photo

നെടുമങ്ങാട്: ചുള്ളിമാനൂരിൽ പവർ ടൂൾസ് കടയിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം. ചുള്ളിമാനൂർ കൊച്ചാട്ടുകാൽ ജംഗ്ഷനിലെ ജാസിം ഏജൻസി എന്ന പവർ ടൂൾസ് കടയിലാണ് കഴിഞ്ഞ ദിവസം രാവിലെ 9 ഓടെ തീ പടർന്നത്. കട പൂർണമായും കത്തി നശിച്ചു. രാവിലെ കടയിലെത്തിയ കടയുടമ കൊച്ചാട്ടുകാൽ ജാസിം മൻസിലിൽ ഹാലിദിൻ കട തുറന്ന് മെയിൻ സ്വിച്ച് ഓൺ ചെയ്തപ്പോൾ വൻ ശബ്ദം കേട്ടതിനാൽ പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു.

തുടർന്ന് കടയിൽ തീ കത്തിപ്പടരുകയായിരുന്നു. നെടുമങ്ങാട് നിന്ന് ഫയർഫോഴ്സ് സംഘം എത്തി തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് ഏകദേശം 4 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായും 10000 രൂപയും മൊബൈൽ ഫോണും കത്തി നശിച്ചതായും കടയുടമ ഹാലിദീൻ പറയുന്നു. തൊട്ടടുത്ത് ഉണ്ടായിരുന്ന പച്ചക്കറിക്കടയ്ക്കും മെഡിക്കൽ സ്റ്റോറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്,

എന്നാൽ ഈ കടയിൽ അനധികൃത പെട്രോൾ വില്പനയുണ്ടെന്നും അതിനാലാണ് പെട്ടെന്ന് തീ പിടിക്കാൻ കാരണമെന്നും ആരോപണമുണ്ട്. തീപിടിത്തത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് വലിയമല പൊലീസ് അറിയിച്ചു.