tripti-desai-will-be-stop

തിരുവനന്തപുരം: മുഖ്യമന്ത്രി വിദേശത്ത് പോയി നിക്ഷേപകരെ ക്ഷണിക്കുമ്പോൾ സി.പി.എം കേരളത്തിലുള്ള സംരംഭകരെ അടിച്ചോടിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. കണ്ണൂർ മാതമംഗലത്ത് സി.ഐ.ടി.യു ഊരുവിലക്കിനെ തുടർന്ന് സംരംഭകന് വ്യാപാരസ്ഥാപനം അടച്ചുപൂട്ടേണ്ടി വന്നത് കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ ഭീകരത തെളിയിക്കുന്നതാണ്.

തങ്ങൾ വിലക്കിയ കടയിൽ നിന്ന് സാധനം വാങ്ങിയ ഉപഭോക്താവിനെ അടിച്ചോടിച്ച സി.ഐ.ടി.യുക്കാർ ഭരണത്തിന്റെ തണത്തിൽ നിയമം കൈയിലെടുക്കുകയാണ്. വ്യവസായമോ കച്ചവടമോ തുടങ്ങാൻ സാദ്ധ്യമാകാത്ത തരത്തിൽ കേരളത്തെ മാറ്റിയവരാണ് യു.പിയെയും മറ്റ് സംസ്ഥാനങ്ങളെയും അപമാനിക്കുന്നത്.

കേരളത്തിൽ നിക്ഷേപകർ വരാത്തതെന്തുകൊണ്ടെന്ന് അറിയാൻ പാഴൂർ പടിപ്പുര പോകേണ്ടതില്ല. നിലവിൽ സംസ്ഥാനത്തുള്ള നിക്ഷേപകർക്ക് സ്വന്തം പാർട്ടിക്കാരിൽ നിന്ന് സംരക്ഷണം കൊടുക്കുകയാണ് മുഖ്യമന്ത്രി ആദ്യം ചെയ്യേണ്ടതെന്ന് സുരേന്ദ്രൻ പറഞ്ഞു.