കുളത്തൂർ:തുമ്പ ആറാട്ട് കടവിൽ ഞായറാഴ്‌ച ഉടുമ്പൻ സ്രാവ് കരയ്‌ക്കടിഞ്ഞ് ചത്തതിന് പിന്നാലെ ഇന്നലെ വീണ്ടും മറ്റൊരു കൂറ്റൻ സ്രാവ് തുമ്പ തീരത്ത് അടിഞ്ഞു.ഇന്നലെ ഉച്ചയോടെയാണ് സ്രാവ് കരയ്ക്കടിഞ്ഞത്. തുടർന്ന് മത്സ്യത്തൊഴിലാളികൾ സ്രാവിനെ കടലിലേക്ക് തിരിച്ചയയ്‌ക്കാൻ ശ്രമം തുടങ്ങി. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ സ്രാവിനെ മത്സ്യത്തൊഴിലാളികൾ കടലിലേക്ക് തിരിച്ചയച്ചു.കൃത്യസമയത്ത് ഇടപെട്ടതിനാലാണ് സ്രാവിനെ ജീവനോടെ രക്ഷപ്പെടുത്താൻ കഴിഞ്ഞതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. തുടർച്ചയായ ദിവസങ്ങളിൽ സ്രാവ് കരയ്ക്കടിയുന്നതിൽ മത്സ്യത്തൊഴിലാളികളും ആശങ്കയിലാണ്.രണ്ടാഴ്ചക്കിടെ കരക്കടിഞ്ഞ രണ്ട് സ്രാവുകൾ ചത്തിരുന്നു.
കഴിഞ്ഞ ദിവസം മത്സ്യത്തൊഴിലാളികളുടെ കമ്പവലയിൽ കുടുങ്ങിയ 2000 കിലോ ഭാരമുള്ള സ്രാവ് ചെകിളയിൽ മണൽ കയറിയതിനാൽ രണ്ട് മണിക്കൂറിന് ശേഷം ചത്തിരുന്നു.കഠിനംകുളം മൃഗാശുപത്രിയിലെ ഡോക്ടർ സ്മിതയുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി.യന്ത്രവാൾ കൊണ്ട് വയർ പിളർന്ന് ആന്തരികാവയവങ്ങളുടെ സാമ്പിൾ ശേഖരിച്ചു.തുടർന്ന് കഴക്കൂട്ടം പൊലീസ്,കോസ്റ്റൽ പൊലീസ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ കഠിനംകുളം പഞ്ചായത്ത് അംഗം ഡൊറിൽ ജേക്കബിന്റെ നേതൃത്വത്തിൽ സ്രാവിനെ തീരത്ത് കുഴിച്ചിട്ടു.