
തിരുവനന്തപുരം: റേഷൻ കട സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ശക്തമായ സിഗ്നൽ ലഭിക്കുന്ന കമ്പനിയുടെ സിംകാർഡ് ഇ-പോസ് മെഷീനുകളിൽ ഉപയോഗിക്കുന്നതിന് വ്യാപാരികൾക്ക് അനുമതി നൽകുമെന്ന് വ്യാപാരി സംഘടനാ പ്രതിനിധികളുമായുള്ള ചർച്ചയിൽ മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. കഴിഞ്ഞ മാസം റേഷൻ വിതരണം മന്ദഗതിയിലായതിന്റെ കാരണങ്ങളിലൊന്ന് വകുപ്പ് നൽകിയ സിം കാർഡുകൾക്ക് ചില മേഖലകളിൽ മതിയായ റേഞ്ച് ഇല്ലാത്തതായിരുന്നു.
എല്ലാ മാസവും പത്താം തീയതിക്കു മുമ്പ് അടുത്ത മാസത്തേക്കുള്ള റേഷൻ സാധനങ്ങൾ വാതിൽപ്പടി വിതരണം വഴി റേഷൻകടകളിലെത്തിക്കും. വ്യാപാരികൾ സർക്കാരിലേയ്ക്ക് അടയ്‌ക്കേണ്ട റേഷൻ സാധനങ്ങളുടെ തുക വ്യാപാരികളുടെ കമ്മിഷനിൽ നിന്ന് തട്ടിക്കിഴിക്കുന്ന പദ്ധതിയും നടപ്പിലാക്കും. ക്ഷേമനിധിയിൽ സർക്കാർ വിഹിതംഏർപ്പെടുത്തണമെന്ന വ്യാപാരികളുടെ ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ മന്ത്രി പറഞ്ഞു.
റേഷൻ വ്യാപാരികൾക്ക് വേതന പാക്കേജ് നടപ്പിലാക്കുമ്പോൾ എല്ലാ വ്യാപാരികൾക്കും മിനിമം വേജസ് ഉറപ്പാക്കണമെന്ന് സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു.
യോഗത്തിൽ സിവിൽ സപ്ലൈസ് ഡയറക്ടർ സജിത് ബാബു, സിവിൽ സപ്ലൈസ് മാനേജിംഗ് ഡയറക്ടർ സഞ്ജീവ് കുമാർ പട്‌ജോഷി എന്നിവർ പങ്കെടുത്തു.
ചർച്ചയിലെ തീരുമാനങ്ങൾ
റേഷൻകടകളിലെ ഇ-പോസ് മെഷീനെ ത്രാസ്സുമായി ബന്ധിപ്പിക്കാൻ പദ്ധതി
റേഷൻ സാധനങ്ങൾ കൃത്യമായ അളവിൽ ഗോഡൗണുകളിൽ നിന്ന് വിതരണം നടത്തും
കടകൾ അനുവദിക്കുമ്പോൾ സെയിൽസ്മാൻമാർക്ക് മുൻഗണന ലഭിക്കാൻ നിയമത്തിൽ മാറ്റം
വ്യാപാരികൾക്ക് ഏർപ്പെടുത്തിയ ഇൻഷ്വറൻസ് പദ്ധതി പ്രകാരം വ്യാപാരികളുടെ അനന്തരാവകാശികൾക്ക് തുക വേഗത്തിൽ ലഭ്യമാക്കും.
ഹജ്ജിന് പോകുന്ന വ്യാപാരികൾക്ക് മൂന്നു മാസം വരെ നിയമപരമായ അവധി ആവശ്യം പരിഗണിക്കും