
തിരുവനന്തപുരം: സൈലൻസറിൽ മാറ്റം വരുത്തി അമിത ശബ്ദമുണ്ടാക്കി വാഹനങ്ങൾ പായിക്കുന്ന ഫ്രീക്കന്മാരെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി പിഴ ചുമത്തി തുടങ്ങി. ഇന്നലെ 343 കേസുകളാണ് ഇതു സംബന്ധിച്ച് വകുപ്പ് ഉദ്യോഗസ്ഥർ രജിസ്റ്റർ ചെയ്തത്. ഇതിൽ 51 കേസുകളിൽ നിന്നായി 1,70,500 രൂപ പിഴ ഈടാക്കി. രണ്ട് കേസുകൾ കോടതിക്ക് കൈമാറി. ബാക്കി കേസുകളിൽ നിന്ന് 17,45,500 രൂപ വകുപ്പ് ഉടൻ ഈടാക്കും.
സ്കൂട്ടറുകളും ചെറിയ ബൈക്കുകൾ, ബുള്ളറ്റ് ഉൾപ്പെടെയുള്ള വാഹനങ്ങളിൽ സൈലൻസറിൽ മാറ്റങ്ങൾ വരുത്തിയതായി ഇന്നലെ കണ്ടെത്തിയിരുന്നു. ഓരോ മാറ്റം വരുത്തലിനും നിയമപ്രകാരം 5000 രൂപ പിഴ ഈടാക്കാം
ചെറിയ പിഴവുകൾക്ക് മുന്നറിയിപ്പ് നൽകി വിടുന്നുമുണ്ട്. ഇന്ന് മുതൽ പരിശോധന കർശനമാക്കും. ഓപ്പറേഷൻ സൈലൻസ് എന്ന പേരിൽ 18 വരെയാണ് പരിശോധന.
പ്രധാനമായും ഇരുചക്രവാഹനങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന. ഹെഡ്‌ലൈറ്റിന് വെളിച്ചം കൂട്ടുക, ഹാൻഡിൽ ബാർ മാറ്റുക, അനധികൃത രൂപമാറ്റം വരുത്തൽ എന്നിവയ്‌ക്കെതിരെ നടപടിയെടുക്കും.
മാറ്റം വരുത്തിയ വാഹനങ്ങൾക്ക് പിഴ ചുമത്തുകയും പഴയ പടിയാക്കാൻ നിർദേശം നൽകുകയും ചെയ്യും. ഇതനുസരിച്ചില്ലെങ്കിൽ രജിസ്‌ട്രേഷൻ റദ്ദാക്കുന്നതിനുള്ള നടപടി സ്വീകരിക്കും.