
വൈദ്യുതി ബോർഡിൽ ഏർപ്പെടുത്തിയ പുതിയ സുരക്ഷാ ക്രമീകരണങ്ങൾക്കെതിരെ ഭരണകക്ഷി യൂണിയനുകൾ പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ്. ചെയർമാനെ വിവാദത്തിൽ കുടുക്കുന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിൽ കെ.എസ്.ഇ.ബി. ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ഡോ. ബി. അശോക് കേരളകൗമുദിയോട് സംസാരിക്കുന്നു.
ബോർഡിന്റെ പ്രവർത്തനം മെച്ചപ്പെട്ടു വരുന്നതായാണ് പൊതുവിലയിരുത്തൽ. ഇതിനിടെ പെട്ടെന്ന് സമരങ്ങൾ പൊട്ടിപ്പുറപ്പെടാൻ കാരണം?
ബോർഡിന്റെ പദ്ധതി നിർവഹണം, ഗവേണൻസ്, പുതിയ പദ്ധതികളുടെ ആവിഷ്കരണം എന്നിവയൊക്കെ ശക്തമായി എന്നതാണ് യാഥ്യാർത്ഥ്യം. വർഷങ്ങളായി ഒഴിഞ്ഞുകിടന്ന ബോർഡ് ഡയറക്ടർമാരുടെ തസ്തിക നികത്തി. ഓപ്പറേഷൻ ആധുനികവത്കരിച്ചു. ഫ്ളഡ് മാനേജ്‌മെന്റ് പരക്കെ പ്രശംസിക്കപ്പെട്ടു.
എസ്.ഐ.എസ്.എഫ് വൈദ്യുതി ഭവനിൽ വരുന്നത് ഒരു സാഹചര്യമാക്കി സമരം വന്നു എന്നേയുള്ളൂ. നിസാരമായ രണ്ട് കാരണം പറഞ്ഞ് മുൻപും പ്രക്ഷോഭം പ്രഖ്യാപിച്ചിരുന്നു. കാരണങ്ങളിൽ ബോദ്ധ്യം വരാത്തതുകൊണ്ട് പ്രഖ്യാപിച്ചവർ തന്നെ ഉപേക്ഷിച്ചു. ട്രേഡ് യൂണിയൻ സമവാക്യങ്ങളിൽ ചിലർ കൂടുതൽ ദൈനംദിന നിയന്ത്രണം മാനേജ്‌മെന്റിന്റെ പുറത്ത് ആഗ്രഹിക്കുന്നു. അർഹമായത് പരിഗണിക്കുന്നുണ്ട്. അല്ലാത്തവ സാധിക്കുന്നില്ല. ഇതാണ് സാഹചര്യം.
ഓഫീസർ സംഘടനയും തൊഴിലാളി സംഘടനയും ഒന്നിച്ചാണ് പ്രക്ഷോഭം?
ഓഫീസർ സംഘടനയിലെ ചിലരുടെ പ്രേരണയും ക്യാംപെയ്‌നും തന്നെയാണ് പ്രക്ഷോഭത്തിന്റെ കാതൽ. ട്രേഡ് യൂണിയൻ അംഗീകാരമില്ലാത്ത സംഘടനകളെപ്പറ്റി ഹൈക്കോടതി നല്‌കിയ നിർദ്ദേശങ്ങൾ നടപ്പാക്കിയിരുന്നു. ഇതിൽ അല്പം അസ്വസ്ഥതയുണ്ട്. നിയന്ത്രണ ഉദ്യോഗസ്ഥൻ തന്റെ ചുമതലയിലുള്ള തൊഴിലാളികളുമായി ചേർന്ന് സമരം ചെയ്യുന്നത് അടിസ്ഥാനപരമായി ബോർഡിന്റെ അച്ചടക്കം തകർക്കും. സർക്കാരിന്റെ പെരുമാറ്റച്ചട്ടം 1961ൽ രൂപീകരിച്ചതാണെന്നും കാലഹരണപ്പെട്ടു എന്നുമാണ് ഒരു വാദം. സർക്കാരിനേ അതു മാറ്റുവാൻ സാധിക്കൂ. കമ്പനിക്കതിന് അധികാരമില്ല. ഇതൊക്കെ പരോക്ഷ കാരണങ്ങളാണ്.
