plakalamukke

മലയിൻകീഴ്: പൊടിപടലം കൊണ്ട് യാത്ര ചെയ്യാനാകാതെ മലയിൻകീഴ്-പാപ്പനംകോട് റോഡ് അപകട കെണിയാകുന്നു. നാല് റോഡുകൾ സംഗമിക്കുന്ന പ്ലാങ്കാലമുക്ക് മുതൽ പാപ്പനംകോട് വരെ വാട്ടർ അതോറിട്ടി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് എടുത്ത കുഴിയാണ് വില്ലനായിരിക്കുന്നത്. കുഴിയെടുത്ത ശേഷം മണ്ണിട്ട് കുഴിനികത്തിയെങ്കിലും ചെറിയൊരു വാഹനം പോകുമ്പോഴും കാറ്റടിക്കുമ്പോഴും പൊടികാരണം അടുത്ത് നിൽക്കുന്നവരെ പോലും തിരിച്ചറിയാനാകില്ലെന്നാണ് നാട്ടുകാർ പറയുന്നത്. എപ്പോഴും വാഹനതിരക്കേറിയ ഈ റോഡിൽ നിത്യേന അപകട പരമ്പരതന്നെ ഉണ്ടാകാറുണ്ട്. ഈ റോഡിന് ഇരുവശങ്ങളിലും താമസിക്കുന്ന കുടുംബങ്ങളും വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നവരും റോഡിലെ പൊടികാരണം നന്നേബുദ്ധിമുട്ട് അനുഭവിക്കുകയാണ്. പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതെ കിടന്ന ഈ റോഡിൽ ചൂഴാറ്റുകോട്ട മുതൽ മലയിൻകീഴ് വരെ അടുത്തിടെയാണ് റീ-ടാറിംഗിന്റെ ഒന്നാം ഘട്ടം പൂർത്തിയാക്കിയത്. ഈ ഭാഗത്ത് ചിലയിടങ്ങളിൽ സ്ഥാപിച്ച ഓടയ്ക്ക് സ്ലാബ് ഇടുന്ന ജോലികളും റോഡിന്റെ വശങ്ങളിൽ കോൺക്രിറ്റ് ഇടുന്നതും പുരോഗമിക്കവേയാണ് പ്ലാങ്കാലമുക്ക് മുതൽ പാപ്പനംകോട് വരെ ജനങ്ങൾ ദുരിതയാത്ര ചെയ്യുന്നത്. വാട്ടർ അതോറിട്ടി എടുത്ത കുഴിയിൽ കഴിഞ്ഞദിവസം പെയ്ത മഴയിൽ വെള്ളം കെട്ടി നിൽക്കുന്നതും അപകടത്തിന് കാരണ മാകുമെന്നാണ് നാട്ടുകാർ പറയുന്നത്. ബൈക്ക് നിറുത്തി മൊബൈൽ ഫോണിൽ സംസാരിക്കവേ കെ.എസ്ആർ.ടി.സി.ബസ് പാഞ്ഞ് കയറി അതി ദാരുണമായി ഈ റോഡിൽ ടെക്നോപാർക്ക് ഉദ്ധ്യോഗസ്ഥൻ മരിച്ചത് അടുത്തിടെയാണ്. ഓഫീസിലേക്ക് ബൈക്കിൽ പോകവേ ചൂഴാറ്റുകോട്ട ഭാഗത്ത് എത്തിയപ്പോൾ ഫോൺ ബെല്ല് കേട്ട് ബൈക്ക് നിറുത്തി സംസാരിക്കുന്നതിനിടെയായിരുന്നു അപകടം. കുഴി ഭാഗമുൾപ്പെടെ റോഡ് ഉടൻ റീടാറിംഗ് നടത്തുമെന്ന് അധികൃതർ അറിയിച്ചെങ്കിലും യാതൊരു ഫലവുമുണ്ടായിട്ടില്ല. അടിയന്തിരമായി റോഡ് നവീകരിക്കണമെട്ടുകാരുടെ ആവശ്യം.