
നെടുമങ്ങാട്: വാളിക്കോട് പേരുമല റോഡ് പൊട്ടി പൊളിഞ്ഞു തകർന്നിട്ട് നാളുകളേറെയായി. ദർശന ഹയർസെക്കൻഡറി സ്കൂൾ, പേരുമല ഐ.ടി.ഐ, മുസ്ലിം ജമാഅത്ത് എന്നിവിടങ്ങളിലേക്ക് നിത്യേന നിരവധിപേർ സഞ്ചരിക്കുന്ന റോഡാണ് തകർന്നു തരിപ്പണമായി കിടക്കുന്നത്. ഇതിനു പുറമേ നൂറുകണക്കിന് കുടുംബങ്ങളും വീടുകളിലേക്ക് യാത്രചെയ്യുന്നത് ഇതുവഴിയാണ്. ദർശന സ്കൂളിലെ വിദ്യാർത്ഥികളെയും കൊണ്ടുപോകുന്ന ബസുകൾ ഏറെ പണിപ്പെട്ടാണ് ഇതുവഴി യാത്ര ചെയ്യുന്നത്. ഇരുചക്രവാഹന യാത്രക്കാർക്ക് അപകടങ്ങൾ ഉണ്ടാവുന്നതും പതിവുകാഴ്ചയാണ്. ആശുപത്രി ആവശ്യങ്ങൾക്ക് ഓട്ടോറിക്ഷ വിളിച്ചാൽ രോഗികളുമായി ഇതുവഴിയുള്ള യാത്രയും വളരെ ഗതികേടാണ്. റോഡിന്റെ ഇരുവശങ്ങളിലും ഉണ്ടായിട്ടുള്ള കുഴികൾ വാഹനങ്ങൾ കടന്നുവരുമ്പോൾ കാൽനട യാത്രക്കാർക്ക് അപകടം ഉണ്ടാക്കുന്നു. അടിയന്തരമായി ഈ റോഡ് ടാറിംഗ് നടത്തി നാട്ടുകാരുടെയും യാത്രക്കാരുടെയും ബുദ്ധിമുട്ട് പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.