തിരുവനന്തപുരം: അമ്പലമുക്ക് കൊലപാതകക്കേസ് പ്രതിയായ രാജേന്ദ്രനെ തെളിവെടുപ്പിനെത്തിച്ചപ്പോൾ പ്രതിഷേധവുമായി നാട്ടുകാർ. ഇന്നലെ രാവിലെ 11നാണ് സംഭവം നടന്ന ചെടിവില്പനശാലയിൽ ഇയാളെ എത്തിച്ചത്.

പ്രതിയെ കൊണ്ടുവരുന്നതിന് മുമ്പായി പൊലീസ് വാഹനം സ്ഥലത്തെത്തിയപ്പോൾത്തന്നെ നാട്ടുകാർ തടിച്ചുകൂടിയിരുന്നു. രാജേന്ദ്രനെ സ്ഥലത്തെത്തിച്ചപ്പോൾ രോഷാകുലരായ നാട്ടുകാർ ' അവനെ വെറുതേ വിടരുത്,​ തൂക്കിക്കൊല്ലണമെന്ന് ' ഉച്ചത്തിൽ ആക്രോശിച്ചുകൊണ്ട് പാഞ്ഞടുത്തു. ഇതോടെ പൊലീസ് പെട്ടെന്നുതന്നെ പ്രതിയെ ചെടിക്കടയ്ക്കുള്ളിലെത്തിച്ച് വേഗം തെളിവെടുപ്പ് പൂർത്തിയാക്കി.

പൊലീസ് പുറത്തിറങ്ങിയതോടെ നാട്ടുകാർ വീണ്ടും അവരെ വളഞ്ഞു. ഉച്ചത്തിൽ ബഹളംവച്ച് ചിലർ രാജേന്ദ്രന്റെ അടുത്തേക്ക് വന്നു. ചിലർ മർദ്ദിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. ഒടുവിൽ ഏറെ പണിപ്പെട്ട് റോഡിലെത്തിച്ചശേഷം രാജേന്ദ്രനെ വേഗം പൊലീസ് വാഹനത്തിലേക്ക് മാറ്റി.

തുടർന്ന് ഇയാൾ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ഉപേക്ഷിച്ചെന്ന് പറഞ്ഞ മുട്ടടയിലെ ആലപ്പുറം കുളത്തിലേക്ക് തിരിച്ചു.

പൊലീസ് വാഹനങ്ങളെത്തിയതോടെ ആലപ്പുറം കുളത്തിന് സമീപവും നാട്ടുകാർ തടിച്ചുകൂടി. നാട്ടുകാരെ നിയന്ത്രിക്കാൻ കുളത്തിലേക്കുള്ള ഗേറ്റിന്റെ വാതിൽ പൊലീസ് പൂട്ടിയെങ്കിലും കുളത്തിന്റെ വശങ്ങളിൽ തെളിവെടുപ്പ് കാണാൻ നാട്ടുകാർ തിങ്ങിക്കൂടി നിന്നു. കൊലയാളിക്ക് ഇത്രയും സുരക്ഷ എന്തിനാണെന്ന് ചോദിച്ചായിരുന്നു ചിലരുടെ പ്രതിഷേധം.