വിതുര: വിതുര പഞ്ചായത്തിലെ ആദിവാസി വിദ്യാർത്ഥികൾക്ക് ആശ്വാസം പകർന്ന് വീണ്ടും ഗോത്രസാരഥി പദ്ധതി ആരംഭിച്ചു. ഇനി കാട്ടാനയേയും, കാട്ടുപോത്തിനേയും പേടിക്കാതെ കുട്ടികൾക്ക് സുരക്ഷിതമായി സ്കൂളുകളിലെത്താം. കൊവിഡ് വ്യാപനത്തെ തുടർന്ന് രണ്ട് വർഷം മുൻപ് സ്കൂളുകൾ അടച്ചപ്പോഴാണ് ഗോത്രസാരഥി പദ്ധതി നിലച്ചത്. മാത്രമല്ല കൊവിഡിനെ തുടർന്ന് വിവിധ ഡിപ്പോകളിൽ നിന്നും ആദിവാസി ഊരുകളിലേക്ക് കെ.എസ്.ആർ.ടി.സി നടത്തിയിരുന്ന ബസ് സർവീസുകളും നിലച്ചു. ഇതോടെ ആദിവാസി കുട്ടികൾ പ്രതിസന്ധിയിലായി. വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ ആദിവാസി വിദ്യാർത്ഥികൾക്ക് കാട്ടുമൃഗശല്യം നിമിത്തം സ്കൂളുകളിൽ എത്താൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കേരളകൗമുദി നേരത്തേ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അനവധി ആദിവാസിസംഘടനകളും, സ്കൂളുകളും മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതേ തുടർന്ന് 2018ൽ ആദിവാസി വിദ്യാർത്ഥികൾക്കായി ഐ.ടി.ഡി.പി ആരംഭിച്ച പദ്ധതിയാണ് ഗോത്രസാരഥി. തിരുവനന്തപുരം ജില്ലയിലെ 33 സ്കൂളുകളിലാണ് പദ്ധതി നടപ്പിലാക്കിയത്. വിദ്യാർത്ഥികൾക്ക് ആശ്വാസം പകർന്ന ഗോത്രസാരഥി പദ്ധതി 2020ലാണ് മുടങ്ങിയത്. ഇതോടെ ആദിവാസി വിദ്യാർത്ഥികളുടെ പഠനം തടസ്സപ്പെടുകയായിരുന്നു. സ്കൂൾ തുറന്നതോടെ ആദിവാസികൾ പദ്ധതി പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്കും മറ്റും നിവേദനം നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചിരുന്നില്ല. ഇതുമൂലം മിക്ക ആദിവാസി ഊരുകളിൽ നിന്നുള്ള വിദ്യാർത്ഥികളും സ്കൂളുകളിൽ എത്താതായി.
മന്ത്രി ഇടപെട്ടു, യാത്ര റെഡി
കഴിഞ്ഞ ദിവസം മന്ത്രി കെ. രാധാകൃഷ്ണൻ വിതുരയിലെ ആദിവാസി ഊരുകൾ സന്ദർശിച്ചപ്പോൾ ആദിവാസിക്കുട്ടികൾ ഗോത്രസാരഥി പദ്ധതി നിലച്ചതുമൂലം സ്കൂളുകളിൽ മുടങ്ങാതെ പോകാൻ കഴിയുന്നില്ലെന്ന് മന്ത്രിയോട് പറഞ്ഞു. ഉടൻ വാഹനങ്ങൾ സർവീസ് നടത്താൻ നടപടി സ്വീകരിക്കാമെന്ന് മന്ത്രി കുട്ടികൾക്ക് ഉറപ്പ് നൽകിയിരുന്നു. തുടർന്ന് മന്ത്രി വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബാബുരാജിനോട് പദ്ധതി ആരംഭിക്കാൻ ഫണ്ട് കണ്ടെത്താനുള്ള നിർദ്ദേശം നൽകി. ഇതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം മുതൽ ഗോത്രസാരഥി വീണ്ടും ആരംഭിച്ചത്. ജീപ്പ്,ടെമ്പോ ഉൾപ്പെടെയുള്ള വാഹനങ്ങൾ തിങ്കളാഴ്ച മുതൽ സർവീസ് ആരംഭിച്ചു.
പദ്ധതി നടപ്പിലായതോടെ ജില്ലയിൽ ഏറ്റവും കൂടുതൽ ആദിവാസി ഊരുകളുള്ള വിതുര പഞ്ചായത്തിലെ മുഴുവൻ ആദിവാസി വിദ്യാത്ഥികൾക്കും സ്കൂളുകളിൽ എത്താൻ കഴിഞ്ഞു. ജില്ലയിൽ വിതുര, പെരിങ്ങമ്മല, പനവൂർ, കുറ്റിച്ചൽ ഉൾപ്പെടെയുള്ള മലയോരപഞ്ചായത്തുകളിലാണ് ഗോത്രസാരഥി പദ്ധതി ആദ്യമായി നടപ്പിലാക്കിയത്.