
വക്കം: ലക്ഷങ്ങൾ ചെലവഴിച്ച് നവീകരിച്ച വക്കം വെളിവിളാകം ക്ഷേത്രത്തിന്റെ കുളത്തിലെ ചെളി നീക്കണമെന്ന ആവശ്യം ശക്തം. ക്ഷേത്രക്കുളം നവീകരിക്കാൻ അടുത്തിടെ 11.45 ലക്ഷം രൂപ ചെലവഴിച്ചിട്ടും അതിന്റെ പ്രയോജനം ലഭിക്കുന്നില്ലെന്നാണ് പരിസരവാസികൾ പറയുന്നത്. കുളത്തിന്റെ നാലു വശങ്ങളും കെട്ടി സംരക്ഷിക്കുകയും റോഡിൽ നിന്നുള്ള മലിനജലം ഒഴുക്കിക്കളയാൻ ഓട നിർമ്മിക്കുകയും
ചെയ്തതൊഴിച്ചാൽ മറ്റൊന്നും നടന്നിട്ടില്ല. അശാസ്ത്രീയമായി നിർമിച്ച ഓട വിപരീത ഫലമാണ് ഉണ്ടാക്കുന്നതെന്നാണ് നാട്ടുകാരുടെ പക്ഷം. റോഡിൽ നിന്നുള്ള മലിനജലം ഓടയിൽ എത്തിക്കാൻ വേണ്ട നിർമ്മാണവും നടത്തിയിട്ടില്ല. നവീകരണം പൂർത്തിയാക്കിയെങ്കിലും കുളത്തിലേക്കിറങ്ങാനുള്ള പടിക്കെട്ടുകൾ ഇനിയും നിർമ്മിച്ചിട്ടില്ല. ശുചിത്വമിഷൻ നൽകിയ 62000 രൂപ നവീകരണത്തോടൊപ്പം പായൽനീക്കം ചെയ്യുന്നതിനാണ് വിനിയോഗിച്ചത്. എന്നാൽ കുളത്തിലെ ചെളി നീക്കാതിരുന്നത് കുളത്തെ വീണ്ടും നാശത്തിലെത്തിച്ചു. നവീകരിച്ച കുളത്തിൽ ആഴ്ചകൾക്കുള്ളിൽ വീണ്ടും പായൽ നിറയുകയായിരുന്നു. പരിസരവാസികളായ അഞ്ച് വിദ്യാർത്ഥികളുടെ ഒരാഴ്ചത്തെ അദ്ധ്വാനം കുളത്തെ വീണ്ടും പായൽ മുക്തമാക്കി. എന്നാൽ കുളത്തിലെ ആഴത്തിലുള്ള ചെളി വീണ്ടും കുളത്തെ പഴയ പോലെയാക്കുമെന്ന് നാട്ടുകാർ ഭയപ്പെടുന്നു. ശുചിത്വമിഷൻ ഇടപെട്ട് കുളത്തിലെ ചെളി നീക്കംചെയ്യാൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നടന്നത്
1. കുളത്തിന്റെ നാലു വശങ്ങളും കെട്ടി
2.റോഡിൽ നിന്നുള്ള മലിനജലം ഒഴുക്കിക്കളയാൻ ഓട നിർമ്മിച്ചു
ഇനി വേണ്ടത്
കുളത്തിലെ പായൽ നീക്കിയെങ്കിലും ചെളി ഇതുവരെ നീക്കം ചെയ്തിട്ടില്ല
ചെളി നീക്കണം
വേനൽ കടുത്തുവരുന്ന സാഹചര്യത്തിൽ കുളത്തിലെ വെള്ളത്തിന്റെ അളവ് കുറയ്ക്കും. അത് ചെളി നീക്കൽ ജോലികൾ എളുപ്പമാക്കും. കുളത്തിൽ നിന്നുള്ള ചെളി സമീപത്തെ ക്ഷേത്ര ഭൂമിയിൽ തന്നെ നിക്ഷേപിക്കുകവഴി ശുചീകരണ ചെലവ് ചുരുക്കാനും കഴിയും.
ആഴത്തിൽ ചെളി മൂടിയ വെള്ളത്തിൽ കുളിക്കാൻ ഏറെ ബുദ്ധിമുട്ടാണ്. ചെറിച്ചിലും മറ്റ് അസ്വസ്തതകളും ഉണ്ടാകുമെന്നതും ഉറപ്പാണ്.