panchayath-day

തിരുവനന്തപുരം : ഫെബ്രുവരി 19ന് സംസ്ഥാന വ്യാപകമായി ആഘോഷിക്കുന്ന പഞ്ചായത്ത് ദിനം ഈ വർഷം മുതൽ തദ്ദേശദിനമായി മാറുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏകീകരിച്ചുള്ള തദ്ദേശപൊതു സർവീസ് നടപ്പാക്കുന്നതിൻെറ ഭാഗമായാണ് മാറ്റം. ആദ്യ തദ്ദേശദിനാഘോഷം ശനിയാഴ്ച കോവളം വെള്ളാറിലെ ആർട്ട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉച്ചകഴി‌ഞ്ഞ് മൂന്നിന് നടക്കുന്ന ചടങ്ങിൽ മന്ത്രി എം.വി. ഗോവിന്ദൻ അദ്ധ്യക്ഷത വഹിക്കും.

മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണി രാജു എന്നിവർ പങ്കെടുക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും കോർപ്പറേഷനുകളുടെയും ജനപ്രതിനിധികളും ജീവനക്കാരുടെ പ്രതിനിധികളും പങ്കെടുക്കും. മികച്ച ഗ്രാമ / ബ്ലോക്ക് / ജില്ലാ പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റി / കോർപ്പറേഷൻ എന്നിവയ്ക്കുമുള്ള പുരസ്‌കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്യും. ആഘോഷപരിപാടികളുടെ ഭാഗമായി വെള്ളിയാഴ്ച ഓൺലൈൻ സെമിനാറുകൾ സംഘടിപ്പിക്കും.

സംസ്ഥാനതല ഉദ്ഘാടനം നടക്കുന്ന തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ ശനിയാഴ്ച ജില്ലാ തലത്തിലും ബ്ലോക്ക് തലത്തിലും സെമിനാറുകളും ചർച്ചയും സംഘടിപ്പിക്കും. ആഘോഷപരിപാടികളുടെ ഭാഗമായി ഇന്നലെ തദ്ദേശസ്വയംഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ അദ്ധ്യക്ഷതയിൽ സംഘാടക സമിതി യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തി.