കുറ്റിച്ചൽ: കുറ്റിച്ചൽ ഗ്രാമ പഞ്ചായത്തിലെ ഏറ്റവും ഉയർന്ന പ്രദേശമായ കടമാൻകുന്നിൽ കുടിവെള്ളത്തിനായുള്ള ആളുകളുടെ കാത്തിരിപ്പ് നീളുന്നു. കഴിഞ്ഞ പത്ത് വർഷമായി കുടിവെള്ളത്തിനുവേണ്ടി ഇവിടുത്തുകാർ കാത്തിരിക്കുകയാണ്. കോട്ടൂരിൽ നിന്നും കടമാൻ കുന്നിലേക്കുള്ള പി. ഡബ്ല്യിയു.ഡി. റോഡിൽ ഒരുവശത്ത് 200 മീറ്റർ ലൈൻ നീട്ടി കുടിവെള്ളം എത്തിച്ചെങ്കിലും പകൽ മുഴുവനും കുടിവെള്ളം കിട്ടാത്ത അവസ്ഥയാണ്. വാട്ടർ അതോറിട്ടി ആര്യനാട് സെക്ഷന്റെ കീഴിലുള്ള പ്രദേശമാണ് കടമാൻകുന്ന് കള്ളിയൽ പ്രദേശം. കോട്ടൂർ കടമാൻകുന്ന് റോഡിന്റെ ഇടതു വശവും വലതു വശവും നിരവധി വീടുകളിൽ കുടിവെള്ള പൈപ്പ് ലൈൻ വാട്ടർ അതോറിട്ടി സ്ഥാപിച്ചിട്ട് നാല് മാസത്തിലധികമായി. വേനൽക്കാലമായിട്ടും നാളിതുവരെ കണക്ഷൻ നൽകിയിട്ടില്ല. ജി. സ്റ്റീഫൻ എം.എൽ.എ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആയിരിക്കെ വികസന ഫണ്ടിൽ നിന്നും കടമാൻകുന്നിൽ കുടിവെള്ളം എത്തിക്കുന്നതിന് വേണ്ടി മൂന്നുലക്ഷം രൂപ നൽകിയെങ്കിലും രണ്ടുവർഷം കഴിഞ്ഞിട്ടും അതും നടപ്പിലായിട്ടില്ല. കഴിഞ്ഞ ആഴ്ച കടമാൻ കുന്നിൽ എം.എൽ.എ സന്ദർശനം നടത്തിയപ്പോൾ നാട്ടുകാർ കുടിവെള്ള പ്രശ്നത്തെക്കുറിച്ച് സൂചിപ്പിക്കുകയുണ്ടായി. വേനൽ കടുക്കുന്നതിന് മുൻപായി അടിയന്തരമായി കുടിവെള്ളം എത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.