തിരുവനന്തപുരം: പേരൂർക്കട അലങ്കാരച്ചെടി വിൽപ്പന കേന്ദ്രത്തിലെ ജീവനക്കാരിയെ കൊലപ്പെടുത്താനുപയോഗിച്ച കത്തി കണ്ടെത്താനാകാതെ പൊലീസ്. കത്തി ഉപേക്ഷിച്ചതെവിടെയെന്ന ചോദ്യത്തിന്, പരസ്പര വിരുദ്ധമായ മറുപടികൾ നൽകി പൊലീസിനെ വട്ടം ചുറ്റിക്കുകയാണ് പ്രതി രാജേന്ദ്രൻ. കൊലപാതകത്തിന് ശേഷം ആട്ടോയിൽ രക്ഷപ്പെടും വഴി കത്തി റോഡരികിൽ വലിച്ചെറിഞ്ഞെന്നാണ് ഇന്നലെ ചോദ്യം ചെയ്യലിൽ ഇയാൾ പൊലീസിനോട് പറഞ്ഞത്. കൃത്യം നടത്തിയ ശേഷം രാജേന്ദ്രൻ രക്ഷപ്പെട്ട വഴികളിലൂടെയെല്ലാം പൊലീസ് ഇയാളെ വാഹനത്തിൽ കൊണ്ടുപോയെങ്കിലും കത്തി ഉപേക്ഷിച്ചതെവിടെയെന്ന് കൃത്യമായി ഓർത്തെടുക്കാൻ കഴിയുന്നില്ലെന്നാണ് ഇയാൾ പറയുന്നത്. തമിഴ്നാട്ടിൽ കത്തിയും ഷർട്ടും ഉപേക്ഷിച്ചതായാണ് കഴിഞ്ഞ ദിവസം പൊലീസിനോട് പറഞ്ഞിരുന്നത്. അതേസമയം കൊലപാതക സമയത്ത് ധരിച്ചിരുന്ന ഷർട്ട് ഇന്നലെ മുട്ടടയ്ക്ക് സമീപത്തെ ആലപ്പുറം കുളത്തിൽ നിന്ന് മുങ്ങൽ വിദഗ്ദരുടെ സഹായത്തോടെ പൊലീസ് കണ്ടെത്തി. ഷർട്ട് കുളത്തിൽ ഉപേക്ഷിച്ചതായി ഇയാൾ വെളിപ്പെടുത്തിയിരുന്നു. ഷർട്ട് കണ്ടെത്താൻ ഫയർഫോഴ്സിന്റെ സ്കൂബാ ടീമുമായാണ് പൊലീസെത്തിയത്. ഇന്നലെ രാവിലെ പതിനൊന്നരയോടെ അമ്പലമുക്കിലെ ചെടിവിൽപ്പന കേന്ദ്രത്തിൽ രാജേന്ദ്രനുമായെത്തിയ പൊലീസ് കൃത്യ സ്ഥലം പ്രതിയുടെ സഹായത്തോടെ തിരിച്ചറിഞ്ഞു. അതിന്ശേഷം ആലപ്പുറം കുളത്തിന് സമീപത്തേക്ക് ഇയാളുമായി എത്തിയ പൊലീസ് ഷ‌ർട്ട് ഉപേക്ഷിച്ചതായി രാജേന്ദ്രൻ ചൂണ്ടിക്കാട്ടിയ സ്ഥലത്ത് തെരച്ചിൽ തുടങ്ങി. അര മണിക്കൂറിലേറെ നീണ്ട തെരച്ചിലിലാണ് ഷ‌ർട്ട് കണ്ടെത്തിയത്. യാതൊരു ഭാവഭേദവുമില്ലാതെ കുളക്കടവിൽ പൊലീസുകാർ കാട്ടിയ ഷർട്ട് രാജേന്ദ്രൻ തിരിച്ചറിഞ്ഞു. രക്തക്കറയുടെ അടയാളങ്ങൾ കാണപ്പെട്ട ഷർട്ട് പരിശോധനയ്ക്കായി ഫോറൻസിക് വിഭാഗത്തിന് കൈമാറി.

തുടർന്ന് പേരൂർക്കട ഗവ. ആശുപത്രിയിലെ വൈദ്യ പരിശോധനയ്ക്ക് പൂർത്തിയാക്കി തിരികെ സ്റ്റേഷനിലെത്തിച്ചു. വീണ്ടും ചോദ്യം ചെയ്യുമെന്ന് സി.ഐ സജികുമാർ വെളിപ്പെടുത്തി. കത്തി കണ്ടെത്തിയ ശേഷം രാജേന്ദ്രനെ വീണ്ടും തമിഴ്നാട്ടിലെ താമസ സ്ഥലമായ കാവൽക്കിണറിലെത്തിച്ച് തെളിവെടുക്കും.