feb14b

ആ​റ്റിങ്ങൽ: വാമനപുരം നദിയിൽ ജലലഭ്യത ഉറപ്പാക്കാൻ പൂവമ്പാറയിലെ തടയണയുടെ ഉയരം കൂട്ടുന്നതിനും കാരേ​റ്റിൽ താല്കാലിക തടയണ നിർമ്മിക്കുന്നതിനുമുള്ള നടപടികൾ വാട്ടർ അതോറിട്ടി ആരംഭിച്ചു. അതേസമയം പൂവൻപാറ തടയണ നിർമ്മാണത്തിന് ആരും ടെന്റർ സ്വീകരിക്കാത്തത് ജലവിതരണത്തെ ബാധിക്കുമെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്.

പൂവമ്പാറയിലെ തടയണയ്ക്ക് മുകളിലൂടെ ഇപ്പോൾ വെള്ളം പുറത്തേക്ക് ഒഴുകുന്നുണ്ട്. ഒഴുക്ക് ഇപ്പോൾ 10 സെന്റിമീ​റ്ററിൽ താഴെ മാത്രമാണ്. വേനൽ ശക്തമായതിനാൽ നീരൊഴുക്കിന്റെ തോത് പ്രതിദിനം കുറഞ്ഞുവരികയാണ്. ഈ നില തുടർന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ ഒഴുക്ക് നിലയ്ക്കും. ഇത് ചിറയിൻകീഴ്, വർക്കല താലൂക്കുകളിലെ ജലവിതരണത്തെ കാര്യമായി ബാധിക്കും.

കായലിൽ നിന്നുള്ള ഉപ്പുവെളളം നദീജലവുമായി കലരുന്നത് തടയാൻ ലക്ഷ്യമിട്ടാണ് പൂവമ്പാറയിൽ തടയണ നിർമ്മിച്ചത്. 2.7 മീ​റ്ററാണ് ഈ തടയണയുടെ ഉയരം. ആവശ്യമെങ്കിൽ താല്കാലികമായി ഉയരംകൂട്ടി കൂടുതൽ വെള്ളം സംഭരിച്ച് നിറുത്താനുള്ള സംവിധാനങ്ങളോടെയാണ് തടയണ നിർമ്മിച്ചിട്ടുള്ളത്. ഇത് പ്രയോജനപ്പെടുത്തിയാണ് ഓരോ വർഷവും വേനൽ തുടങ്ങുമ്പോൾ വാട്ടർ അതോറി​ട്ടി അധികൃതർ തടയണയുടെ ഉയരം കൂട്ടുന്നത്. ഈ തടയണയ്ക്ക് മുകളിലാണ് ചിറയിൻകീഴ്, വർക്കല താലൂക്കുകളിലേക്കുള്ള മുഴുവൻ പദ്ധതികളുടെയും പമ്പു ഹൗസുകൾ പ്രവർത്തിക്കുന്ത്. അയിലത്താണ് കഴക്കൂട്ടം മേനംകുളം പദ്ധതിയുടെ പമ്പ്ഹൗസ്.

തടയണയ്ക്ക് സമീപത്തെ സംരക്ഷണഭിത്തിയിൽ വിള്ളൽ

പൂവമ്പാറയിലെ തടയണയ്ക്ക് സമീപം നിർമ്മിച്ചിട്ടുള്ള സംരക്ഷണഭിത്തിയിലെ വിള്ളൽ ആശങ്കയുയർത്തുകയാണ്. കഴിഞ്ഞ വേനലിൽ ചെറിയ പൊട്ടൽ ഉണ്ടായിരുന്നത് ഇപ്പോൾ കോൺക്രീ​റ്റ് ഇളകി വലിയ ദ്വാരമായി മാറിക്കഴിഞ്ഞു. ഇത് തടയണയ്ക്ക് ബലക്ഷയമുണ്ടാക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. രണ്ട് വർഷം മുൻപ് കാണപ്പെട്ട ചെറിയ വിള്ളലാണ് ഇപ്പോൾ വലുതായത്.

നിരവധി കുടിവെള്ള പദ്ധതികൾ

ചിറയിൻകീഴ്, വർക്കല താലൂക്കുകളിൽ പൂർണമായും വിതരണം ചെയ്യുന്നത് വാമനപുരം നദിയിൽ നിന്നുള്ള വെള്ളമാണ്. നെടുമങ്ങാട് താലൂക്കിലെ പകുതിയോളം പദ്ധതികളും കഴക്കൂട്ടം, മേനംകുളം പദ്ധതിയും ആശ്രയിക്കുന്നത് വാമനപുരം നദിയെയാണ്.

നീരൊഴുക്കും കുറഞ്ഞു

കിളിമാനൂർ പഴയകുന്നുമ്മേൽ - മടവൂർ പദ്ധതിക്കുവേണ്ടി വെള്ളമെടുക്കുന്നത് കാരേ​റ്റിന് സമീപത്തുനിന്നാണ്. ഇവിടെ പാലത്തിന് സമീപം നീരൊഴുക്ക് തീരെ കുറഞ്ഞിട്ടുണ്ട്. എല്ലാവർഷവും നീരൊഴുക്ക് നിലയ്ക്കുംമുമ്പ് ഇവിടെ താല്കാലിക തടയണ നിർമ്മിച്ചാണ് പദ്ധതിക്കുവേണ്ടി വെള്ളം തടഞ്ഞുനിറുത്തുന്നത്.