silver

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹ്യാഘാത പഠനത്തിനായി സർവേ തുടരാൻ

ഹൈക്കോടതി അനുമതി നൽകിയതോടെ എതിർപ്പുകൾ അവഗണിച്ച് സർക്കാർ നടപടികൾ അതിവേഗത്തിലാക്കും.കല്ലിടീൽ പൂർത്തിയാക്കി 100 ദിവസം കൊണ്ട് സാമൂഹ്യാഘാതപഠനം നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കാനാണ് ശ്രമം.

കേന്ദ്രാനുമതി ലഭ്യമാക്കുന്നതിന്റെ ഭാഗമായി റെയിൽവേ ബോർഡ് ചെയർമാൻ വി.കെ.ത്രിപാഠിയുമായി കെ-റെയിൽ എം.ഡി. വി.അജിത്കുമാർ ഇന്ന് ഡൽഹിയിൽ ചർച്ച നടത്തും.

റെയിൽവേയുടെ 185ഹെക്ടർ ഭൂമി വിട്ടുനൽകുന്നതിന് മുന്നോടിയായി റെയിൽവേ- കെ.റെയിൽ സംയുക്ത സർവേ ഈ മാസം ആരംഭിക്കും.

ഭൂമി വിട്ടുനൽകുന്നവർക്ക് ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കാനും പദ്ധതി വരുത്തുന്ന സാമൂഹിക ആഘാതം മനസിലാക്കാനുമാണ് ഇപ്പോഴത്തെ പഠനം.കണ്ണൂർ, കാസർകോട് ജില്ലകളിൽ പകുതിയോളം സ്ഥലത്ത് അതിർത്തികല്ലുകൾ സ്ഥാപിച്ചു. മറ്ര് ജില്ലകളിൽ കല്ലിടീൽ ആരംഭിച്ചിട്ടേയുള്ളൂ. രണ്ടുമാസം കൊണ്ട് പൂർത്തിയാക്കും.

കല്ലിടലും പഠനവും


നിർബന്ധമായും നടത്തേണ്ട സാമൂഹ്യാഘാത പഠനത്തിനാണ് സർവേ അതിരടയാള നിയമത്തിലെ ആറ് (ഒന്ന്) വകുപ്പ് പ്രകാരം വിജ്ഞാപനമിറക്കി സ്വകാര്യഭൂമിയിൽ കല്ലിടുന്നത്. ഈ ഘട്ടത്തിൽ ഭൂമി ഏറ്റെടുക്കില്ല.

സംയുക്തപരിശോധന

കേന്ദ്രസർക്കാർ ഉന്നയിക്കുന്ന സംശയങ്ങൾക്ക് മറുപടി നൽകാനാണ് ദക്ഷിണറെയിൽവേയും കെ-റെയിലും സംയുക്ത പരിശോധന തുടങ്ങുന്നത്. അലൈൻമെന്റ് പ്ലാൻ, റെയിൽവേ ഭൂമിയുടെയും സ്വകാര്യ ഭൂമിയുടെയും കണക്ക്, റെയിൽവേയുടെ ക്രോസിംഗുകൾ, ബാധിക്കുന്ന റെയിൽവേ ഭൂമി തുടങ്ങിയ കാര്യങ്ങളിലാണ് കേന്ദ്രം അവ്യക്തത ചൂണ്ടിക്കാട്ടിയത്. സംയുക്ത പരിശോധനയിലൂടെ ഇക്കാര്യങ്ങളിൽ വ്യക്തത വരും.

.

പൊതുആവശ്യത്തിന് സർവേ നടത്താം:ഹൈക്കോടതി

കൊച്ചി: സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹ്യാഘാത പഠനത്തിനായി സർവേ നടത്താനും ഉചിതമായ അടയാളം (സർവേക്കല്ല്) സ്ഥാപിക്കാനും സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

കേരള സർവേ ആൻഡ് ബൗണ്ടറീസ് ആക്ടിലെ വ്യവസ്ഥകളനുസരിച്ച് പൊതുആവശ്യത്തിന് ഭൂമി ഏറ്റെടുക്കുകയെന്ന ഉദ്ദേശ്യത്തോടെ സർവേ നടത്താൻ സർക്കാരിന് അധികാരമുണ്ടെന്ന് വിധിയി​ൽ പറയുന്നു.

ഒരുകൂട്ടം ഭൂവുടമകൾ നൽകിയ ഹർജികളിൽ ഇവരുടെ ഭൂമിയിൽ സർവേ തടഞ്ഞ് സിംഗിൾ ബെഞ്ച് ജനുവരി 20ന് നൽകിയ ഇടക്കാല ഉത്തരവ് റദ്ദാക്കിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചി​ന്റെ വി​ധി​. പദ്ധതി നടത്തിപ്പിനെ സ്റ്റേ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാരി​ന്റെ അപ്പീൽ.

കേന്ദ്രസർക്കാരുമായി കൂടിയാലോചിച്ചും നി​യമവ്യവസ്ഥകൾ പാലിച്ചും മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളൂവെന്ന് അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് ബോധിപ്പിച്ചു.

സാമൂഹ്യാഘാത പഠനം നടത്തുമ്പോൾ എത്ര ഭൂമി ഏറ്റെടുക്കേണ്ടി വരും, സ്വകാര്യ ഭൂമി എത്ര, എത്ര കുടുംബങ്ങളെ ബാധിക്കും എന്നിങ്ങനെയുള്ള കാര്യങ്ങൾ മനസിലാക്കാൻ സർവേ ആവശ്യമാണെന്ന വാദങ്ങൾ അംഗീകരിച്ചാണ് ഡിവിഷൻ ബെഞ്ച് അനുമതി നൽകിയത്.