pwd

നെയ്യാറ്റിൻകര: കണ്ണൻകുഴി-രാമേശ്വരം - കോടതി റോഡ് പൊട്ടി നവീകരിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി നെയ്യാറ്റിൻകര മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.ഡബ്ല്യു.ഡി അസിസ്റ്റൻഡ് എക്സിക്യൂട്ടീവ് എൻജിനീയർ വി.കെ. സ്മിതയെ ഉപരോധിച്ചു. നെയ്യാറ്റിൻകര കോടതി-രാമേശ്വരം-അമരവിള റോഡ് നവീകരണത്തോടനുബന്ധിച്ചുള്ള ടാറിംഗ് വൈകുന്നതിനെതിരെ കേരളകൗമുദി കഴിഞ്ഞ 7ന് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. നെയ്യാറ്റിൻകര കോടതി റോഡിന്റെ പാലക്കടവ് മുതൽ രാമേശ്വരം - കണ്ണംകുഴി-അമരവിള വരെയുള്ള റോഡാണ് ടാറിംഗ് നടത്താത്തതിനാൽ കാൽനട യാത്രപോലും ചെയ്യാൻ കഴിയാതെ ദുഃസ്സഹമായിട്ടുളളത്. ടാറിംഗ് വൈകുന്നതിനാൽ റോഡിലെ സിമന്റും മെറ്റലും ഇളകിത്തെറിച്ചുള്ള പൊടിശല്യവും രൂക്ഷമായതിനെ തുടർന്നാണ് ബി.ജെ.പി ഉപരോധം നടത്തിയത്. പിന്നീട് ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ ഷിബുരാജ്കൃഷ്ണയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ അടിയന്തിരമായി റോഡ് ടാർ ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്ന ഉറപ്പിന്മേൽ ഉപരോധ സമരം അവസാനിപ്പിച്ചു. ബി.ജെ.പി മുനിസിപ്പൽ പ്രസിഡന്റ് ജി.ജെ. കൃഷ്ണകുമാർ, യുവമോർച്ച ജില്ലാ മീഡിയ കൺവീനർ രാമേശ്വരം ഹരി,​ മണലൂർ ശിവപ്രസാദ്, ഉദയകുമാർ, ആനന്ദ്, അരുൺസരയൂ തുടങ്ങിയവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.