valiyathura

തിരുവനന്തപുരം: കഴിഞ്ഞ വർഷമുണ്ടായ ടൗക്‌തേ ചുഴലിക്കാറ്രിൽ കേടുപാടുണ്ടായ വലിയതുറ പാലം പൂർവ അവസ്ഥയിലാക്കാനുള്ള നടപടികൾക്ക് വേഗമില്ല. ഹാർബർ എൻജിനിയറിംഗ് വിഭാഗവും കേരള മാരിടൈം ബോർഡും വിശദമായ പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല.

പാലത്തിന്റെ നിലവിലെ സ്ഥിതി സംബന്ധിച്ച് പഠിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പാലക്കാട് ഐ.ഐ.ടിയെ തുറമുഖ എൻജിനിയറിംഗ് വകുപ്പ് ചുമതലപ്പെടുത്തിയിരുന്നെങ്കിലും പഠനം ആരംഭിച്ചിട്ടില്ല. പദ്ധതിക്ക് ഭരണാനുമതി ലഭിച്ചെങ്കിലും എസ്‌റ്റിമേറ്റ് തയ്യാറാക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. എസ്‌റ്റിമേറ്റ് പൂർത്തിയായാൽ മാത്രമേ ടെൻഡർ ക്ഷണിക്കാനും തുടർനടപടികൾ സ്വീകരിക്കാനും കഴിയൂ.

നടപടിക്രമങ്ങൾ പൂർത്തിയാക്കി അടുത്ത മാസത്തോടെ ടെൻഡർ ക്ഷണിക്കാനാകുമെന്ന പ്രതീക്ഷയിലാണ് തുറമുഖ വകുപ്പ്. 2021 മേയ് 15ന് പുലർച്ചെയാണ് ചുഴലിക്കാറ്റിനെ തുടർന്ന് വൻ ശബ്ദത്തോടെ പാലം ചരിഞ്ഞത്. വിള്ളലുണ്ടായതിന് പുറമെ പാലത്തെ താങ്ങിനിറുത്തുന്ന പില്ലറുകൾ കടലിലേക്ക് താഴുകയും ചെയ്‌തു. അപകടസാദ്ധ്യതയെ തുടർന്ന് അന്നുമുതൽ പാലം സന്ദർശിക്കുന്നതിന് അധികൃതർ വിലക്കേർപ്പെടുത്തിയിരുന്നു.

 ബ്രൈട്ടൺ വെസ്‌റ്റും വലിയതുറ പാലവും

വലിയതുറയിൽ ആദ്യമുണ്ടായിരുന്ന ഇരുമ്പുപാലം 1947കപ്പൽ ഇടിച്ച് തകർന്നതിനെ തുടർന്നാണ് ഇന്നത്തെ പാലം നിർമിച്ചത്. 1947 നവംബർ 23ന് വലിയതുറയിൽ ചരക്കുകപ്പൽ അടുക്കുമെന്ന വിവരത്തെ തുടർന്ന് നാട്ടുകാരും തുറമുഖ തൊഴിലാളികളുമുൾപ്പെടെ നൂറ് കണക്കിനുപേർ എത്തിയിരുന്നു. കടൽപ്പാലം ലക്ഷ്യമാക്കി വന്ന എസ്.എസ് പണ്ഡിറ്റ് എന്ന ചരക്കുകപ്പൽ ശക്തമായ തിരമാലകളിൽപ്പെട്ട് നിയന്ത്രണം നഷ്ടമായി പാലത്തിൽ വന്നിടിച്ചു.

ഇടിയുടെ ആഘാതത്തിൽ പാലം കുറുകെ മുറിഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ കടലിൽ വീണു. അപകടത്തിൽ അഞ്ചുപേർ മരിക്കുകയും ചെയ്തു. ഇരുമ്പുപാലം തകർന്നതോടെ നൂറ്റാണ്ടുകളായി വലിയതുറയിലുണ്ടായിരുന്ന കയറ്റിറക്കുമതി സ്‌തംഭിക്കുകയും കച്ചവടം കൊച്ചിയിലാവുകയും ചെയ്തു. പിന്നീട് 1956 ഒക്ടോബറിൽ 1.10 കോടി രൂപ ചെലവിട്ടാണ് 703 അടി നീളത്തിലും 24 അടി വീതിയിലും പുതിയ പാലം നിർമ്മിച്ചത്.