വിഴിഞ്ഞം: പരമ്പരാഗത മത്സ്യത്തൊഴിലാളികളെ സഹായിക്കാൻ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി തയ്യാറാക്കിയ കൃത്രിമ കൂടുകൾ നിക്ഷേപിച്ചുതുടങ്ങി. വേളി ഭാഗത്തെ കടലിലാണ് ഇന്നലെ മുതൽ കൃത്രിമ പാരുകൾ നിക്ഷേപിച്ചത്. ഉരുവിൽ കയറ്റി ഉൾക്കടലിലെത്തിച്ചശേഷം പ്രത്യേകം തയ്യാറാക്കിയ ക്രയിനിന്റെ സഹായത്തോടെ ഇവ നിക്ഷേപിക്കുന്ന പദ്ധതി തീരദേശ വികസന കോർപ്പറേഷനാണ് നടപ്പാക്കുന്നത്.

ആദ്യഘട്ടത്തിൽ ജില്ലയിലെ തീരക്കടലിൽ നിക്ഷേപിച്ച മീൻകൂട് (കൃത്രിമ പാര്) പദ്ധതി വിജയിച്ചതായി കോർപ്പറേഷൻ നടത്തിയ പഠനത്തിൽ കണ്ടെത്തി. കൃത്രിമ ആവാസ വ്യവസ്ഥയിലും മത്സ്യസമ്പത്തിൽ വർദ്ധനയുണ്ടാകുന്നതായി മുമ്പ് നടത്തിയ പഠനങ്ങളിലും കണ്ടെത്തിയിരുന്നു. പഠനം തുടരുന്നതിന്റെ ഭാഗമായാണ് കൂടുതൽ പാര് വീണ്ടും കടലിൽ നിഷേപിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. മൂന്നുവർഷം മുമ്പ് 250 എണ്ണവും പിന്നീട് ഒരുവർഷത്തിന് ശേഷം 300 എണ്ണവുമടക്കം 550 പാരുകളാണ് ഇതുവരെ കടലിലിട്ടത്.

കൃത്രിമ പാരുകൾ

ത്രികോണ ആകൃതിയിൽ കോൺക്രീറ്റ് നിർമ്മിതമാണ് ഇവ. രണ്ടുവശം പൂർണമായി തുറന്നതും മറ്റ് മൂന്നുവശത്തും ജനാലപോലെ തുറന്നതുമാണ്. ഇവയ്ക്കുള്ളിലാണ് മത്സ്യങ്ങൾ ആവാസവ്യവസ്ഥ ഒരുക്കുന്നത്. രണ്ടുഘട്ടമായാണ് പാരുകൾ നിക്ഷേപിക്കുന്നത്. പാരുകൾ നിക്ഷേപിച്ച ശേഷം ഓല, കിലാഞ്ഞിൽ എന്നിവ പോലുള്ള ജൈവ വസ്‌തുക്കൾ നിക്ഷേപിച്ച് വീണ്ടും പഠനം നടത്തും.