
തിരുവനന്തപുരം: ചാനൽ അഭിമുഖത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയെന്ന കേസിൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ 10,10,000 രൂപ നഷ്ടപരിഹാരവും കോടതിച്ചെലവും നൽകണമെന്ന തിരുവനന്തപുരം പ്രിൻസിപ്പൽ സബ്കോടതിയുടെ ഉത്തരവ് ജില്ലാ കോടതി ഉപാധികളോടെ സ്റ്റേ ചെയ്തു. നഷ്ടപരിഹാരത്തുകയും പലിശയുമടക്കം 15 ലക്ഷം രൂപ വി.എസ്. കെട്ടിവയ്ക്കുകയോ സമാന തുകയ്ക്കുളള ഈട് നൽകുകയോ വേണമെന്നാണ് ഉപാധി. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി പി.വി. ബാലകൃഷ്ണന്റേതാണ് ഉത്തരവ്.
സബ്കോടതി ഉത്തരവ് അസാധുവാക്കണമെന്ന അപ്പീലിനൊപ്പം നഷ്ടപരിഹാരത്തുക നൽകാനുള്ള കോടതി ഉത്തരവ് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയും വി.എസ് ജില്ലാകോടതിയിൽ ഫയൽ ചെയ്തിരുന്നു. നഷ്ടപരിഹാരം മരവിപ്പിക്കണമെന്ന ഹർജി അനുവദിക്കുകയാണെങ്കിൽ പലിശയടക്കമുളള നഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടിവയ്ക്കാൻ വി.എസിനോട് നിർദ്ദേശിയ്ക്കണമെന്ന് ഉമ്മൻ ചാണ്ടിയുടെ അഭിഭാഷകൻ എ. സന്തോഷ് കുമാർ ആവശ്യപ്പെട്ടു. ഈ ആവശ്യം പരിഗണിച്ചാണ് കോടതി നഷ്ടപരിഹാരത്തുകയും പലിശയും ജാമ്യമായി കെട്ടിവയ്ക്കാൻ വി.എസിനോട് നിർദ്ദേശിച്ചത്. കേസ് 22ന് വീണ്ടും പരിഗണിക്കും.