ കഴിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥർ 11 മുതൽ വിവിധ് ഭാരതി മലയാളം എന്നതിനു പകരം 'ഇത് അനന്തപുരി വിവിധ് ഭാരതി മലയാളം' എന്നായി പേര് മാറ്റിയെങ്കിലും ഹിന്ദി പരിപാടികൾ അതേപടി തുടരുകയായാണിപ്പോഴും. .ദേശവ്യാപകമായി എഫ്.എം സ്റ്റേഷനുകളുടെ പേര് മാറ്റാൻ വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് തീരുമാനമെടുത്തിട്ടുണ്ടോ എന്നറിയില്ല. എങ്കിൽ അനന്തപുരി എന്ന പേരിൽ മറ്റൊരു എഫ്.എമെന്ന ആവശ്യം മന്ത്രിയെ അറിയിക്കും-വി.മുരളീധരൻ പറഞ്ഞു.