governor

തിരുവനന്തപുരം: ചട്ട വിരുദ്ധമായി നൽകിയ ബിരുദ സർട്ടിഫിക്ക​റ്റുകൾ തിരിച്ചെടുക്കാൻ സിൻഡിക്കേ​റ്റിന് അധികാരം നൽകുന്ന കേരള സർവകലാശാലാ ഭേദഗതിക്ക് ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നിഷേധിച്ചു. കഴിഞ്ഞ സെപ്തംബറിൽ സെനറ്റിന്റെ പ്രത്യേക യോഗമാണ് ചട്ടഭേദഗതി പാസാക്കി ഗവർണറുടെ അനുമതിക്കയച്ചത്.

നിലവിലെ ചട്ടപ്രകാരം ബിരുദ സർട്ടിഫിക്ക​റ്റ് പിൻവലിക്കാൻ സിൻഡിക്കേ​റ്റിന്റെയും സെന​റ്റിന്റെയും അംഗീകാരത്തോടെ ഗവർണർക്ക് മാത്രമാണ് അധികാരം. ഭേദഗതി പ്രകാരം ബിരുദം തിരിച്ചെടുക്കാൻ ഗവർണറുടെ അനുമതി വേണ്ട. ക്രമക്കേട് കണ്ടെത്തിയാലോ, തെറ്റു പറ്റിയെന്ന് ബോദ്ധ്യമായാലോ സിൻഡിക്കേറ്റിന് തീരുമാനമെടുക്കാമായിരുന്നു. ചാൻസലറായ ഗവർണർ അംഗീകാരം നൽകിയാലേ ഭേദഗതി പ്രാബല്യത്തിൽ വരൂ.

അതിനിടെ, സ്ഥലം മാറിപ്പോയ ഡെപ്യൂട്ടി രജിസ്ട്രാറുടെ പാസ്‌വേർഡ് ഉപയോഗിച്ച് 2019ൽ കമ്പ്യൂട്ടറിൽ മാർക്ക് തിരുത്തി 23 വിദ്യാർത്ഥികളെ ജയിപ്പിച്ചതായി കണ്ടെത്തിയിട്ടും സർട്ടിഫിക്കറ്റുകൾ പിൻവലിക്കുകയോ അവർക്കായി പ്രത്യേക പരീക്ഷ നടത്തുകയോ ചെയ്യാത്തതിനാൽ 23പേർക്കും നൽകിയ ബിരുദം ശരിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മുൻമന്ത്രി കെ.ടി ജലീലിന്റെ നേതൃത്വത്തിൽ എം.ജി സർവകലാശാലയിൽ നടത്തിയ അദാലത്തിൽ 123 പേരെ മാർക്ക് ദാനത്തിലൂടെ ബി ടെക് പരീക്ഷ ജയിപ്പിച്ചതിന് പിന്നാലെയാണ് കേരള സർവകലാശാലയിൽ മാർക്ക് തിരുത്തി 23 പേരെ ബിഎസ് സി പരീക്ഷ ജയിപ്പിച്ചത്. അനധികൃതമായി ലഭിച്ച ബിരുദത്തിന് സാധൂകരണം ലഭിക്കാൻ ഹൈക്കോടതിയെ സമീപിച്ച വിദ്യാർത്ഥികൾക്ക്, സർട്ടിഫിക്ക​റ്റുകൾ പിൻവലിക്കാതിരുന്ന സർവകലാശാലയുടെ നടപടി സഹായകമായി.

ഡെപ്യൂട്ടി രജിസ്ട്രാറുടെ പാസ്‌വേർഡുപയോഗിച്ച് നടത്തിയ മാർക്ക് തട്ടിപ്പ് സോഫ്‌റ്റ്‌വെയറിലെ പിഴവാണെന്നായിരുന്നു സർവകലാശാലയുടെ വാദം. പിന്നീടാണ് തട്ടിപ്പ് കണ്ടെത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും സർവകലാശാല പരീക്ഷാരേഖകൾ കൈമാറിയില്ല. ഇതോടെ അന്വേഷണം നിലച്ചു. വ്യാജമായോ പിഴവ് കാരണമോ നൽകുന്ന ബിരുദം റദ്ദാക്കാൻ നിലവിൽ ചട്ടമുണ്ടായിരിക്കെ, സർട്ടിഫിക്കറ്റുകൾ തിരികെ വാങ്ങാനോ പ്രത്യേക പരീക്ഷ നടത്താനോ സർവകലാശാല നടപടിയെടുത്തില്ലെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്.ശശികുമാറും സെക്രട്ടറി എം.ഷാജർഖാനും പറഞ്ഞു.