kseb-

തിരുവനന്തപുരം: ഒരുവിഭാഗം ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിൽ കാര്യങ്ങൾ വിശദീകരിച്ച് കെ.എസ്.ഇ.ബി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബി. അശോക് ഫേസ്ബുക്ക് കുറിപ്പ് പുറത്തിറക്കി. ഒരു വിഭാഗം നേതാക്കളുടെ മാത്രം നേട്ടത്തിനായി സമരം നടത്തുന്നത് ജീവനക്കാരുടെ മൊത്തത്തിലുള്ള നഷ്ടത്തിനും സ്ഥാപനത്തിന്റെ വളർച്ചയ്ക്കും തിരിച്ചടിയാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

എല്ലാക്കാലവും എല്ലാവരെയും വിഢ്ഡികളാക്കാനാവില്ല. ഇപ്പോൾ ചുരുക്കം ചില വ്യക്തികൾ ചെയ്യുന്നത് കുളം കലക്കി മീൻ പിടിക്കുകയെന്ന പഴയ പരിപാടിയാണ്. അടുത്തു കണ്ട സിനിമയിലെ 'കടയ്ക്കു തീ പിടിച്ചേ... ഓടി വരണേ…' എന്നതാണ് ഇതിന്റെ മൗലിക തിരക്കഥ. കടയ്ക്ക് ഞാൻ തന്നെ തീ വച്ചു. ഇനി നാട്ടുകാർ ഓടി വന്ന് തീ അണയ്ക്കൂ എന്നാണാഹ്വാനം ഇത് ശരിയായ പ്രവണതയല്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

കെ.എസ്.ഇ.ബിയെ ലാഭത്തിലാക്കുന്നതിനായി താരിഫ് പെറ്റിഷനും ട്രൂയിംഗ് അപ് പെറ്റിഷനും ഫയൽ ചെയ്ത് ശക്തമായി വാദിക്കേണ്ട സമയത്ത് ചിലർ പതിവുപോലെ ബോർഡിൽ ആകെ കുഴപ്പമാണെന്നും സമരമാണെന്നും വരുത്തിത്തീർക്കുന്നത് ജീവനക്കാർക്ക് നല്ലതല്ല. ജീവനക്കാരന്റെ പെൻഷനും ഭാവിയിലെ വേതനവും പോലും അപകടപ്പെടുത്തുന്ന നടപടികളാണിതെന്ന് ചെയർമാൻ ഒാർമ്മിപ്പിച്ചു.