
വീടും അതിരിക്കുന്ന സ്ഥലവും തീറാധാരം വാങ്ങിയാൽ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശത്തിന് പിന്നെയും തദ്ദേശസ്ഥാപനത്തിന്റെ ദയാവായ്‌പിനായി നടക്കേണ്ടിവരുന്നത് ഗതികേടു തന്നെയാണ്. ഇതിനൊക്കെ ഭാരിച്ചതുക കൈക്കൂലി നൽകേണ്ടിവരുന്നതാകട്ടെ അതിനേക്കാൾ വലിയ നിയമ - നീതി നിഷേധവും. വാങ്ങിയ വസ്തുവിന്റെ പോക്കുവരവു നടത്തിക്കിട്ടാൻ വില്ലേജ് ഓഫീസുകളിൽ പലതവണ കയറിയിറങ്ങേണ്ടിവരുന്നത് പുതിയ കാര്യമല്ല. ഇതിനൊക്കെയുള്ള ഫീസ് മുൻകൂറായി വസ്തു രജിസ്ട്രേഷൻ സമയത്ത് ഈടാക്കുന്നുണ്ട്. റവന്യൂ ഓഫീസുകളിൽ നേരിട്ടു ചെല്ലാതെ ഒട്ടേറെ സേവനങ്ങൾ ഓൺലൈൻ വഴി ലഭ്യമാക്കാൻ നടപടിയെടുത്ത ശേഷവും ജനങ്ങളുടെ ബുദ്ധിമുട്ട് പൂർണമായും ഇല്ലാതായിട്ടില്ല. ഓൺലൈൻ വഴി ലഭിക്കുന്ന സേവനങ്ങൾ സംബന്ധിച്ച് അവരിൽ ഭൂരിപക്ഷത്തിനും വേണ്ടത്ര അറിവില്ലാത്തതാണ് പ്രധാന കാരണം.
കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റിനൽകാൻ കൈക്കൂലി വാങ്ങുന്നതിനിടെ തിരുവല്ല കടപ്ര പഞ്ചായത്ത് ഓഫീസിലെ സീനിയർ ക്ളർക്ക് പ്രദീപ്‌കുമാറിനെ വിജിലൻസ് വിഭാഗം അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. ഉയർന്ന ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥനാണ് ഈ കേസിൽ അറസ്റ്റിലായിരിക്കുന്നത്. വസ്തുവും കെട്ടിടവും വാങ്ങാൻ തന്നെ ഉടമ വലിയവില നൽകിയിട്ടുണ്ടാകണം. പുറമേ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശത്തിനായി തദ്ദേശസ്ഥാപനത്തെ സമീപിക്കേണ്ടിവരുമ്പോൾ കൈക്കൂലിയും നൽകേണ്ടിവരുന്നത് കാലങ്ങളായി പിന്തുടർന്നുവരുന്ന വ്യവസ്ഥിതിയുടെ ഇരുണ്ടമുഖമാണ്. കുറഞ്ഞസമയം കൊണ്ട് ചെയ്തുകൊടുക്കാവുന്ന സേവനത്തിന് അറസ്റ്റിലായ ഉദ്യോഗസ്ഥൻ വസ്തു ഉടമയായ സ്‌ത്രീയോട് ആവശ്യപ്പെട്ടത് നാല്പതിനായിരം രൂപയാണ്. വിലപേശി ഒടുവിൽ ഇരുപത്തയ്യായിരമായി സമ്മതിപ്പിച്ചു. ആദ്യഗഡുവായി പതിനായിരം രൂപ നൽകുകയും ചെയ്തു. ശേഷിക്കുന്ന തുകയ്ക്കായി നിർബന്ധം ചെലുത്തിയപ്പോഴാണ് അവർ വിവരം വിജിലൻസിനെ അറിയിച്ചതും ഉദ്യോഗസ്ഥൻ പിടിയിലായതും.
സർക്കാർ ഓഫീസുകൾ തുറന്നുവച്ചിരിക്കുന്നത് ജനങ്ങൾക്ക് ആവശ്യമുള്ള സേവനങ്ങൾ നൽകാനാണ്. സേവനത്തിന് പ്രതിഫലം ആവശ്യപ്പെടാൻ ഉദ്യോഗസ്ഥർക്ക് യാതൊരു അവകാശവുമില്ല. കൈക്കൂലി ശിക്ഷാർഹമായ കുറ്റവുമാണ്. എന്നാലും ജനങ്ങൾ അധികം ഇടപഴകേണ്ടിവരുന്ന പല ഓഫീസുകളിലും കൈക്കൂലി എന്ന മഹാവിപത്ത് പലരൂപത്തിലും നിലനിൽക്കുന്നുണ്ട്. കൈക്കൂലി വാങ്ങുന്നതുപോലെ കൊടുക്കുന്നതും ശിക്ഷാർഹമാണ്. ഇരുചെവി അറിയാതെയാകുമല്ലോ കൊടുക്കൽ വാങ്ങലുകൾ. പതിനായിരത്തിൽ ഒന്നോ പത്തോ ആകും പിടിക്കപ്പെടുന്നത്. അപേക്ഷകളിൽ തീർപ്പു വൈകുന്നത് അഴിമതിക്കുള്ള കളമൊരുക്കലാണ്. തീരുമാനം വൈകുമ്പോൾ ആവശ്യക്കാർ അന്വേഷിച്ചെത്തും. ഉടനടി സേവനം ഉറപ്പാക്കാനായാൽ കൈക്കൂലിക്കുള്ള അവസരവും ഇല്ലാതാകും. എന്നാൽ അതൊക്കെ അത്ര എളുപ്പമുള്ള സംഗതിയൊന്നുമല്ലല്ലോ. അവകാശങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് ബോധമുള്ളതുപോലെ തന്നെ ജനങ്ങൾക്കും സേവനാവകാശത്തെക്കുറിച്ച് ബോധം വരേണ്ട കാലമാണിത്. സേവനം മനഃപൂർവം വൈകിപ്പിച്ച് കൈമടക്ക് ആവശ്യപ്പെടുന്നവരെ കുടുക്കാൻ ജനങ്ങൾതന്നെ മുന്നോട്ടുവരണം. ഇത്തരത്തിൽ പിടിയിലാകുന്നവരെ സർവീസിൽ നിന്നു കൈയോടെ പുറത്താക്കാൻ നടപടിയുണ്ടാകുമെങ്കിൽ ഈ സാമൂഹ്യ വിപത്ത് ഒരു പരിധിവരെ നിയന്ത്രിക്കാനാകും. ഉദ്യോഗസ്ഥർക്ക് മാന്യമായി ജീവിക്കാനാവശ്യമായ ശമ്പളം സർക്കാർ നൽകുന്നുണ്ട്. കൈക്കൂലി കൂടി വാങ്ങി കുടുംബം പോറ്റേണ്ട ഗതി എന്തായാലുമില്ല. അതൊരു ശീലമായി കൊണ്ടുനടക്കുന്നവരുണ്ടെങ്കിൽ കണ്ടെത്തി പിടിച്ചു പുറത്താക്കുകതന്നെ വേണം. ജനങ്ങളുടെ പൂർണപിന്തുണ അതിനു ലഭിക്കും.