തിരുവനന്തപുരം:മോഷ്ടാവ് കൊലപ്പെടുത്തിയ ചെടിക്കടയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂർ സ്വദേശി വിനിതയുടെ കുടുംബത്തിനു സി.പി.എം വീടുവച്ചു നൽകും.വിനിതയുടെ കുട്ടികളേയും വൃദ്ധ മാതാപിതാക്കളേയും സി.പി.എം ഏറ്റെടുക്കും. 8–ാം ക്ലാസിൽ പഠിക്കുന്ന മകന്റെയും 6–ാം ക്ലാസിൽ പഠിക്കുന്ന മകളുടെയും പഠനച്ചെലവും പാർട്ടി ഏറ്റെടുത്തു.വിനിതയുടെ സഞ്ചയന ദിവസമായ ഇന്നലെ കരിപ്പൂരത്തെ വസതിയിലെത്തി സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.ആർ ജയദേവനും സംഘടനാ നേതാക്കളുമാണ് കുടംബത്തെ ഇക്കാര്യമറിയിച്ചത്.പഴകുറ്റി ലോക്കൽ കമ്മിറ്റിക്കാണ് വീടു നിർമാണത്തിന്റെ ചുമതല.സ്ഥലം കണ്ടെത്തി ജൂണിനു മുൻപ് വീടുനിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.മഹിളാ അസോസിയേഷനും ഡി.വൈ.എഫ്‌ഐയും വിദ്യാഭ്യാസ ചുമതലയും, പഠനോപകരണങ്ങളും ട്യൂഷൻ ഫീസും ഉൾപ്പെടെയുള്ള കാര്യങ്ങളും ഏറ്റെടുക്കും.