ബോർഡിന്റെ ബിസിനസിൽ ദുർവ്യയമുണ്ട് എന്നാക്ഷേപത്തെക്കുറിച്ച് ?
ബോർഡാണ് ആദ്യമായി ഇ - വാഹനങ്ങൾ കേരളത്തിൽ അവതരിപ്പിച്ചത്. ആറെണ്ണം. പിന്നീടൊന്നും ചെയ്തില്ല. ഇപ്പോൾ ഘട്ടം ഘട്ടമായി ഡീസൽ - പെട്രോൾ വാഹനങ്ങൾ ഇലക്ട്രിക് ആക്കാൻ തീരുമാനിച്ചു. ദേശീയ ടെൻഡർ നടത്തി, കേന്ദ്ര ഏജൻസി നൽകുന്ന ലീസ് നിരക്കിലും താഴെയാണ് അറുപതോളം വാഹനം കരാർ ചെയ്തത്. ഇതുമൂലം കിലോമീറ്ററിന് അഞ്ച് രൂപ ചെലവ് കുറയും. ബാറ്ററി സ്റ്റോറേജ് സിസ്റ്റം, ദേശവ്യാപകമായി ഗ്രിഡ് തലത്തിൽ പൈലറ്റ് ചെയ്യപ്പെടുകയാണ്. നമ്മളും പൈലറ്റ് ടെൻഡർ ചെയ്തു. കേന്ദ്രസഹായം ലഭിക്കുന്ന മുറയ്ക്ക് നടപ്പാക്കും. ആർ.ഡി.എസ്.എസ് പദ്ധതിയിലും നമ്മുടെ നിർദ്ദേശമാണ് മികച്ച രീതിയിൽ വിലയിരുത്തപ്പെട്ടത്. ഇവയിലൊന്നും ഒരാക്ഷേപവും ബന്ധപ്പെട്ട ഏജൻസി ഉന്നയിച്ചിട്ടില്ല. ഉണ്ടെങ്കിൽ പരിശോധിക്കുന്നതിനും വിരോധമില്ല.
ചെയർമാന്റെ ഫേസ് ബുക്ക് പോസ്റ്റിൽ 'ഇടതുഭരണകാലത്ത് എം.എം. മണിയുടെ ജില്ലയിൽ ക്രമക്കേടു നടന്നു" എന്ന റിപ്പോർട്ടിനെക്കുറിച്ച് ?
എന്റെ പോസ്റ്റിൽ അങ്ങനെ പരാമർശമില്ല. എന്നുതന്നെയല്ല ശ്രീ. എം.എം. മണിയുടെ കാലത്ത് രണ്ടുവർഷം ഞാനായിരുന്നു ഉൗർജ്ജസെക്രട്ടറി. ഒരു അഴിമതിക്കും കൂട്ടുനിൽക്കുന്ന വ്യക്തിയല്ല ശ്രീ. എം.എം. മണി. നിസ്വനായ നേതാവാണദ്ദേഹം. എന്നാൽ ബോർഡിന്റെ സ്വത്തുക്കൾ പാട്ടം നൽകാനും മറ്റും ചില നടപടിക്രമമുണ്ട്. ചില ഉദ്യോഗസ്ഥർ അത് മറികടന്നു. അപ്പോൾ നിയമക്കുരുക്കുകളുണ്ടായി. അതാണ് സൂചിപ്പിച്ചത്. തിരുത്തേണ്ട പിശകുകളാണ് അവ. ശ്രീ. എം.എം. മണിസാറിനെ പ്രകോപിപ്പിക്കലാണ് വ്യാജവാർത്തയുടെ ഉദ്ദേശം എന്നു തോന്നുന്നു.
(ലേഖകനുമായി ഫോണിൽ സംസാരിച്ച് തയ്യാറാക്കിയത് )