
തിരുവനന്തപുരം:ഇന്ത്യാ ബുക്ക് ഒഫ് റെക്കാഡ്സ് അംഗീകാരംനേടിയ വി.എച്ച്.എസ്.ഇ നാഷണൽ സർവീസ് സ്കീമിനെ ഓൺലൈൻ യോഗം വിളിച്ചു ചേർത്ത് അഭിനന്ദിച്ച് മന്ത്രി വി. ശിവൻകുട്ടി. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും എൻ.എസ്.എസ് അംഗങ്ങളായ വിദ്യാർത്ഥികളും യോഗത്തിൽ പങ്കെടുത്തു.കഴിഞ്ഞ നവംബറിൽ സ്‌കൂൾ തുറക്കുന്നതിനു മുന്നോടിയായാണ് പൊതു വിദ്യാഭ്യാസ വകുപ്പ് വെബിനാർ സീരീസ് സംഘടിപ്പിച്ചത്. ഒരു മാസക്കാലയളവിൽ ഏറ്റവും കൂടുതൽ വെബിനാറുകൾ സംഘടിപ്പിച്ചതിനാണ് അംഗീകാരം.ഒക്ടോബർ 15 മുതൽ നവംബർ 15 വരെയുള്ള 31 ദിവസ കാലയളവിൽ ഒരു മണിക്കൂർ ദൈർഘ്യമുള്ള 252 വെബിനാറുകളാണ് സംഘടിപ്പിച്ചത്.യുട്യൂബ് സ്‌ക്രീനിംഗിലൂടെ ഏറ്റവും കൂടുതൽ പേർ പങ്കെടുത്ത 131 സെഷനുകളാണ് ഇന്ത്യാ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടം നേടിയത്. ഒരു മാസത്തെ സബ്സ്‌ക്രിപ്ഷനിൽ 500 പേർക്ക് പങ്കെടുക്കാവുന്ന സൂം പ്ലാറ്റ്‌ഫോമിൽ സംഘടിപ്പിക്കപ്പെട്ട പരമാവധി എണ്ണം വെബിനാറുകൾ എന്ന നിലയിൽ ഈ നേട്ടം ഏഷ്യാ ബുക്ക് ഒഫ് റെക്കാഡ്സിനും പരിഗണിക്കപ്പെട്ടിട്ടുണ്ട്.